ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Tuesday, April 13, 2010

ജമാ‍അത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 4

അദാ‌ആയി നിസ്കരിക്കുന്നവനോട് ഖളാ‌ആയി നിസ്കരിക്കുന്നവനും മറിച്ചും , ഇശാ‌അ്, ളുഹര്‍, അസ്വര്‍ എന്നിവയിലേതെങ്കിലുമൊന്നു നിസകരിക്കുന്നവന്‍ അവയില്‍‌പെട്ട മറ്റൊന്ന് നിസ്കരിക്കുന്നവനോടും , സുന്നത്ത് നിസ്കരിക്കുന്നവനോട് ഫര്‍ള് നിസ്കരിക്കുന്നവനും മറിച്ചും തുടന്ന് നിസ്കരിച്ചാല്‍ സാധുവാകുന്നതാണ്. ഇതുമൂലം ജമാ‍‌അത്തിന്റെ കൂലി നഷ്ടപ്പെടുന്നതുമല്ല. എങ്കിലും ഒറ്റക്ക് നിസ്കരിക്കലാണ് ഈ തുടര്‍ച്ചയേക്കാള്‍ പുണ്യകരം.

മുന്തുകയും പിന്തുകയും അരുത്.

മ‌അമൂം ഇമാമിനേക്കാള്‍ പ്രവൃത്തികളില്‍ മുന്‍‌കടക്കരുത്. പൂര്‍ണ്ണമായ രണ്ട് ഫര്‍ള് മുമ്പിലായാല്‍ നിസ്കാരം തന്നെ അസാധുവാകും. മറന്നോ അറിവില്ലാതെയോ ഇങ്ങനെ ചെയ്താല്‍ വിരോധമില്ല. പക്ഷേ മുന്തി ചെയ്ത ഫര്‍ളുകള്‍ പരിഗണിക്കപ്പെടുകയില്ല. ഇവ ഇമാമിനോടൊപ്പം വീണ്ടും ചെയ്യല്‍ നിര്‍ബന്ധമാണ്. മറന്നുകൊണ്ടോ മറ്റോ ഇമാമിന്റെ കൂടെ ചെയ്തില്ലെങ്കില്‍ ഇമാം സലാം വീട്ടിയ ശേഷം ഒരു റക‌അത്ത് കൂടെ നിസ്കരിക്കേണ്ടതാണ്. ഒരു പൂര്‍ണ്ണമായ ഫര്‍ള് കൊണ്ട് മാത്രമാണ് ഇമാമിനേക്കാള്‍ മുന്തുന്നതെങ്കില്‍ മ‌അമൂമിന്റെ നിസകാരം സാധുവാകുന്നതാണ്. അതോടൊപ്പം ആ പ്രവര്‍ത്തനം ഹറാമുമാണ്. ഇമാമിനേക്കാള്‍ ഒരു ഫര്‍ളിന്റെ തുടക്കം കൊണ്ട് മാത്രം മുന്തിയാലും നിസ്കാരം സാധുവാണ്. പക്ഷേ അതു കറാഹത്താണ്.

ഉദാഹരണമായി ഇമാം റുകൂ‌ഇലാകുമ്പോള്‍ മ‌അമൂം ഇ‌അതിദാലിലേക്കുയര്‍ന്നാല്‍ നിസ്കാരം സാധുവാണെങ്കിലും ആ പ്രവൃത്തി ഭൂഷണമല്ല.

ഇമാമിനേക്കാള്‍ പ്രവൃത്തികളില്‍ പിന്താന്‍ പാടില്ല. കാരണമില്ലാതെ പൂര്‍ണ്ണമായ രണ്ട് ഫര്‍ള് കൊണ്ട് ഇമാമിനേക്കാള്‍ പിന്തിയാല്‍ മ‌അമൂമിന്റെ നിസ്കാരം അസാധുവാകും. ഉദാഹരണമായി ഇമാം റുകൂ‌ഉം ഇ‌അതിദാലും കഴിഞ്ഞ് സുജൂദിലേക്ക് കുനിഞ്ഞ് കൊണ്ട് നിര്‍ത്തത്തിന്റെ അതിര്‍ത്തി വിട്ടുകടക്കുമ്പോഴും മ‌അമൂം കാരണമില്ലാതെ നിര്‍ത്തത്തില്‍ തുടരുകയാണെങ്കില്‍ അവന്റെ നിസ്കാരം അസാധുവാകുന്നതാണ്. എന്നാല്‍ ഇമാം ഇ‌അതിദാലില്‍ നിന്നൊഴിവാകുന്നതിന്റെ മുമ്പ് മ‌അമൂം റുകൂ‌ഇലെത്തുകയും ഇമാം സുജൂദില്‍ നിന്നൊഴിവാകുന്നതിന്റെ മുമ്പ് മ‌അമൂം ഇഅ‌തിദാലിലെത്തുകയും ചെയ്താല്‍ വിരോധമില്ല.

