ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Tuesday, February 23, 2010

അള്ളാഹുവിന്റെ പ്രവാചകര്‍ - 2

മനുഷ്യര്‍ക്ക് മാത്രമല്ല, ജിന്നുകള്‍ക്ക് കൂടി നേതാവാകുന്നു മുഹമ്മദ് നബി (സ). ഈ ലോകത്ത് മാത്രമല്ല, പരലോകത്തും അവിടന്ന് നേതാവാണ്. സകല ഗോളങ്ങളും മലക്കുകളും ഉള്‍പ്പെടെ ബ്രഹ്മാണ്ഡ കടാഹത്തിന്റെയാകെ സൃഷ്ടിക്ക് കാരണഭൂതരാണവിടന്ന്. ഇഹലോകത്തും പരലോകത്തും മഹത്തുക്കളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് അവിടന്നാണ്. ജീവിതത്തിന്റെ മുഴുവന്‍ മണ്ഡലങ്ങളിലും ലോകത്തിനാകെ മാതൃകയായതിന്റെ കൂടെ, അലൌകികമായ അധ്യാത്മിക മണ്ഡലങ്ങളിലും അവിടത്തെ വ്യക്തിത്വം അതുല്യമായി നിലകൊള്ളുന്നു. ഇത്തരമൊരു വ്യക്തിത്വത്തിന്റെ അപദാനങ്ങള്‍ എണ്ണിത്തീര്‍ക്കാന്‍ ആര്‍ക്കു കഴിയും? എല്ലാ വാക്കുകള്‍ക്കും അതീതനായി അവിടന്ന് ഉയര്‍ന്ന് നില്‍ക്കുകയേ ഉള്ളൂ. ബുര്‍ദയുടെ കര്‍ത്താവ് ഇമാം ബൂസ്വൂരി (റ) പറയുന്നത് ശ്രദ്ധേയമാണ്.


فَإِنَّ فَضْلَ رَسـُولِ اللهِ لَيْـَس لَهُ === حَـدٌّ فَيُعْـرِبَ عَنْهُ نٰاطِـقٌ بِفَـمِ

‘ദൈവദൂതരുടെ മഹത്വത്തിന് അതിരില്ലാത്തത് കൊണ്ടത്രേ ആര്‍ക്കും വായ കൊണ്ടത് പറഞ്ഞ് തീര്‍ക്കാനാവാത്തത്

‘.നബി (സ) പറയുന്നത് കാണുക. ‘നിങ്ങളിലൊരാള്‍ക്ക് സ്വന്തം ജീവനോടും മാതാപിതാക്കളോടും മക്കളോടും എല്ലാ മനുഷ്യ രാശിയോടുമുള്ളതിനേക്കാള്‍ സ്നേഹം എന്നോടായിരിക്കുന്നത് വരെ അയാള്‍ യഥാര്‍ത്ഥ വിശ്വാസി ആകുന്നില്ലെന്ന് ഞാന്‍ എന്റെ ജീവന്റെ ഉടമസ്ഥന്റെ പേരില്‍ ആണയിട്ട് പ്രസ്താവിക്കുന്നു’.

ഇവിടെ ഒരു കാര്യം ആലോചനക്ക് വക നല്‍കുന്നു. നബി (സ) തന്നെ സ്‌നേഹിക്കാന്‍ തന്റെ അനുയായികളെ നിര്‍ബന്ധിച്ചിരിക്കുന്നതെന്താണ് ? സ്‌നേഹം നിര്‍ബന്ധിച്ച് വാങ്ങാന്‍ കഴിയുന്ന ഒന്നാണോ ? എന്താണീ തിരുവാക്യത്തിന്റെ പൊരുള്‍ ? ഓരോ മുസ്‌ലിമിനും താന്‍ എത്രത്തോളം സത്യവ്രതന്‍ ആയിരിക്കുന്നുവെന്ന് അളന്നറിയാനുള്ള ഒരു മാപകം നല്‍കിയിരിക്കുകയാണ് വാസ്തവത്തില്‍ നബി (സ) ഇത്തരമൊരു പ്രസ്ഥാവന നടത്തുക വഴി ചെയ്തിരിക്കുന്നത്. ഒരാള്‍ക്ക് നബി (സ) തന്റെ ഏറ്റവും വലിയ പ്രേമാധാരം ആകുന്നതിന്റെ മുമ്പിലുള്ള പ്രതിബന്ധം എന്താണ് ? ദൈവിക ദര്‍ശനങ്ങളുടെ ദൈവാകൃതിയായ നബി (സ) യെ തന്റെ ഹൃദയസിം‌ഹാസനത്തിലേയ്ക്ക് സ്വീകരിക്കുന്നതിന് തടസ്സമാകുന്ന സ്വാര്‍തഥ ബന്ധത്തെ അയാള്‍ പോറ്റുന്നുവെന്നതാണത്.

