ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Wednesday, September 28, 2011

‘ലാ’ കട്ട വാദപ്രതിവാദം - 1

1930 കളുടെ അവസാനത്തില്‍ സുന്നികളും വഹാബികളും നാദാപുരത്ത് വെച്ച് നടന്ന വാദപ്രതിവാദത്തെക്കുറിച്ചുള്ള വിശദീകരണം... 2009 ഡിസംബര്‍, 2010 ജനുവരി മാസങ്ങളില്‍ “ബുല്‍ ബുല്‍” മാസികയില്‍ വന്ന നിവാരണം....


സംശയം : 
വഹാബിസത്തിന്റെ ആരംഭവേളയില്‍ വഹാബികളും സുന്നീ പണ്ഡിതന്മാരുമായി നടന്ന വാദപ്രതിവാദങ്ങളില്‍ പ്രസിദ്ധമാണല്ലോ നാദാപുരം വാദപ്രതിവാദം. വഹാബികള്‍ ‘ലാ’ കട്ട വാദപ്രതിവാദം എന്നാണ് ഇതിനെക്കുറിച്ച് ഇന്ന് വരെയും കേള്‍ക്കപ്പെട്ടിരുന്നത്.  എന്നാല്‍ അങ്ങനെ ഒരു സംവാദം നടന്നിട്ടില്ലെന്നും അത് സുന്നികള്‍ കെട്ടിയുണ്ടാക്കിയ നുണയാണേന്നും മുജാഹിദുകള്‍ പ്രചരിപ്പിക്കുന്നു. കൂട്ടത്തില്‍ ജമാ’അത്തെ ഇസ്ലാമിക്കാരുമുണ്ട്. പ്രസിദ്ധ ജമാ’അത്ത് നേതാവ് കെ.മൊയ്തു മൌലവിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന ഗ്രന്ഥത്തില്‍ നാദാപുരം വാദപ്രതിവാദത്തെക്കുറിച്ച് വിവരണത്തില്‍ ഇങ്ങനെ വായിക്കാം.

“.....അദ്ധ്യക്ഷന്‍ ഖുതുബിയായിരുന്നെങ്കിലും യോഗം നിയന്ത്രിച്ചത് അന്നത്തെ മലബാര്‍ ജില്ലാ പോലീസ് സൂപ്രണ്ട് കലീമുള്ളാ സാഹിബായിരുന്നു. അദ്ദേഹത്തിന്റെ ഇംഗ്ലീഷിലെ നിര്‍ദ്ദേശങ്ങള്‍ അഡ്വ. കെ.എം.സീതിസാഹിബാണ് പരിഭാഷ ചെയ്ത് കേള്‍പ്പിച്ചിരുന്നത്. ലൌഡ് സ്പീക്കര്‍ ഇല്ലതിരുന്നതില്‍ ഇരുകക്ഷികളും പറയുന്നതിന്റെ പ്രസക്തഭാഗം ഉറക്കെ വിളിച്ചു പറഞ്ഞ് കൊണ്ടിരുന്നതും അദ്ദേഹം തന്നെ.  കിതാബുകള്‍ വായിച്ചുകൊടുക്കാന് ഇ.വ മൊയ്തീന്‍ മുസ്ലിയാരും പി.പി മുഹമ്മദ് മൌലവിയും നിയമിക്കപ്പെട്ടു‍


ഒന്നാം ചോദ്യം ഉയര്‍ന്നു. ഔലിയാക്കള്‍ക്കും മരണശേഷം കറാമത്ത് ഉണ്ടാവുമോ? അതോ മരണത്തോട് കൂടി മുറിഞ്ഞ് പോവുമോ? ‘മുറിഞ്ഞ് പോവാനിടയ്ണ്ട്‘ - ഉല്പതിഷ്ണുക്കളുടെ ഭാഗത്ത് നിന്ന് ഉത്തരം നല്‍കി. തെളിവ് എവിടെ? ചോദ്യമുയര്‍ന്നു (ജ. പി.കെ മൂസ മൌലവിസാഹിബ് പുളിക്കല്‍ പറഞ്ഞപ്രകാരം അര്‍’റിസാലത്തുല്‍ അളൂദിയ്യ എന്ന പ്രാമാണിക ഗ്രന്ഥത്തില്‍ നിന്നയിരിക്കണം തെളിവുദ്ധരിച്ചത്)  “വഖീല കറാമത്തുല്‍ ഔലിയാഇ ലാ തര്‍’ഖതിയ്യ ബ’അദ മൌത്തിഹിം” ഔലിയാക്കളുടെ കറാമത്തുകള്‍ അവരുടെ മരണശേഷം മുറിഞ്ഞ് പോവുകയില്ല എന്നൌരു ഖൌല്(അഭിപ്രായം) ഉണ്ട്. ഈ വാചകത്തിന്റെ ധ്വനി, മറ്റഭിപ്രായങ്ങളനുസരിച്ച് മരണത്തോടെ കറാമത്തുകള്‍ മുറിഞ്ഞ് പോവാം എന്നാണല്ലോ, അപ്പോഴതാ മറുപക്ഷത്തു നിന്ന് ഒരു പൊടിക്കൈ പ്രയോഗിക്കുന്നു.