Tuesday, April 6, 2010

ജമാ‍അത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 3

ഇമാമും മ‌അ്മൂമും പള്ളിയല്ലാത്ത കെട്ടിടത്തിലായാല്‍ അവര്‍ക്കിടയില്‍ ഏകദേശം മുന്നൂറ് മുഴത്തേക്കാള്‍ കൂടുതല്‍ ദൂരമില്ലാതിരിക്കേണ്ടതാണ്. അവര്‍ക്കിടയില്‍ സ്വഫ്ഫുകളുണ്ടെങ്കില്‍ ഇമാമിന്റെയും ആദ്യ സ്വഫ്ഫിന്റെയുമിടക്കും എല്ലാ ഓരോ സ്വഫ്ഫുകള്‍ക്കിടയിലും ഈ ദൂരം പരിഗണിക്കപ്പെടും.മാത്രമല്ല, മ‌അമൂം നില്‍ക്കുന്ന സ്ഥലത്തുനിന്ന് പിന്നോട്ട് നീങ്ങാതെ സാധാരണ നടത്തം കൊണ്ട് ഇമാമിന്റെയടുത്തേക്ക് ചെന്നെത്താന്‍ കഴിയും വിധം മുമ്പില്‍ മാര്‍ഗതടസ്സമില്ലാതിരിക്കുകയും ഇമാമിന്റെയോ അല്ലെങ്കില്‍ അണികളിലുള്ള മറ്റുള്ളവരെയോ കാണുന്നതിനെ തടയുന്ന മറയില്ലാതിരിക്കുകയും വേണം. അപ്പോ‍ള്‍ അവര്‍ക്കിടയില്‍ വിരിയോ ചുമരോ വാതിലോ ഉണ്ടാവാന്‍ പാടില്ല.

പള്ളിയോ മറ്റ് കെട്ടിടങ്ങളോ അല്ലാത്ത മൈതാനിയിലാണ് ഇമാമും മ‌അമൂമുമെങ്കില്‍ അവര്‍ക്കിടയിലും മേല്‍ പറഞ്ഞ ദൂരം പരിഗണിക്കപ്പെടുന്നതാണ് ഒരാള്‍ പള്ളിയിലും മറ്റൊരാള്‍ പള്ളിയല്ലാത്തിടത്തുമായാല്‍, പള്ളിയല്ലാത്തിടത്താവുമ്പോഴുള്ള നിബന്ധനകളെല്ലാം അവിടെ പരിഗണിക്കപ്പെടുന്നതാണ്. പക്ഷെ അവര്‍ക്കിടയിലുള്ള ദൂരം കണക്കാക്കുന്നത് പള്ളിയുടെ അറ്റം മുതലാണ്. പള്ളിയുണ്ടാക്കിയ ശേഷം പള്ളിയുടെ സൌകര്യത്തിനായി ഉണ്ടാക്കിയതും പള്ളിയായി വഖഫ് ചെയ്യപ്പെടാത്തതുമായ ചെരുവുകള്‍ക്കും മറ്റും പള്ളിയുടെ നിയമം ബാധകമല്ല. അതിനാല്‍ ചെരുവില്‍ നിന്ന് പള്ളിയിലുള്ള ഇമാമിനെ തുടരുമ്പോള്‍ മേല്പറഞ്ഞ കാര്യങ്ങളെല്ലാം കണക്കിലേടുക്കേണ്ടതാണ്. തുടര്‍ച്ച സാധുവാകാനാണ് മേല്‍‍പറയപ്പെട്ടദൂരം.

ഇമാമിന്റെയും മ‌അമൂമിന്റെയും ഇടയിലോ ഇമാമിന്റെയും ആദ്യത്തെ സ്വഫിന്റെയും ഇടയിലോ മറ്റ് സ്വഫ്ഫുകള്‍ക്കിടയിലോ മൂന്ന് മുഴത്തിലധികം ദൂരമുണ്ടായാല്‍ ജമാ‌അത്തിന്റെ പ്രത്യേക കൂലി നഷ്ടപ്പെടുന്നതാണ്. ഇമാമിന്റെയും മ‌അമൂമിന്റെയും നിസ്കാരങ്ങള്‍ ഒരേ സ്വഭാവമുള്ളതാകണം. മയ്യിത്തു നിസ്കരിക്കുന്നവര്‍ ജുമു‌അ നിസ്കരിക്കുന്നവനോട് കൂടി തുടര്‍ന്നാല്‍ സാ‍ധുവാകുന്നതല്ല. ളുഹര്‍ നിസ്കരിക്കുന്നവര്‍ ജുമു‌അ നിസ്കരിക്കുന്നവനോട് കൂടി തുടര്‍ന്നാല്‍ സാധുവാകുന്നതാണ്. റക്‌അത്തിന്റെ എണ്ണം വിത്യാസപ്പെടുന്നത് കൊണ്ട് വിരോധമില്ല. ഇമാം സലാം വീട്ടിയ ശേഷം ബാക്കി റക്‌അത്തുകള്‍ പൂര്‍ത്തിയാക്കിയാല്‍ മതി.

ഇരുന്നും കിടന്നും നിസ്കരിക്കുമ്പോള്‍ നിന്ന് നിസ്കരിക്കുന്നവരോടും തയമ്മും ചെയ്തവര്‍ വുളൂ‌അ് ചെയ്ത് നിസ്കരിക്കുന്നവരോടും മറിച്ചും തുടരുന്നതിനു വിരോധമില്ല.