സ്നേഹവലയത്തിലായിരിക്കുമ്പോഴാണ് നബി (സ) ക്ക് അനുയായികളെ ഏതാജ്ഞയും സഹര്‍ഷം സ്വീകരിക്കാനുള്ള സന്നദ്ധതയോടെ സം‌ലഭ്യരാകുന്നത്. സ്വാര്‍ത്ഥ ബന്ധങ്ങള്‍ നീങ്ങിപ്പോകുന്നതോട് കൂടി സദ്‌ഗുണങ്ങളുടെ പൂര്‍ണ്ണിമയായ നബി (സ) മനസ്സിലേയ്ക്ക് സ്വതന്ത്രമായി കടന്നുവരികയായി. അതല്ലാതെ, നബി (സ) യെ സ്‌നേഹിച്ച് കൊള്ളണം ഏതൊരു മുസ്‌ലിമും എന്ന ശാഠ്യം കൊണ്ടോ അല്ലാത്ത പക്ഷം നരകത്തില്‍ എരിയേണ്ടിവരുമെന്ന് ഭീഷണികൊണ്ടോ എന്തു പ്രയോജനമുണ്ടാകാനാണ് ? അത്തരത്തിലുള്ള നിര്‍ബന്ധിത സ്‌നേഹത്തിന് എന്തു മൂല്യമാണുണ്ടാവുക ?

ഒരാള്‍ക്ക് മറ്റൊരാളുടെ ആത്മാവിലേക്ക് പ്രവേശം കിട്ടുന്നത് സ്വതന്ത്രമായ സ്നേഹം വഴിയാണ്. അതോടെ സ്‌നേഹിക്കപ്പെടുന്നവന്റെ ഏതൊരു വാക്കും സ്നേഹിക്കുന്നവന്‍ നിരുപാധികം സ്വീകരിക്കുകയും നിസ്വാര്‍ത്ഥമായി അതിന്റെ പുലര്‍ച്ചയെ കാം‌ക്ഷിക്കുകയും ചെയ്യും. അവിടെയാണ് നബി (സ) ക്കും അനുയായികള്‍ക്കുമിടയില്‍ ഏകീഭാവമുണ്ടാകുന്നത്.

ആ പുന്നാര നബി (സ) യുടെ മേല്‍ നമുക്കൊരുമിച്ച് ചെല്ലാം..


صَـلَوٰاتِي عَلَى النَّبِي وَسَلاٰمِي == وَهُوَ خَيْرُ الْأَنٰـامِ بَـدْرُ التَّمٰامِاَ

لسَّـلاٰمُ عَلَيْكَ يٰا خَيْـرَ الْأَنٰامِ == اَلسَّـلاٰمُ عَلَيْكَ يٰا بَـدْرَ التَّمٰامِ

അള്ളാഹുവിന്റെ പ്രവാചകര്‍

സൃഷ്ടിയുടെ ഏറ്റവും ഉദാത്തമായ മാതൃകയും ദൈവിക ദര്‍ശനങ്ങളുടെ അത്യുജ്ജ്വലമായ ആള്‍‌രൂപവുമാണ് സയ്യിദുനാ മുഹമ്മദ് നബി (സ). അവിടുത്തെ പ്രകീര്‍ത്തിക്കുമ്പോള്‍ സകല ദൈവിക ദര്‍ശനങ്ങളുടേയും മാനുഷികമായ പൂര്‍ണ്ണിമയെയാണ് ഒരാള്‍ പ്രകീര്‍ത്തിക്കുന്നത്. ‘അല്ലാഹുവിനെയും അവസാന ദിവസത്തെയും കാത്തിരിക്കുന്ന നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതരില്‍ ഉത്തമ മാതൃകയുണ്ട് ‘ എന്ന് മുഹമ്മദ് നബി (സ) യെ ഉദ്ദേശിച്ച് കൊണ്ട് വിശുദ്ധ ഖുര്‍‌ആനില്‍ പ്രസ്താവിച്ചിരിക്കുന്നത് കാണാം. അദൃശ്യനും അരൂപിയുമായ അല്ലാഹുവെ പ്രതിക്ഷിച്ച് ഭൂമിയില്‍ കഴിയുന്ന മനുഷ്യര്‍ക്ക് ആ‍ അല്ല്ലാഹുവിന്റെ ഗുണങ്ങളുടെ മനുഷ്യാകൃതിയായ മുഹമ്മദ് നബി (സ) യെ കണ്ടെത്തുകയാണ് മാര്‍ഗമെന്നത്രെ ഈ വാക്യം പഠിപ്പിക്കുന്നത്.

