ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Wednesday, August 10, 2011

പുലിയെ പൂച്ചയെന്ന് തോന്നാം


ഇപ്പോളിതാ ആധുനിക സമസ്ത തിരുമുടി വിഷയത്തില്‍ നേരായ വഴിക്ക് വന്ന് തുടങ്ങുന്നു. കഴിഞ്ഞ ലക്കം ബുല്‍ബുലിലെ (2011 ജൂലൈ) “തിരുകേശ വിവാദം: നല്‍കുന്ന പാഠങ്ങള്‍” എന്ന ലേഖനത്തെ പരാമര്‍ശിച്ച് കൊണ്ട് സമസ്ത മാനേജര്‍ ജ:പിണങ്ങോട് സുന്നീ അഫ്കാറിലെ തന്റെ വിചാരപഥം എന്ന കോളത്തില്‍ എഴുതിയിരിക്കുന്നു. ‘ബുല്‍ ബുല്‍ പെട്ടതാണെന്ന് ലേഖനത്തിന്റെ ശൈലിയില്‍ നിന്ന് തന്നെ ബോദ്ധ്യമാണ്’ എന്ന് പറഞ്ഞാണ് തുടക്കമെങ്കിലും എസ്.വൈ.എഫിന്റെ കോഴിക്കോട് പ്രഭാഷണം ഫലിച്ചിട്ടുണ്ടെന്ന് തെളിയിച്ച് കൊണ്ടാണ് പിണങ്ങോട് മുന്നോട്ട് നീങ്ങുന്നത്. അദ്ദേഹമെഴുതുന്നത് നോക്കുക :

“ഇല്ലാത്ത കാര്യങ്ങളെ സംബന്ധിച്ചാണ് തര്‍ക്കം. ആസാറുന്നബി സനദ് തെളിഞ്ഞില്ലെങ്കിലും ബര്‍ക്കത്ത് സാധുവാണ്. ഖസാഇസുകള്‍ക്ക്(സവിശേഷതകള്‍) ബലഹീന റിപ്പോര്‍ട്ടും മതിയാവും തുടങ്ങിയ തര്‍ക്കം പിടിക്കാത്ത ചില കാര്യങ്ങളാണ് പറഞ്ഞ് കാണുന്നത്.”-(സുന്നീ അഫ്കാര്‍-ജൂലൈ 20, പു:1, ലക്കം 43,44)

സുന്നികള്‍ക്ക് തര്‍ക്കമില്ലാത്ത ഇക്കാര്യങ്ങളില്‍ ആധുനിക സമസ്ത തര്‍ക്കമുന്നയിച്ച് വഴിതെറ്റി സഞ്ജരിച്ചത് കൊണ്ടാണല്ലോ എസ്.വൈ.എഫിന്റെ പ്രഭാഷണവും ബുല്‍ബുലിലെ ലേഖനവുമൊക്കെ വന്നത്. ജൂബിലീഹാളില്‍ ജൂണ്‍-2ന് മൌലാന നജീബ് ഉസ്താദിന്റെ പ്രസംഗം നടന്നതിന്റെ തൊട്ടു തലേന്നാള്‍ കോഴിക്കോട് വെച്ച് നടന്ന എസ്.കെ.എസ്.എസ്.എഫിന്റെ വിശദീകരണ സമ്മേളനത്തില്‍ പോലും ‘തബര്‍’റുകിന്റെ കാര്യം ദീനാണ്, അതിന് പ്രബല സനദ് വേണം’ എന്ന വാദമാണ് പ്രസംഗകള്‍ ഉയര്‍ത്തിയിരുന്നത്. അതിനു മുമ്പേ നാടുനീളെ നടന്ന ആദര്‍ശ വിശദീകരണ സമ്മേളനങ്ങളിലെല്ലാം വലുപ്പ-ചെറുപ്പ ഭേദമില്ലാതെ പ്രസംഗകര്‍പറഞ്ഞത് ഇത് തന്നെ. വിവാദമുടി തീയിലിട്ട് കരിച്ച് നോക്കി തെളിയിക്കണമെന്നും തിരുമുടിയാണെങ്കില്‍ കരിയില്ലെന്നും അല്ലെങ്കില്‍ കരിഞ്ഞ് നശിച്ചോളുമെന്നും ഉത്തരവാദപ്പെട്ട നേതാക്കള്‍ തക്ബീറിന്റെ ആരവത്തില്‍ പ്രസംഗിച്ചിരുന്നു. ടോര്‍ച്ചടിച്ചോ വെയിലത്ത് വെച്ചോ നിഴലില്ലെന്ന് തെളിയിക്കാനും വെല്ലുവിളിച്ചു. ഇതെല്ലാം ലോകര്‍ കേട്ടതും പത്രങ്ങളില്‍ വാര്‍ത്ത വന്നതുമാണ്.സമസ്ത പ്രസിദ്ധീകരണങ്ങളില്‍ തന്നെ റിപ്പോര്‍ട്ടുകളുണ്ട്. ആധുനിക സമസ്തക്കാരുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഈ പുത്തന്‍ തര്‍ക്കങ്ങളാണ് മൌലാനയുടെ പ്രസംഗത്തില്‍ പരാമര്‍ശിച്ചതും തെറ്റിദ്ധാരണ നീക്കിയതും. പിണങ്ങോടും ഇപ്പോഴാണല്ലോ ഇങ്ങനെ കുറിച്ചത്!