മ‌അമൂമുമായി നിസ്കരിക്കുന്നവനെയോ മ‌അമൂമോ അല്ലയോ എന്ന് സംശയിക്കപ്പെടുന്നവനെയോ മടക്കി നിസകരിക്കല്‍ നിര്‍ബന്ധമായവനെയോ തുടര്‍ന്നാല്‍ സാധുവകുന്നതല്ല. ഇമാമും മ‌അമൂമും ഓതാനറിയാത്തവരാണെങ്കില്‍ അന്യേന്യം തുടരുന്നതിനു വിരോധമില്ല. പക്ഷെ ഇമാമിനറിയാത്ത ഭാഗം തന്നെ മ‌അമൂമിനും അറിയാതിരിക്കണം. ഇമാമിനറിയാത്തത് മ‌അമൂമിനറിയുമെങ്കില്‍ തുടരാന്‍ പറ്റുകയില്ല.

Sunday, April 4, 2010

ജമാ‍അത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 2

അണികളോട് ഇതൊക്കെ പാലിക്കാന്‍ പറയലും അത് പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തലും ഇമാമിന് സുന്നത്താണ്.

ശേഷം ഇമാം നിയ്യത്ത് ചെയ്ത് തക്ബീര്‍ ചൊല്ലുകയും ശേഷം തുടരുന്നവരും തക്ബീര്‍ ചൊല്ലുക. (മ‌അ്മൂം ഇമാമിനോടു കൂടെ നിസ്കരിക്കുന്നു എന്നും, ഇമാം ഇമാമായി നിസ്കരിക്കുന്നു എന്നും കരുതണം. ജുമുഅ നിസ്കാരത്തില്‍ ഈ കരുത്ത് രണ്ട് കൂട്ടര്‍ക്കും നിര്‍ബന്ധമാണ് ) ശേഷം ഇമാമും മ‌അ്മൂമുകളും വജ്ജഹത്തു ഓതണം. പിന്നീട് ഇമാം ഫാത്വിഹ ഉറക്കെ ഓതുമ്പോള്‍ മ‌അമൂം അത് ശ്രദ്ധിച്ച് കേള്‍ക്കണം. ഇമാമിന്റെ ഫാ‍ത്വിഹ അവസാനിച്ച് രണ്ട് കൂട്ടരും ഒരുമിച്ച് ആമീന്‍ പറഞ്ഞതിനു ശേഷം മ‌അമൂം ഫാതിഹ പതുക്കെ ( സ്വന്തം ശരീരം കേള്‍ക്കത്തക്കവിധം )ഓതണം. ഇവര്‍ ഫാതിഹ ഓതുന്ന സമയം കഴിഞ്ഞതിനു ശേഷം ഇമാം സൂറത്ത് ഉറക്കെ ഓതണം. തുടരുന്നവര്‍ അത് ശ്രദ്ധിച്ച് കേള്‍ക്കണം. ഇമാമിനെ പിന്തുടര്‍ന്ന്കൊണ്ട് മാത്രമേ പിന്നിലുള്ളവര്‍ക്ക് എന്തും ചെയ്യാന്‍ പാടുള്ളൂ. ഇമാമിനു മുമ്പ് റുകൂഇലേക്കോ മറ്റോ പ്രവേശിച്ചുപോയാല്‍ ഉടനെ തിരിച്ചുപോരണം. എന്നിട്ട് ഇമാമിനെ പിന്തുടരണം. ഇമാമിനു വല്ല തെറ്റും പറ്റിയാല്‍ سبحان الله എന്ന് ഇമാം കേള്‍ക്കത്തക്ക വിധം മ‌അ്മൂം പറയണം.

മടമ്പുകള്‍ കൊണ്ട് ഇമാമിനേക്കാള്‍ മ‌അമൂം മുന്തി നില്‍ക്കരുത്. ഒപ്പം നില്‍ക്കല്‍ കറാഹത്തും ജമാ‌അത്തിന്റെ പ്രതിഫലം നഷ്ടപ്പെടുത്തുന്നതുമാണ്.

ഇമാമിനെയോ അണിയിലുള്ളവരെയോ കണ്ടിട്ടോ, ഇമാമിന്റെ ശബ്ദം എത്തിച്ച് കൊടുക്കുന്ന ‘മുബല്ലിഗി’ ന്റെയോ ശബ്ദം കേട്ടിട്ടോ, ഇമാമിന്റെ ചലനങ്ങള്‍ അറിയുന്നില്ലെങ്കില്‍ തുടര്‍ച്ച സാധുവാകുകയില്ല.

ഇമാമും തുടര്‍ന്ന് നിസ്കരിക്കുന്നവരും ഒരു സംഘമാണെന്ന് പറയത്തക്കവിധം ഒരു സ്ഥലത്ത് ഒരുമിച്ച് കൂടണം. ഇമാമും മ‌അ്മൂമും ഒരേ പള്ളിയിലാണെങ്കില്‍ കൂടുതല്‍ ദൂ‍രത്താകുന്നതിനോ രണ്ട് മുറികളിലാകുന്നതിനോ കെട്ടിടത്തിന്റെ രണ്ട് നിലകളിലാകുന്നതിനോ വിരോധമില്ല. പക്ഷെ ,പള്ളിയില്‍ നിന്ന് പുറത്ത് പോകാതെ സാധാരണ രൂപത്തിലുള്ള നടത്തം കൊണ്ട് മാത്രം ഇമാമിന്റെയടുത്ത് ചെന്നുചേരാനുള്ള വഴിയുണ്ടായിരിക്കണം. ഈ വഴിയില്‍ അടച്ചിട്ടതോ പൂട്ടിയതോ ആയ വാതിലുണ്ടാവുന്നതിനു വിരോധമില്ല. ഒരു സംഘമെന്നും ഒരു വീട്ടുകാരനെന്നും പറയപ്പെടാത്ത വിധം വാതിലുകള്‍ ആണിവെച്ച് ബന്ധിക്കുകയോ മുകളിലെ നിലയില്‍ കയറാനുള്ള കോണി ഇല്ലാതാവുകയോ ചെയ്യരുത്.