മനുഷ്യത്വത്തിന്റെ തികഞ്ഞ മാതൃകയും പരിപൂര്‍ണ്ണ രൂപവുമെന്ന നിലയിലുള്ള മുഹമ്മദ് നബി (സ) യുടെ ചരിത്രപരവും ധാര്‍മ്മികവുമായ വ്യക്തിത്വം ലോക പ്രസിദ്ധമാണ്. ഇസ്‌ലാം മതസ്ഥരും അല്ലാത്തവരുമായ ബുദ്ധിജീവികളും ചിന്തകരും ഏറെ വാഴ്ത്തിപ്പറഞ്ഞിട്ടുള്ളതാണത്.

മുഹമ്മദ് നബി (സ) യുടെ അനുപമ വ്യക്തിത്വവും അനവദ്യ ജീവിതവും അനര്‍ഘ പാഠങ്ങളും മുസ്‌ലിംകളിലും ഇസ്‌ലാമേതര മതസ്ഥരിലും ഗദ്യ കാവ്യ തല്ലജങ്ങളായി വിരിഞ്ഞത് അവരുടെ നോട്ടത്തില്‍ അവ അത്രമേല്‍ മഹത്തരവും മനുഷ്യത്വപരവും ആയതു കൊണ്ടും അവരുടെ വികരങ്ങളെ അവ അഗാധമായി സ്വാധീനിച്ചതുകൊണ്ടുമാണ്. ഒരു മതാചാര്യന്‍ എന്നതിലുപരി, മനുഷ്യത്വത്തിന്റെ സാര്‍വ്വലൌകികമായ സമ്പൂര്‍ണ്ണ ഉദാഹരണം എന്ന നിലയിലും അവിടത്തെ ആര്‍ക്കും നോക്കിക്കാണാമെന്നര്‍‌ത്ഥം.

മുസ്‌ലിംകള്‍ തങ്ങളുടെ ജീവനേക്കാള്‍ വലിയ പ്രേമഭാജനമായി മുഹമ്മദ് നബി (സ) യെ കാണുവാനും സ്വന്തം ഹൃദയത്തിലും ജീവിതത്തിലും അവിടുത്തെ കുടിപാര്‍പ്പിക്കുവാനും കല്‍പ്പിക്കപ്പെട്ടവരാണ്. അവര്‍ തങ്ങളുടെ ആത്മാവിനെ അവിടുത്തേക്ക് ഏല്‍‌പിച്ച് കൊടുക്കണം.

ഏതു നിലക്കു നോക്കിയാലും നബി (സ) ക്കു മീതെ അല്ലാഹു അല്ലാതെ ആരുമില്ല. അല്ലാഹു സൃഷ്ടാവും മറ്റാരും ഏതും സൃഷ്ടികളുമാണെങ്കില്‍ അവിടുന്ന് സര്‍വ്വ സൃഷ്ടികളിലും ഉത്തമനാകുന്നു. മനുഷ്യഗുണങ്ങള്‍ മുഴുവന്‍ അവിടെച്ചെന്നാണ് അന്ത്യം കാണുന്നത്. അവിടുന്ന് എല്ലാ നന്‍‌മകളുടേയും ആസ്ഥാനമെത്രേ. അവിടുത്തെപ്പോലെ ആരും ഉണ്ടായിട്ടില്ല. ആ നബി (സ) യുടെ മേല്‍ നമുക്ക് ഒരുമിച്ച് ചെല്ലാം.