ഈ ലക്കത്തിലെഴുതിയ ഇതേലൈനില്‍ സമസ്തയെ മാനേജ് ചെയ്യുന്ന പിണങ്ങോട് സാഹിബ് വിഷയം വരച്ച് കൊടുത്തിരുന്നെങ്കില്‍ പ്രസംഗകര്‍ വഴിതെറ്റുമായിരുന്നില്ലല്ലോ. കാന്തപുരം മുസ്ലിയാരും അദ്ദേഹത്തിന്റെ മര്‍ക്കസില്‍ വന്ന മുടിയും സംശയാസ്പദമായത് കൊണ്ട് സനദ് വേണമെന്നും ദുരൂഹത നീക്കണമെന്നുമുള്ള പോയിന്റില്‍ സനദു ചോദ്യം മുന്നോട്ട് പോയിരുന്നെങ്കില്‍ എസ്.വൈ.എഫ് പരിപാടിയും മൌലാനയുടെ പ്രസംഗവും നടക്കുമായിരുന്നില്ല. വിശദീകരണ സമ്മേളനങ്ങളും തലയില്ലാത്ത പ്രസംഗകരും അവരെ അനുകരിക്കുന്ന ഉലമാക്കളും വിഷയം കുളമാക്കുകയും ‘തബര്‍’റുകിന് സനദ് വേണം, സനദില്ലെങ്കില്‍ തബര്‍’റുക് പറ്റില്ല’ എന്ന ഇബ്നുതൈമിയ്യയുടെയും അല്‍ബാനിയുടെയും മദ്’ഹബ് നിരന്തരം പ്രസംഗിക്കുകയും ചെയ്തതല്ലേ മൌലാന നജീബ് ഉസ്താദിന്റെ പ്രസംഗം അനിവാര്യമാക്കിയത്.? ‘ബലഹീന റിപ്പോര്‍ട്ടും മതിയാകുമെന്ന് തര്‍ക്കമില്ലാത്തതായി’ പിണങ്ങോട് ഇപ്പോള്‍ കുറിച്ച ഖസാഇസുകള്‍ വ്യാജനോ ഒറിജിനലോ തീരുമാനിക്കാനുള്ള പ്രമാണമായി ഉയര്‍ത്തിപ്പിടിക്കുന്നതും വെല്ലുവിളിക്കുന്നതും ശരിയാണോ.? അങ്ങനെ പിണങ്ങോടിന് തോന്നുന്നുണ്ടോ.? ഈ മൂന്ന് വിഷയങ്ങളല്ലേ മൌലാനയുടെ പ്രസംഗത്തില്‍ ആധുനിക സമസ്തക്കാരെ പരാമര്‍ശിച്ച് നടത്തി ഖണ്ഡിച്ചിട്ടുള്ളൂ? ഈ മൂന്നു വിഷയങ്ങള്‍ സമസ്ത പ്രസംഗകര്‍ നിരന്തരം പറഞിരുന്നത് ബോദ്ധ്യപ്പെടാന്‍ ‘പ്രസംഗ സി.ഡി കേട്ട് നോക്കണ്ട’ കുഞ്ഞാടുകളിലാരെയെങ്കിലും വിളിച്ച് ചോദിച്ചാല്‍ മതി. എസ്.വൈ.എഫ് കേന്ദ്രസമിയിതിയുടെ തീരുമാനവും വിഷയത്തില്‍ ഒരു വഴിത്തിരിവും അനിവാര്യമായിരുന്നുവെന്ന് നിഷ്പക്ഷര്‍ക്കെല്ലാം ബോദ്ധ്യമാകും. എന്നിട്ടും ജ:പിണങ്ങോട് ചോദിക്കുന്നു “ഇവിടെ സമസ്ഥാന എന്തിനാണ് വക്കാലത്തുമായി വന്നത് എന്നാണ് മനസ്സിലാവാത്തത്. കാന്തപുരം കൊണ്ട് വന്ന മുടി വ്യാജനോ ഒറിജിനലോ ഇതാണ് തര്‍ക്കം” എന്ന്.

ഇതേ പോയിന്റില്‍ നിന്നുകൊണ്ടാണ് ആധുനിക സമസ്തക്കാര്‍ പ്രസംഗിക്കുകയും എഴുതുകയും ചെയ്തിരുന്നതെങ്കില്‍ എസ്.വൈ.എഫിന്റെ പ്രസംഗത്തിലോ ബുല്‍ബുലിലെ കുറിപ്പിലോ എന്തിനാണ് പിണങ്ങോടും കൂട്ടരും അസഹ്യത കാട്ടുന്നതും വക്കാലത്ത് ആരോപിക്കുന്നതും.? ബുല്‍ബുലിന്റെ കുറിപ്പില്‍ തര്‍ക്കം പിടിക്കാത്ത കാര്യങ്ങളാണുള്ളതെന്ന് പിണങ്ങോട് തന്നെ തുടക്കത്തില്‍ കുറിച്ചല്ലോ. അതു തന്നെയല്ലേ കോഴിക്കോട് പ്രസംഗത്തിലുള്ളൂ. ഇതില്‍ നിങ്ങളുടെ തര്‍ക്കവിഷയമില്ലെന്ന് കരുതി സമാധാനം കൊള്ളരുതോ.? ‘പൊന്നു തൂക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യമെ’ന്നാണ് പിണാ‍ങ്ങോട് ചോദിക്കുന്നത്. മത്സ്യമാര്‍ക്കറ്റിലെ വേസ്റ്റുകള്‍ ജ്വല്ലറിയില്‍ വെച്ച് വില്പന നടത്തിയാല്‍ അവിടെ പൂച്ചയെത്തും. ചിലപ്പോള്‍ പുലിയെ പൂച്ചയെന്ന് തോന്നാനും മതി...

(ബുല്‍ബുല്‍ ആഗസ്റ്റ് 2011)