പള്ളിയുടെ കോണി പള്ളിയല്ലാത്ത സ്ഥലത്ത് നിന്നാണെങ്കില്‍ പള്ളിയില്‍ നിന്ന് പുറത്ത് വരാതെ ഇമാമിന്റെയടുത്ത് വരാന്‍ സാധ്യമല്ലാത്തത് കൊണ്ടും ഒരു സ്ഥലത്ത് സമ്മേളിച്ചവരായി ഗണിക്കപ്പെടാത്തത് കൊണ്ടും ആ കോണി ഫലം ചെയ്യുകയില്ല.

ജമാ‍അത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 1

ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ നബി (സ) പറയുന്നതായി കാണാം. ‘സം‌ഘടിത നിസ്കാരം ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാള്‍ ഇരുപത്തേഴിരട്ടി പുണ്യമുള്ളതാണ്'. മറ്റൊരു ഹദീസിലൂടെ നബി (സ) പറയുന്നു : എന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ അവനെത്തന്നെ സത്യം , ഞാന്‍ ഇങ്ങനെ വിചാരിച്ചുപോയി. വിറക് ശേഖരിക്കാന്‍ കല്‍പ്പിക്കുക, പിന്നീട് നിസ്കരിക്കാന്‍ കല്‍‌പ്പിക്കുക, എന്നിട്ട് ജനങ്ങള്‍ക്ക് ഇമാമായി നില്‍ക്കാന്‍ ഒരാളോട് നിര്‍ദ്ദേശിക്കുക, എന്നിട്ട് ചില ആളുകളുടെ വീടുകളിലേക്ക് പോയി ജമാ‌അത്തുകളില്‍ പങ്കെടുക്കാത്ത അവരോടൊപ്പം അവരുടെ വീടുകള്‍ അഗ്നിക്കിരയാക്കുക. ഇങ്ങനെ ചെയ്താലെന്തെന്ന് ഞാന്‍ ചിന്തിച്ച് പോയി. (ബുഖാരി, മുസ്‌ലിം) .

ഉസ്മാന്‍ (റ) നബി (സ) യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ആരെങ്കിലും ഇശാ നിസ്കാരം സം‌ഘടിതമായി നിര്‍വ്വഹിച്ചാല്‍ അവന്‍ രാത്രി പകുതി വരെ നിസ്കരിച്ചതുപോലെയാണ്. ആരെങ്കിലും സുബ്‌ഹി നിസ്കാരം സം‌ഘടിതമായി നിര്‍വ്വഹിച്ചാല്‍ അവന്‍ ഒരു രാത്രി മുഴുവ്നും നിസ്കരിച്ചത് പോലെയാണ്.

ജുമുഅ‌ നിസ്കാരം സം‌ഘടിതമായി നിസ്കരിക്കല്‍ നിര്‍ബന്ധമാണ്.

ഒറ്റക്കു നിസ്കരിക്കുന്നതും സം‌ഘം ചേര്‍ന്നു നിസ്കരിക്കുന്നതും വ്യത്യാസമുണ്ട്. സം‌ഘടിതമായി നിസ്കരിക്കുമ്പോള്‍ ചില പ്രത്യേക മുറകള്‍ പാലിക്കേണ്ടതുണ്ട്. മ‌അ‌മൂമീങ്ങളുടെ വരികള്‍ വളയരുത്. കാലിന്റെ മടമ്പുകളും ചുമലുകളും ഒരേനിലയില്‍ ആയിരിക്കണം. വരിയില്‍ അവിടവിടെ വിടവുകള്‍ ഉണ്ടാവരുത്. ആദ്യത്തെ വരി പൂര്‍ത്തിയായ ശേഷമേ മറ്റൊരു വരി തുടങ്ങാവൂ. ഒരു വരിക്കുള്ള ആളുകള്‍ പൂര്‍ത്തിയായില്ലെങ്കില്‍ ആദ്യം വരുന്നവന്‍ ഇമാമിന്റെ വലതു ഭാഗത്തും രണ്ടാമന്‍ ഇടതുഭാഗത്തും മൂന്നാമന്‍ അവരുടെ വലതുഭാഗത്തും നാലാമന്‍ അവരുടെ ഇടതുഭാഗത്തും, ഇങ്ങനെയാണ് വരി പൂര്‍ത്തിയാക്കേണ്ടത്. രണ്ടുവരികള്‍ക്കിടയിലും ഇമാമിന്റെയും ആദ്യവരിയുടേയും ഇടയിലും മൂന്നു മുഴത്തിലധികം അകലമുണ്ടാവരുത്.