“ലാ എവിടെ (പരിഭാഷയില്‍ ‘ലാ’യുടെ അര്‍ത്ഥം വന്നില്ലോ) ജ. ആയഞ്ഞേരി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ അതുന്നയിച്ച് കോണ്ട് എഴുനേറ്റു. അതോടെ അപശബ്ദങ്ങള്‍ ഉയരാന്‍ തുടങ്ങി. കട്ടിലശ്ശേരി പി.കെ മുഹമ്മദ് മൌലവി എഴുന്നേറ്റ് പറഞ്ഞു : ആ വാചകത്തിന് രണ്ടു മുഖമുണ്ട്. അന്തര്‍മുഖവും ബഹിര്‍മുഖവും. അന്തര്‍മുഖം മുറിഞ്ഞ് പോകുമെന്നാണ് ഭൂരിപക്ഷ അഭിപ്രായമെന്ന് കുറിക്കുന്നു.“ അദ്ദേഹം അത് പറഞ്ഞൊപ്പിച്ചെങ്കിലും ആ വാക്കുകള്‍ ശ്രദ്ധിക്കപ്പെട്ടില്ല.

പതിരായിണക്കണക്കിന് ആളുകള്‍ തടിച്ച് കൂടിയ സദസ്സില്‍ ഉച്ചഭാഷിണി ഇല്ലാതിരുന്നാലുള്ള അവസ്ഥ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. സദസ്സ് അലങ്കോലപ്പെട്ടു. ശബ്ദം ഉയര്‍ന്നുതുടങ്ങി. ആളുകള്‍ക്ക് ഒന്നും മനസ്സിലായില്ല. വഹ്ഹാബികള്‍ തോറ്റുപോകും എന്ന ധാരണ മുമ്പ് തന്നെ ജനങ്ങളില്‍ സ്യഷ്ടിക്കപ്പെട്ടിരുന്നു. യോഗം നിയന്ത്രണം വിട്ടുവെന്ന് മനസ്സിലാക്കിയ കലീമുല്ലാ സാഹിബ് യോഗം തുടരേണ്ടതില്ലെന്ന് പ്രഖ്യാപിക്കുകയും പിരിച്ചുവിടുകയും ചെയ്തു.  സീതിസാഹിബ് അതിന്റെ പരിഭാഷയും കേള്‍പ്പിച്ചു. ജനങ്ങള്‍ നിയന്ത്രണം വിട്ടോടി. അന്തരീക്ഷമാകെ ബഹളമായിത്തീര്‍ന്നു.....” (ഓര്‍മ്മക്കുറിപ്പുകള്‍ : പേജ് 69-73)

മൊയ്തുമൌലവിയുടെ ഓര്‍മ്മകളില്‍ നിന്നെഴുതിയ ഈ കുറിപ്പ് തന്നെയാണോ പ്രസ്തുത വിഷയത്തിലെ ശരി? വഹ്ഹാബികള്‍ ‘ലാ’ കട്ട വാദപ്രദിവാദം എന്ന് സുന്നീപ്രസംഗകരും എഴുത്തുകാരും പറഞ്ഞു വരാരുള്ളത് തെറ്റാണോ? ആയഞ്ജേരി അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ പൊടിക്കൈ പ്രയോഗത്തില്‍ കുടുങ്ങി വഹാബികള്‍ അതില്‍ തോറ്റുവെന്ന് വെറുതെ പ്രചരിച്ചതാണോ..?

പ്രസ്തുത വാദപ്രദിവാദത്തിന്റെ നിജസ്ഥിതിയും പശ്ചാത്തലവും എന്താണെന്നറിഞ്ഞാല്‍ കൊള്ളാം. പുതിയ തലമുറക്ക് സത്യാവസ്ഥ മനസ്സിലാക്കാമല്ലോ. സഹാ‍യിക്കുമോ.?

നിവാരണം : 