مَـوْلاٰيَ صَلِّ وَسَلِّمْ دٰائِماً أَبَداً == عَلَى حَبِيبِكَ خَيْـرِ الْخَلْقِ كُلِّهِمِ

Thursday, February 11, 2010

ഈമാന്‍ കാര്യങ്ങളും ഇസ്‌ലാം കാര്യങ്ങളും


ഈമാന്‍ കാര്യങ്ങള്‍ ആറ്‌

1. അല്ലാഹുവില്‍ വിശ്വസിക്കുക
2. അല്ലാഹുവിന്റെ മലക്കുകളില്‍ വിശ്വസിക്കുക
3. അല്ലാഹുവിന്റെ ഗ്രന്ഥങ്ങളില്‍ വിശ്വസിക്കുക
4. അല്ലാഹുവിന്റെ പ്രവാചകന്മാരില്‍ വിശ്വസിക്കുക
5. അന്ത്യ ദിനത്തില്‍ വിശ്വസിക്കുക
6. നന്മയും തിന്മയും ആയ എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ നിന്നാണെന്നും അവന്റെ മുന്‍ നിശ്ചയം അനുസരിച്ചാണെന്നും വിശ്വസിക്കുക


ഇസ്‌ലാം കാര്യങ്ങള്‍ 5

1. أَشْهَدُ أَنْ لا إِلهَ إِلاَّ اللهُ وَأَنَّ مُحَمَّداً رَّسُولُ الله ( അല്ലാഹു അല്ലാതെ ഇലാഹില്ലെന്നും മുഹമ്മദ്‌ നബി (സ) അല്ലാഹുവിന്റെ പ്രവാചകനാണെന്നും ) എന്ന കലിമത്തുതൗഹീദ്‌ ഹൃദയത്തില്‍ വിശ്വസിച്ച്‌ നാവ്‌ കൊണ്ട്‌ വെളിവാക്കി പറയുക.

2. അഞ്ച്‌ സമയത്തെ നിസ്കാരം മുറപ്രകാരം നിലനിര്‍ത്തുക
3. സകാത്ത്‌ നല്‍കുക
4. റമദാനില്‍ വ്രതമനുഷ്ഠിക്കുക
5. കഴിവുള്ളവര്‍ ഹജ്ജ്‌ ചെയ്യുക

മൌലാന നജീബ് ഉസ്താദിന്റെ ഭാര്യ മരണപ്പെട്ടു..

മൌലാന നജീബ് ഉസ്താദിന്റെ ഭാര്യ മരണപ്പെട്ടു..

........അവരുടെ മഗ്ഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാനും, അവരുടെ പേരില്‍ മയ്യിത്ത് നിസ്കരിക്കാനും അഭ്യര്‍ത്ഥിക്കുന്നു......

ശാഹിദ

മഞ്ചേരി: കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും എസ്.വൈ.എഫ് കേന്ദ്ര സമിതി കണ്‍വീനറും കേരള സുന്നി ജമാഅത്ത് സെക്രട്ടറിയുമായ മമ്പാട് മൗലാനാ എം. നജീബ് മൗലവിയുടെ ഭാര്യ ശാഹിദ(43)അന്തരിച്ചു. മക്കള്‍: സുഹൈറ, സഫിയ, സഹ്‌ല, മുഹമ്മദ് സുഹൈല്‍, ശഹ്ദ്, അഹമ്മദ് സുഫ്‌യാന്‍, മഹ്മൂദ് സഫ്‌വാന്‍, ശംല, ഹാമിദ് സുലൈം. മരുമക്കള്‍: എ.ടി. അഹമ്മദ്കുട്ടിമൗലവി വഹബി(ദമാം), യു.മുഹമ്മദ് ഷാഫി മൗലവി ബാഖവി(വെള്ളൂര്‍), പി.ടി. യാസര്‍ അറഫാത്ത്(റിയാദ്), അബൂബക്കര്‍ മൗലവി വഹബി(തുവ്വക്കാട്). ഖബറടക്കം വെള്ളിയാഴ്ച നാലിന് മമ്പാട് പഴയ ജുമുഅത്ത്പള്ളിഖബറിസ്ഥാനില്‍.

Sunday, January 31, 2010

നല്ലവാക്ക് പറയലും സദഖ: തന്നെയാകുന്നു.