ഭൌതിക രൂപത്തിലുള്ള ഐക്യം മാനസിക രൂപത്തിലുള്ള ഐക്യത്തിനു പ്രേരണ നല്‍കുന്നു. വരികള്‍ നേരെ നിറുത്താതെ തെറ്റിനില്‍ക്കുന്ന പക്ഷം നിങ്ങളുടെ മനസ്സുകളും ഭിന്നിച്ച്കൊണ്ടേയിരിക്കുമെന്ന് നബി (സ) താക്കിതു ചെയ്തു . ഇമാമോട് കൂടി നിസ്കരിക്കാനൊരുങ്ങിയാല്‍ മുന്നിലേക്ക് വരാതെ പിന്നിലേക്ക് പിന്തിനില്‍ക്കുന്നതും നബി (സ) വിരോധിച്ചിട്ടുണ്ട്. അത്തരക്കാരെക്കുറിച്ച് നബി (സ) പറഞ്ഞു. ‘ഒരു ജനത പിന്തിനില്‍ക്കുന്ന കാലത്തോളം അല്ലാഹുവും അവരെ പിന്തിച്ചു തന്നെ നിര്‍ത്തും.’

Thursday, April 1, 2010

അള്ളാഹുവിന്റെ പ്രവാചകര്‍ - 10

ത്വല‌അല്‍ ബദ്‌റു അലൈനാ ** മിന്‍ സനിയ്യാത്തില്‍ വിദാഈ
വജബശ്ശുക്ക്‌റു അലൈനാ ** മാ ദ‌ആ ലില്ലാഹി ദാഈ


കവിതാ പൂക്കള്‍ വിതറി വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുമേനി (സ)യെ സ്വീകരിച്ച മദീനക്കാരെ നമുക്കനുസ്മരിക്കാം. അന്നവര്‍ മോടിയില്‍ വസ്ത്രം ധരിച്ചിരുന്നു. ആഹ്‌ളാദ ഭരിതരായിരുന്നു. ആഘോഷത്തിമര്‍പ്പിലായിരുന്നു. 1430 വര്‍ഷം മുമ്പവര്‍ പാടിയ പാട്ടിന്റെ ഈണം ഈത്തപ്പനയോലകളുളിലൂടെ മരുഭൂമിയില്‍ ഓളങ്ങള്‍ സൃഷ്ടിക്കുന്ന ഇളം കാറ്റില്‍ അലിഞ്ഞില്ലാതായോ? ഇല്ല, അതേറ്റ് പാടാന്‍ ഭൂലോകത്തില്‍ വിശ്വാസികള്‍ എന്നും നിലനില്‍ക്കുന്നു. തിരുസന്നിധിയെ കൊതിച്ച മദീനാ നിവാസികളുടെ ഹൃദയത്തിന്റെ കയ്യൊപ്പുള്ള പാട്ടുപാടി നമുക്കീ തിരുസന്നിധിയിലേക്ക് നടന്നടുക്കം.

ചരിത്രങ്ങളിലിന്നോളം ഒരു നേതാവും അനുയായികളാല്‍ ഇത്രയധികം സ്നേഹിക്കപ്പെട്ടിട്ടില്ല. ഒരു നേതാവിനേയും ഇത്രയധികം കാലം സ്തുതികീര്‍ത്തനങ്ങളാല്‍ അഭിഷേകം ചെയ്തിട്ടില്ല. ഒരു നേതാവിന്റെ വിശ്രമ സങ്കേതത്തിലും ഇത്രയധികം അനുയായികള്‍ ഒഴുകിയെത്തിയിട്ടില്ല. ഒരു നേതാവിന്റെ നഗരവും ഇത്രയധികം ജനനിബിഡമായി അവശേഷിച്ചിട്ടില്ല.

പതിനാല് നൂറ്റാണ്ട് പിന്നിടുമ്പോള്‍ മദീന ജനബാഹുല്യത്താ‍ല്‍ വീര്‍പ്പ് മുട്ടുന്നു.അന്ന് അഖബായില്‍ വന്ന് ക്ഷണിച്ചത് മുതല്‍ മദീനയിലെത്തിയ അനുചരവൃന്ദം തിരുനബി (സ) യുടെ സാമിപ്യം അതിരറ്റ് ആഗ്രഹിക്കുന്നു. അറേബ്യയുടെ വരണ്ട ഗ്രാമങ്ങളില്‍ നിന്ന്, പൌരസ്ത്യ രാജ്യങ്ങളില്‍ നിന്ന്, കനല്‍പഥങ്ങളായ ആഫ്രിക്കന്‍ മരുനാടുകളില്‍ നിന്ന്, മഞ്ഞുപെയ്യുന്ന ധ്രുവപ്രദേശങ്ങളില്‍ നിന്ന് പതിനാല് നൂറ്റാണ്ടായി അവിരാമം തുടരുന്ന തീര്‍ത്ഥാടനം.

എന്തായിരിക്കും ഈ ജനകോടികളുടെ ഹൃദയത്തില്‍ മിടിക്കുന്നത് ? അവരുടെ കാലുകളെ നയിക്കുന്നത് ആ നഗരത്തിന്റെ സൌന്ദര്യമാണോ ? മദീന ലോകത്തിലെ വന്‍ നഗരമല്ല. മദീനയിലെ തലയെടുപ്പുള്ള ഖുബ്ബയുടെ ഹരിതാഭയോ ? കെയ്‌റോവിലും, ഡമാസ്കസിലും ബാഗ്‌ദാദിലും അം‌ബരചും‌ബികളായ മിനാരങ്ങളെത്രെയുണ്ട് !! പാരീസും ന്യൂയോര്‍ക്കുമെല്ലാം നവീന കെട്ടിട ടെക്‍നോളജിയുടെ പറുദീസയാവുമ്പോള്‍ മദീനയുടെ മാര്‍ബിള്‍ നിലങ്ങളാവില്ല സന്ദര്‍ശകരുടെ ലക്ഷ്യം. താജ്‌മഹലിന്റെ നാട്ടില്‍ നിന്ന് ദൂരെയുള്ള മദീനയിലേക്ക് മാര്‍ബിളിന്റെ ശോഭ കാണാനെത്തുമോ ?

പിന്നെയെന്താവും ? അതിരുകളില്ലാത്ത സ്നേഹം! വക്കുകള്‍ മരിക്കുന്ന പ്രേമം! ഈ സ്നേഹത്തിന്റെ ശീതളിമയായിരുന്നു ഹിജ്‌റയുടെ നാളില്‍ ശത്രുക്കളുടെ ഊരിയ വാളിന്റെ നിഴലില്‍ പ്രവാചകരുടെ (സ) കട്ടിലില്‍ അവിടത്തെ സ്ഥാനത്ത് സുഖനിദ്ര കൊള്ളാന്‍ അലി (റ) യെ പ്രാപ്തമാക്കിയത്. ‘എന്നെ തൂക്കിലേറ്റാം, കണ്ഠം ഛേദിക്കാം, ഇഞ്ചിഞ്ചായി കഷ്‌ണിക്കാം, എനിക്കത് പ്രശ്‌നമേയല്ല. പക്ഷേ എന്റെ സ്നേഹനിധി അന്ത്യപ്രവാചകന്റെ (സ) കാലില്‍ ഒരു മുള്ളു തറക്കുന്നത് പോലും എനിക്ക് സഹിക്കാനാവില്ല‘ എന്ന് തൂക്കുമരച്ചുവട്ടില്‍ നിന്ന് പാടിയ ഖുബൈബിന്റെ (റ) ഹൃദയത്തില്‍ മരണവേളയിലും കവിത വിടര്‍ന്നത് ഈ സ്നേഹത്തിന്റെ കരുത്ത് കൊണ്ടായിരുന്നു.


يٰا رَبِّ باِلْمُصْطَفَى بَلِّغْ مَقَاصِدَنَا -- وَاغْفِرْ لَنٰا مٰا مَضٰى يٰا وٰاسِـعَ الْكَرَمِ
مَـوْلاٰيَ صَلِّ وَسَلِّمْ دٰائِماً أَبَداً -- عَلَى حَبِيبِكَ خَيْـرِ الْخَلْقِ كُلِّهِمِ

അള്ളാഹുവിന്റെ പ്രവാചകര്‍ - 9

മനസ്സിന്റെ അന്നം, ആത്മാവിന്റെ ആഹാരം, കണ്ണിന്റെ കുളിര്‍മ ഇതെല്ലാമാണ് സ്നേഹം. അതിനാല്‍ സ്നേഹം നിഷേധിക്കപ്പെടുന്നത് ജീവന്‍ നിഷേധിക്കപ്പെടുന്നതിന് തുല്യമായിരിക്കും. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നവനാണ് മനുഷ്യന്‍. സ്നേഹിക്കപ്പെടാനുള്ള ആഗ്രഹത്തേക്കാള്‍ ശക്ത്മായിരിക്കും സ്നേഹിക്കാനുള്ള ആഗ്രഹം. പക്ഷേ അദൃശ്യനായ അല്ലാഹുവിനേയും മരിച്ചുപോയ നബി (സ) യെയും എങ്ങനെ സ്നേഹിക്കാനാകുമെന്ന് സംശയിക്കുന്നവരുണ്ട്. അല്ലാഹുവിനെയും നബി (സ) യെയും അനുസരിക്കുകയാണര്‍ത്ഥമെന്ന വ്യാഖ്യാനം കണ്ടുപിടിക്കുന്നിടത്തോളം വരെ ചിലര്‍ക്ക് എത്തിച്ചേരേണ്ടി വന്നത് ഈ സംശയം മൂലമാണ്.