അബൂ ഹുറൈറ(റ)ല്‍ നിന്ന് നിവേദനം : നബി(സ) പറഞ്ഞു: മനുഷ്യ ശരീരത്തിലെ ഓരോ സന്ധിയുടെ പേരിലും ദിനം പ്രതി ചില സദഖ:കള്‍ ചെയ്യേണ്ടതുണ്ട്.രണ്ടുപേര്‍ക്കിടയില്‍ നീതി ചെയ്യല്‍ സദഖ:യാണ്.ഒരു മനുഷ്യനെ വാഹനത്തില്‍ കയറാന്‍ സഹായിക്കലും അഥവാ അവന്റെ ചരക്ക് വാഹനത്തില്‍ കയറ്റാന്‍ സഹായിക്കലും സദഖ:യാ‍ണ്നല്ലവാക്ക് പറയലും സദഖ: തന്നെയാകുന്നു.നമസ്കാരത്തിനായി (ഥവാഫ്, രോഗസന്ദര്‍ശനം, മയ്യിത്ത് സംസ്കരണം, വിദ്യതേടല്‍ മുതലായവക്കായും) പോകുമ്പോള്‍ വെക്കുന്ന ഓരോ ചവിട്ടടിയും സദഖ: തന്നെ.വഴിയില്‍ നിന്ന് ഉപദ്രവവസ്തുക്കള്‍ നീക്കം ചെയ്യലും സദഖ: ആണ്..

ബുഖാരി : കിതാബുസ്വുല്‍ഹി, കിതാബുല്‍ ജിഹാദ്
മുസ്ലിം : കിതാബു സ്വകാ‍ത്ത്

ജമാ’അത്തിന്റെ ശ്രേഷ്ടത....

ഇബ്നു ഉമര്‍(റ)ല്‍ നിന്ന് നിവേദനം : നബി(സ) പറഞു : സംഘമായി(ജമാ’അത്തായി) നമസ്കരിക്കല്‍ തനിച്ചു നമസ്കരിക്കുന്നതിനേക്കാള്‍ ഇരുപത്തി ഏഴ് ഇരട്ടി ശ്രേഷ്ടതയുള്ളതാകുന്നു

ബുഖാരി : കിതാബുല്‍ അദാന്‍
മുസ്ലിം : കിതാബുല്‍ മസാജിദ്

Tuesday, January 5, 2010

ഈമാനിന്റെ ശാഖകള്‍

അബൂഹുറൈറ (റ)ല്‍ നിന്ന് നിവേദനം : നബി(സ) പറഞ്ഞു : എഴുപതില്പരം(മറ്റൊരു റിപ്പോര്‍ട്ടില്‍ അറുപത് എന്നുമുണ്ട്) ശാഖകള്‍ ഉള്ളതാണ് ഈമാന് (സത്വവിശ്വാസം).‍ അതില്‍ ഏറ്റവും ശ്രേഷ്ടമായത് “ലാ ഇലാഹ ഇല്ലള്ളാഹ്” (അള്ളാഹു അല്ലാതെ ആരാധ്യനില്ല) എന്ന വാക്യമാകുന്നു. അവയില്‍ ഏറ്റവും താഴ്ന്നത് വഴിയില്‍ നിന്ന് ഉപദ്രവങ്ങള്‍ നീക്കലാകുന്നു. ലജ്ജ സത്വവിശ്വാസത്തിന്റെ ഒരു ശാഖയാണ്.***