വാസ്തവത്തില്‍ അല്ലാഹുവിനെയും നബി (സ) യേയും സ്നേഹിക്കുകയെന്നതിന് അല്ലാഹുവിനേയും നബി (സ) യേയും സ്നേഹിക്കുകയെന്ന് തന്നെയാണര്‍ത്ഥം. അനുസരിക്കുകയെന്നല്ല. അനുസരണം സ്നേഹത്തിന്റെ ഫലമായും ഭയത്തിന്റെ ഫലമായും മറ്റു പലതിന്റെ ഫലമായും മറ്റു പലതിന്റെ ഫലമായും ഉണ്ടാകാവുന്നതാണ്. എത്തരത്തിലുള്ള അനുസരണവും ഇസ്‌ലാമായി വിശേഷിപ്പിക്കുകയും ചെയ്യാം. എന്നാല്‍ സ്നേഹത്തിന്റെ ഫലമായുള്ള അനുസരണമാണ് വിശ്വാസത്തെ സമ്പൂര്‍ണ്ണമാക്കുന്നത്. നബി (സ) യോടുള്ള സ്നേഹമാണ് ഒരു വിശ്വാസിയെ നബി (സ) യില്‍ ലയിപ്പിക്കുന്നത്. നാം ഒരാളെ വിശ്വസിക്കുമ്പോഴാണ് അയാളെ അനുകരിക്കാന്‍ നമുക്ക് കഴിയുന്നത്. അനുസരണമാകട്ടെ, വിശ്വസിക്കാതെയും നടക്കും. ഏതൊരു സം‌സ്കാരത്തിന്റെയും അടിസ്ഥാനം അനുകരണമാണ്. ഇസ്‌ലാമിക സം‌സ്കാരം നബി (സ) യെ അനുകരിക്കലാണ്. അനുകരിക്കുകയെന്നാല്‍ എതിര്‍ബുദ്ധി കൂടാതെ പിന്‍പറ്റുക. അവിടന്ന് പഠിപ്പിച്ചതും പുലര്‍ത്തിയതുമായ സം‌സ്കാരത്തെ ഒരാള്‍ സ്വാം‌ശീകരിക്കുന്നത് അവിടത്തെ സ്നേഹിക്കുമ്പോഴാണ്. നബി (സ) യോടുള്ള സ്നേഹം ഹൃദയാന്തരാളത്തില്‍ സ്ഥാ‍നം പിടിച്ച് കഴിഞ്ഞാലാണ് പ്രത്യാഘാത – ഭയലേശമന്യേ അവിടത്തെ അനുകരിക്കുന്നതിന് ഒരാള്‍ തയ്യാറാകുന്നത്.

അദൃശ്യനാ‍യ അല്ലാഹുവിനേയും വഫാത്തായ നബി (സ) യേയും സ്നേഹിക്കാനാവില്ല എന്ന ധാരണ മതത്തിന്റെ ചൈതന്യമോ മനസ്സിന്റെ അവസ്ഥയോ അറിയാത്തവര്‍ക്ക് മാത്രമേ ഉണ്ടാകൂ. സ്നേഹം കൂടാതെ എങ്ങനെ അല്ലാഹുവിനെ ഒരാള്‍ക്ക് ആരാധിക്കാന്‍ പറ്റും ? സ്നേഹവും, ഭക്തിയും, ബഹുമാനവും, ഭയവും വണക്കവുമെല്ല്ലാം ചേര്‍ന്നിട്ടാണല്ലോ ആരാധനാമനസ്ഥിതിയുണ്ടാകുന്നത്. അല്ലാഹുവിനോട് അടുക്കുകയാണ് ആരാധനയുടെ ഉദ്ദേശ്യം. സ്നേഹിക്കാത്തവനോടെങ്ങനെ അടുപ്പം ആഗ്രഹിക്കാനാകും ? സ്നേഹത്തില്‍ മറ്റു മനുഷ്യരേക്കാളെല്ലാം നബി (സ) ക്കു മുന്‍‌ഗണന നല്‍കല്‍ വിശ്വാസിയെ സം‌ബന്ധിച്ചിടത്തോളം നിര്‍ബന്ധമാണെന്നാണ് പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ കാണുക. മഹാനായ ഉമര്‍ (റ) ഒരിക്കല്‍ നബി (സ) യോട് പറഞ്ഞു. ‘അല്ലാഹുവിന്റെ ദൂതരേ, എനിക്കെന്നെക്കഴിച്ചാല്‍ മറ്റെന്തിനേക്കാളും സ്നേഹം അങ്ങയോടാണ്. ഇതു കേട്ടപ്പോള്‍ അവിടന്ന് പറഞ്ഞു ; അതു പറ്റില്ല ഉമറേ, താങ്കള്‍ക്ക് താങ്കളോടുള്ളതിനേക്കാളും സ്നേഹം എന്നോടായിരിക്കണം.’ തല്‍‌ക്ഷണം ഉമര്‍ (റ) പറഞ്ഞു. ‘അല്ലാഹുവിന്റെ ദൂതരേ, എനിക്കെന്തിലുമേറെ സ്നേഹം അങ്ങയോടാണ്. എന്നോടുള്ളതിനേക്കാളും.’ അവിടന്ന് പ്രതിവചിച്ചു; ‘എങ്കില്‍ ശരി.’ ഇത് ജീവിച്ചിരിക്കുന്ന കാലത്ത് നബി (സ) യെ കണ്‍‌മുമ്പില്‍ കാണുന്നവര്‍ക്ക് മാത്രം കഴിയുന്നതാണെന്ന് വാദിക്കാനിടയുണ്ട്.

എന്നാല്‍ അബൂഹുറൈറ (റ) യെ ഉദ്ധരിച്ച് കൊണ്ട് ഇമാം മുസ്‌ലിം (റ) രേഖപ്പെടുത്തിയ മറ്റൊരു നബിവാക്യം ഈ വാദത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നു. ‘എന്നോട് തീവ്രമായ സ്നേഹമുള്ള ചിലയാളുകള്‍ എന്റെ സമുദായത്തില്‍ എനിക്ക് ശേഷമുണ്ടാകും. സ്വന്തം സ്വത്തും കൂട്ടുകുടും‌ബങ്ങളേയുമെല്ലാം ത്യജിച്ചാലും എന്നെയൊന്ന് കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന മോഹമായിരിക്കും അവര്‍ക്ക്.’

നബി (സ) യുടെ ദേഹവിയോഗത്തിന് ശേഷം അവിടന്ന് വെളിപ്പെടുത്തിയ വേദഗ്രന്ഥവും പഠിപ്പിച്ച പാഠങ്ങളും ഉപദേശിച്ച ഉപദേശങ്ങളും ഇവിടെയുണ്ട്. മുഹമ്മദ് നബി (സ) എന്ന ആളാണില്ലാത്തത്. ആ ആളിനെ കാണാനുള്ള മോഹമല്ലാതെ മറ്റൊന്നുമല്ല തീവ്രമായ പ്രവാചകസ്നേഹത്തിന്റെ താല്‍‌പര്യമായി ഈ വാക്യത്തില്‍ എടുത്തുപറഞ്ഞിരിക്കുന്നത്. നബി (സ) യുടെ ഭൌതിക ശരീരത്തിന്റെ അഭാവത്തിലാണ് അവരുടെ ഈ സ്നേഹമെന്ന് വ്യക്തം.


ആ ഹബീബിന്റെ മേല്‍ നമുക്ക് ചെല്ലാം.

وَصَـلِّ إِلـٰهِي كُلَّ يَـوْمٍ وَلَيْلَةٍ --- عَلَى أَحْمَدَ الْمُخْتٰارِ مُولَى الْفَضٰائِلُ

അള്ളാഹുവിന്റെ പ്രവാചകര്‍ - 8

അവസരോചിതമായ കാരുണ്യത്തിന്റെ പൂത്താലമായി മദീനയിലെ റൌദാ ശരീഫില്‍ വിശ്രമിക്കുന്ന തിരുനബിയുടെ പാതയിലേക്ക് നമുക്ക് നടക്കാം. കാലുകളില്ലാതെ യാത്രക്കൂലിയില്ലാതെ വഴികളുടെ ദുര്‍ഘടങ്ങളില്ലാത്തൊരു നടപ്പാത തിരുനബി(സ) ചൂണ്ടികാണിച്ചിരിക്കുന്നു. ഹൃദയഭിത്തികള്‍ പൊട്ടുമാറുസ്നേഹം നിറഞ്ഞ് തുളുമ്പുമ്പോള്‍ ചുണ്ടില്‍ വിരിയുന്ന സ്വലാത്ത് തിരുസന്നിധിയിലേക്കുള്ള ഊടുവഴിയാണ്.അല്ലാഹുവും മലക്കുകളും ചെയ്ത് കൊണ്ടിരിക്കുന്ന സ്വലാത്ത് ,സത്യവിശ്വാസത്തിന്റെ ബഹിര്‍ സ്ഫുരണമായ സ്വലാത്ത് .നമുക്കത് നമ്മുടെ അരുമ മക്കളോടൊത്ത് നമ്മുടെ പ്രിയ ഭാര്യയോടൊത്ത് ,പ്രിയ കൂട്ടുകാരോടൊത്ത് പാടാം. പറയാം.

‘തിരുനബിയുടെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവനു പത്ത് സ്വലാത്ത് ചെയ്യുന്നതാണ്’ (ഹദീസ്)


اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ رَحْمَةِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ فَضْلِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ خَلْقِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ مَا فِي عِلْمِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّـدٍ بِعَدَدِ كَلِمَاتِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ كَرَمِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ حُرُوفِ كَلاٰمِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ قَطْرِ الْأَمْطَارِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ وَرَقِ الْأَشْجَارِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ رَمْلِ الْقِفَارْ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ الْحُبُوبِ وَالثِّمَارِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ مَا أَظْلَمَ عَلَيْهِ اللَّيْلُ وَأَشْرَقَ عَلَيْهِ النَّهَارُ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ اللَّيْلِ وَالنَّهَارِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَـدَدِ مَا خَلَقْتَ فِي الْبِحَارِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ مَنْ صَلَّى عَلَيْهِ اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ مَنْ لَّمْ يُصَلِّ عَلَيْهِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ أَنْفَاسِ الْخَلاٰئِقِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ نُجُومِ السَّمٰاوٰاتِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ كُلِّ شَيْءٍ فِي الدُّنْيَا وَالآخِرَةِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ مَـا خَلَقَ رَبِّي وَأَحْصَى ° وَصَلَوٰاتُ اللهِ تَعٰالَى وَمَلاٰئِكَتِهِ وَأَنْبِيٰائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى سَيِّدِ الْمُرْسَلِينَ وَخَاتِمِ النَّبِيِّينَ وَإِمٰامِ الْمُتَّقِينَ وَقَائِدِ الْغُرِّ الْمُحَجَّلِينَ وَشَـفِيعِ الْمُذْنِبِين سَيِّدِنَا وَمَوْلاٰنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَأَزْوٰاجِهِ وَذُرِّيَّتِهِ وَأَهْلِ بَيْتِهِ وَالْأَئِمَّةِ الْمٰاضِينَ وَالْمَشَايِخِ الْمُتَقَدِّمِينَ وَالشُّهَدٰاءِ وَالصَّالِحِينَ وَأَهْلِ طَاعَتِكَ أَجْمَعِينَ مِنْ أَهْلِ السَّمَاوٰاتِ وَالْأَرَضِينَ بِرَحْمَتِكَ يٰا أَرْحَمَ الرَّاحِمِينَ يٰا أَكْرَمَ الْأَكْرَمِينَ وَالْحَمْدُ ِللهِ رَبِّ الْعَالَمِينَ