ബുഖാരി : കിതാബുല്‍ ഈമാന്‍
മുസ്ലിം : കിതാബുല്‍ ഈമാന്‍

*** വാസ്തവമാക്കല്‍ എന്നാല്‍ “ഈമാന്റെ” ഭാഷാര്‍ത്ഥം അള്ളാ‍ഹുവിങ്കല്‍ നിന്ന് മുഹമ്മദ് നബി(സ) കൊണ്ടു വന്ന എല്ലാം വാസ്തവമാക്കുന്നതോടൊപ്പം അതനുസരിച്ചുള്ള കര്‍മ്മങ്ങള്‍ കൂടി ഉള്‍പ്പെടുന്ന‌‌‌‌‌ വിശ്വാസ, കര്‍മ്മ, സ്വഭാവ സമുച്ചയമാണ് ശറ’ഈ വ്യവഹരണത്തില്‍ ഈമാന്‍. ഹ്യദയം കൊണ്ട് വാസ്തവമാക്കുക, നാവ്കൊണ്ട് സത്യസാക്ഷ്യം വഹിക്കുക, അവയവങ്ങള്‍ കൊണ്ട് അമല്‍ ചെയ്യുക ഇവ മൂന്നും കൂടുമ്പോള്‍ മാത്രമേ ഈമാന്‍ പൂര്‍ണ്ണമാവുകയുള്ളൂ. സത്യവിശ്വാസിയില്‍ നിന്ന് മനസ്സാ-വാചാ-കര്‍മ്മണായുണ്ടാവുന്ന എല്ലാ നന്മകളും ഈമാനില്‍ നിന്നുല്‍ഭൂതമാണ്.ഇമാം അബൂഹാതിം ഇബ്നുഹിബ്ബാന്‍(റ) പറഞു : ഈ ഹദീസിന്റെ വിവക്ഷ ഞാന്‍ വിശകലനം ചെയ്തു. മൊത്തം പുണ്ണ്യകര്‍മ്മങ്ങള്‍ ഞാന്‍ എണ്ണി നോക്കുമ്പോള്‍ അവ ഹദീസില്‍ പറഞ എണ്ണത്തേക്കാള്‍ എത്രയോ കൂടുതല്‍. ഉടനെ ഞാന്‍ നബി ചര്യയിലേക്ക് മടങ്ങി. നബി(സ) ഈമാനിലുള്‍പ്പെടുത്തി പറഞ്ഞ പുണ്യങ്ങളുടെ കണക്കെടുത്തു. അപ്പോള്‍ അത് എഴുപതില്പരമില്ല. പിന്നെ ഞാന്‍ വിശുദ്ധ ഖുര്‍‘ആന്‍ അവ ഗാഡമായി ചിന്തിച്ചു പാരാ‍യണം ചെയ്തു. അള്ളാഹു ഈമാനിലുള്‍പ്പെടുത്തിയ പുണ്യകര്‍മ്മങ്ങള്‍ എണ്ണി. അപ്പോള്‍ അത് ഹദീസില്‍ പറഞ്ഞ എണ്ണത്തില്‍ കുറവ്. അനന്തരം ഞാന്‍ ഖുര്‍’ആനില്‍ ഉള്ളവയെ ഹദീസില്‍ ഉള്ളവയോട് കൂട്ടിച്ചേര്‍ത്ത് നോക്കിയപ്പോള്‍ അള്ളാഹുവും റസൂല്‍(സ)യും ഈമാനിലുള്‍പ്പെടുത്തി പറഞ്ഞ കാര്യങ്ങള്‍ ആകെ എഴുപത്തിഒമ്പത് കിട്ടി. അതില്‍ അധികവുമില്ല കുറവുമില്ല. ഖുര്‍’ആനിലും ഹദീസിലും കൂടിയുള്ള മൊത്തം എണ്ണമാണ് നബി(സ) തല്‍ വചനത്തില്‍ പരാമര്‍ശിച്ചതെന്ന് അങ്ങനെ എനിക്ക് ബോധ്യപ്പെട്ടു (ശറഹു മുസ്ലിം)

ഈമാനിന്റെ ശാഖകള്‍
1. അള്ളാഹുവില്‍ വിശ്വസിക്കുക
2. അള്ളാഹുവിന്റെ പ്രവാചകന്മാരില്‍ വിശ്വസിക്കുക
3. മലക്കുകളില്‍ വിശ്വസിക്കുക
4. ഖുര്‍’ആനില്‍ വിശ്വസിക്കുക
5. നന്മയും തിന്മയും അള്ളാഹുവിന്റെ വിധിയും വേണ്ടുകയനുസരിച്ചാണ്‍നുണ്ടാകുന്നതെന്ന് വിശ്വസിക്കുക
6. അന്ത്യനാള്‍ കൊണ്ട് വിശ്വസിക്കുക
7. മരണാനന്തരമുള്ള പുനര്‍ജീവിതം കൊണ്ട് വിശ്വസിക്കുക
8. ഖബറുകളില്‍ പുനര്‍ജീവിപ്പിച്ചു മനുഷ്യരെ മഹ്ശറയില്‍ ഒരുമിച്ചു കൂട്ടുമെന്ന് വിശ്വസിക്കുക
9. സത്യ വിശ്വാസികളുടെ പാരത്രിക ഭവനം സ്വര്‍ഗ്ഗമാണെന്ന് വിശ്വസിക്കുക
10. അള്ളാഹുവിനെ സ്നേഹിക്കല്‍
11. അള്ളാഹുവിനെ സംബന്ധിച്ചുള്ള ഭയം
12. അള്ളാഹുവിനെ സംബന്ധിച്ച് “റജാ‍അ”(പ്രത്യാശ)
13. അള്ളാഹുവിന്റെ മേല്‍ ഭരമേല്‍പ്പിക്കല്‍ (തവക്കുല്‍)
14. നബി(സ)യെ സ്നേഹിക്കല്‍
15. നബി(സ)യെ മഹത്വപ്പെടുത്തലും ആദരിക്കലും
16. അഗ്നിയില്‍ എറിയപ്പെടല്‍ സത്യനിഷേധത്തേക്കാള്‍ അഭികാമ്യമാകുമാര്‍ മത നിഷ്കര്‍ഷ പാലിക്കുക
17. മത വിജ്ഞാനം കരസ്ഥമാക്കുക
18. വിജ്ഞാനം പ്രചരിപ്പിക്കുക
19. ഖുര്‍’ആന്‍ പഠിച്ചും പഠിപ്പിച്ചും അതിലെ വിധിവിലക്കുകള്‍ പാലിച്ചും ഹലാല്‍-ഹറാമുകളെ ഗ്രഹിച്ചും ഖുര്‍’ആന്‍ ഹ്യദിസ്ഥമാക്കിയവരെ ആദരിച്ചും ഖുര്‍’ആനിനെ ബഹുമാനിക്കുക.
20. ശുദ്ധീകരണം
21. നമസ്കാരം
22. സകാത്ത്
23. നോമ്പ്
24. ഇഅതിക്കാഫ്
25. ഹജ്ജ്
26. ധര്‍മ്മ സമരം
27. അള്ളാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമര സജ്ജരാവല്‍
28. സമര മുഖത്ത് നിന്ന് പിന്തിരിയാതെ ശത്രുവിന്റെ മുമ്പില്‍ സ്ഥൈര്യം പ്രകടിപ്പിക്കല്‍
29. ഗനീമത്ത്(സമരാര്‍ജ്ജിത ധനം)ല്‍ നിന്ന് 5ല്‍ ഒരു ഭാഗം ഇമാമിന്‍ നല്‍കല്‍
30. അള്ളാഹുവിന്റെ പ്രതിഫലം കാംക്ഷിച്ച് അടിമകളെ മോചിപ്പിക്കല്‍
31. അക്രമം മൂലം നിര്‍ബന്ധമാകുന്ന പ്രായശ്ചിത്തം വീട്ടല്‍
32. ഉടമ്പടികള്‍ പാലിക്കല്‍
33. അള്ളാഹുവിന്റെ അപാരമായ അനുഗ്രഹങ്ങള്‍ അനുസ്മരിക്കലും അതിന്‍ നന്ദി പ്രകടിപ്പിക്കലും
34. കളവ്, പരദൂ‍ഷണം, ഏഷണി മുതലായ നിക്യഷ്ടവും അനാവശ്യവുമായ കാരങ്ങളെ തൊട്ട് നാവിനെ സൂ‍ക്ഷിക്കല്‍
35. വിശ്വസ്ഥത പാലിക്കല്‍
36. വിശ്വസിച്ചേല്പിക്കപ്പെട്ട വസ്തുക്കള്‍ അതിന്റെ ഉടമസ്ഥര്‍ക്ക് തിരിച്ചു കൊടുക്കല്‍
37. അള്ളാഹു നിഷിദ്ധമാക്കിയ ദേഹത്തെ വധിക്കാതിരിക്കല്‍
38. അതിനെ അക്രമിക്കാതിരിക്കല്‍
39. അവിഹിതമായ ലൈംഗിക വേഴ്ചകള്‍ പരിത്യജിച്ച് പാതിവ്രതം പാലിക്കല്‍
40. മോഷണം, കൊള്ള കൈക്കൂലി തുടങ്ങിയ നിഷിദ്ധമാര്‍ഗ്ഗത്തിലൂടെ ധനം സമ്പാതിരിക്കല്‍
41. അനുവദനീയമല്ലാ‍ത്ത ഭക്ഷണ പാനീയങ്ങളെതൊട്ട് സൂക്ഷമത പാലിക്കല്‍
42. നിഷിദ്ധമാക്കപ്പെട്ട വേഷവിധാനങ്ങളും, പാത്രങ്ങളും, ഉടയാടകളും ആഭരണങ്ങളുമെല്ലാം ഉപേക്ഷിക്കല്‍
43. ശറ’ഇന്ന് വിരുദ്ധമായ കളിവിനോദങ്ങളെ വര്‍ജ്ജിക്കല്‍
44. ചിലവ് ചുരുക്കലും നിഷിദ്ധമായ ധനം ഭക്ഷിക്കാതിരിക്കലും
45. അസൂയ വെക്കാതിരിക്കല്‍
46. മറ്റുള്ളവരുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കാതിരിക്കല്‍
47. ലോകമാന്യം വരാതിരിക്കാന്‍ അമലുകള്‍ ആത്മാര്‍ത്ഥതാ നിര്‍ഭരമാക്കല്‍
48. നന്മ ചെയ്താല്‍ സന്തോഷിക്കലും തിന്മ ചെയ്താല്‍ ദുഖിക്കലും
49. എല്ലാ പാപത്തിനും പശ്ചാതപിക്കല്‍
50. ഹജ്ജിനോടനുബന്ധിച്ച ബലി, ഹഖീഖ, ഉള്ഹിയത്ത് മുതലായവ അറുത്ത് പുണ്യം ചെയ്യല്‍
51. പണ്ഡിതന്മാരെ അനുസരിക്കല്‍
52. ഭിന്നിച്ചു ഒറ്റപ്പെട്ടു പോവാതെ മുസ്ലിം സമൂഹം ഏതൊന്നിന്മേലാണോ അത് അവലംബിക്കുക
53. ജനങ്ങള്‍ക്കിടയില്‍ നീതി കൊണ്ട് വിധിക്കുക
54. നന്മ കൊണ്ട് ഉപദേശിക്കലും തിന്മയെ വിരോധിക്കലും
55. നന്മക്കും തഖ്’വാക്കും പരസ്പരം സഹായിക്കുക
56. ലജ്ജ
57. മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യുക
58. കുടുംബ ബന്ധം ചേര്‍ക്കുക
59. സല്‍ സ്വഭാവം ഉള്‍ക്കൊള്ളുക
60. ഉടമസ്ഥതയില്‍ ഉള്ളവര്‍ക്ക് ഗുണം ചെയ്യുക
61. അടിമ യജമാനനെ അനുസരിക്കുകയും അവന് വഴിപ്പെടുകയും ചെയ്യുക
62. കളത്രപുത്രാദികളോടുള്ള കടമകളും ബാധ്യതകളും നിര്‍വ്വഹിക്കുക, അവര്‍ക്ക് ആവശ്യമായ ദീനി വിജ്ഞാനവും സംസ്കാരവും പഠിപ്പിക്കലും ഇതില്‍ ഉള്‍പ്പെടും
63. മതത്തിന്റെ വക്താക്കളോട് സാമീപ്യ ബന്ധം പുലര്‍ത്തുകയും അവരെ സ്നേഹിക്കുകയും ചെയ്യുക. പരസ്പരം സലാം പറയുക, ഹസ്തദാനം ചെയ്യുക മുതലായ സ്നേഹാത്മക കാര്യങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നതാണ്
64. സലാം മടക്കുക
65. രോഗ സന്ദര്‍ശനം
66. മുസ്ലിംകളില്‍ നിന്ന് മരിച്ചവരുടെ മേല്‍ നമസ്കരിക്കുക
67. തുമ്മിയവന്‍ “അല്‍ഹംദുലില്ലാഹ്” എന്ന് പറഞ്ഞാല്‍ “യര്‍ഹമക്കുള്ളാ‍ഹ്” എന്ന് പറഞ്ഞ് അവന് അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക
68. അവിശ്വാസികളോടും നാശകാരികളോടും അകന്ന് നില്‍ക്കുക
69. അയല്‍’വാസിയെ ആദരിക്കുക
70. അഥിതികളെ ബഹുമാനിക്കുക
71. സത്യവിശ്വാസികളുടെ പാപങ്ങള്‍ മറച്ചു വെക്കുക, അത് പരസ്യപ്പെടുത്തരുത്
72. ആപത്തുകളില്‍ ക്ഷമ അവലംബിക്കുക, ശരീരേഛകളെ നിയന്ത്രിച്ച് ക്ഷമ കൈക്കൊള്ളലും ഇതില്‍ പെടും
73. ആഗ്രഹം കുറച്ച് ഐഹിക ബന്ധം മുറിക്കുക
74. അനാശാസ്യ പ്രവണതകളോട് അഭിമാന രോഷം പ്രകടിപ്പിക്കുക
75. അനാവശ്യങ്ങളില്‍ നിന്ന് പിന്തിരിയുക
76. ദാനധര്‍മ്മങ്ങള്‍ ചെയ്യുക
77. ചെറിയവരോട് കരുണ കാണിക്കുക്കയും വലിയവരെ ആദരിക്കുകയും ചെയ്യുക
78. പിണങ്ങി നില്‍ക്കുന്നവരൂടെ ഇടയില്‍ “മസ്’ഹലത്ത്” (രമ്യത) ഉണ്ടാക്കുക
79. തനിക്ക് താന്‍ ഇഷ്ടപ്പെടുന്നത് തന്റെ മുസ്ലിം സഹോദരനും ഇഷ്ടപ്പെടുക