മൊയ്തു മൌലവിയുടെ ഓര്‍മ്മകളില്‍ പല തെറ്റുകളും കടന്നുകൂടിയിട്ടുണ്ട്. ഓര്‍മ്മശക്തി കുറഞ്ഞ ആളായത് കൊണ്ട് സംഭവിച്ചതും കരുതിക്കൂട്ടി  കടത്തിക്കൂട്ടിയതെന്നു  സംശയിക്കത്തക്കതുമായ പല അബദ്ധങ്ങളും അദ്ദേഹത്തിന്റെ 'ഓര്‍മ്മക്കുറിപ്പുകള്‍' എന്ന പുസ്തകത്തില്‍ വായിക്കാം. കൂട്ടത്തില്‍ ഒന്ന് മാത്രമാണ് താങ്കളുദ്ധരിച്ച നാദാപുരം വാദപ്രതിവാദം സംബന്ധിച്ച ഓര്‍മ്മക്കുറിപ്പും.
1930 കളുടെ അവസാനത്തില്‍ നടന്ന നാദാപുരം സംവാദക്കാലത്ത് മൊയ്തു മൌലവി വളരെ ചെറുപ്പമായിരിക്കാം. അതില്‍ പങ്കെടുത്തവരും സംഭവങ്ങള്‍ കൃത്യമായി ഓര്‍മ്മയില്‍ സൂക്ഷിച്ചിട്ടുല്ലവരും ഇന്ന് ആരുമുണ്ടാവനിടയില്ല.  വല്ലവരും ജീവിച്ചിരിപ്പുണ്ടെങ്കില്‍ തന്നെ അവര്‍ അന്നേ സംഭവം കൃത്യമായി മനസ്സിലാക്കിയിട്ടില്ലാതവരോ അല്ലെങ്കില്‍ മറവി ബാധിചിട്ടുള്ളവരോ ആയിരിക്കാം. എന്നാല്‍ പ്രസ്തുത സംവാദത്തില്‍ നേരിട്ടിടപെട്ടവരും അതില്‍ ഭാഗവാക്കായവരുമായ പണ്ഡിതന്മാരും മറ്റും ജീവിച്ചിരുന്ന കാലത്ത് തന്നെ അവരുടെ വാക്കുകളില്‍ നിന്നും വിലപ്പെട്ട രേഖകളില്‍ നിന്നും ശേഖരിച്ചു കൊണ്ട് 1990 കളുടെ ആദ്യത്തില്‍ ബുല്‍ ബുല്‍ മാസികയില്‍ നാദാപുരം വാദപ്രതിവാദം വിശദമായി പ്രസിദ്ധീകരിച്ചിരുന്നു. താങ്കളുധരിച്ച ഓര്‍മ്മക്കുരിപ്പുകാരന്‍ മൊയ്തു മൌലവിയും ജീവിച്ചിരുന്ന കാലത്ത് ആണിത്. അതിന്റെ സംക്ഷിപ്തം താങ്കള്‍ക്കും വര്‍ത്തമാന തലമുറക്കും ഉപകരിക്കുമേന്നോര്ത് ഇവിടെ വിവരിക്കാം. താങ്കള്‍ ചൂണ്ടിക്കാണിച്ചത് പോലെ ഇപ്പോള്‍ പ്രസ്തുത വാദപ്രതിവാദം സംബന്ധിച്ച് പല തെറ്റായ പ്രചാരണങ്ങളും പുത്തന്‍ വാദികളുടെ ഭാഗത്ത്‌ നിന്ന് നടന്നുവരുന്നത് ഈയുള്ളവന്റെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതോര്‍ത്ത് കൊണ്ട് തന്നെയാണ് ആധികാരിക രേഖകള്‍ വെച്ചുള്ള ബുല്‍ബുലിന്റെ വിവരണം ഇവിടെ ഉദ്ധരിക്കുന്നത് .

വഹാബി  നേതാവ്  എം.അബ്ദുള്ളക്കുട്ടി ഹാജിയുടെ സുന്നികളെ കടിച്ചു കീറിയുള്ള കുറ്റിയാടിയിലെ പ്രസംഗത്തിനിടയില്‍ പതിനൊന്നു ചോദ്യങ്ങള്‍ അടങ്ങുന്ന ഒരു ചോദ്യാവലി സുന്നികളുടെ ഭാഗത്ത്‌ നിന്ന് നല്കപ്പെട്ടെങ്കിലും മൌലവി ഇതെപ്പറ്റി ഒന്നും ഉരിയാടാതെ പ്രസംഗമവസാനിപ്പിച്ചു. ഇത് സ്വന്തം അണികള്‍ക്കിടയില്‍ തന്നെ നീരസം സ്രിഷ്ടിച്ചുവെന്നരിഞ്ഞ വഹാബികള്‍ പതിനൊന്നു ചോദ്യത്തിന് മറുപടിയെന്നോണം 'വിളംബരം' എന്ന പേരില്‍ നോട്ടീസടിച്ചിറക്കി. തുടര്‍ന്ന് ഇതിന്റെ പേരില്‍ ഒരു ചര്‍ച്ചയ്ക്ക സുന്നികള്‍ വെല്ലുവിളിച്ചു ഗത്യന്തരമില്ലാതെ വഹാബികള്‍ വെല്ലുവിളി സ്വീകരിച്ചു. കുറ്റിയാടിയില്‍ വെച് വാദപ്രതിവാദം നിശ്ചയിക്കപ്പെട്ടു.

നിശ്ചയിക്കപ്പെട്ട വാദപ്രതിവാദം നടക്കാതിരിക്കാന്‍ വഹാബികള്‍ പല അടവുകളും പയറ്റി. ഇതില്‍ അവസാനത്തേത് ആയിരുന്നു വാദപ്രതിവാദം കേള്‍ക്കാന്‍ ടിക്കറ്റ്‌ ഏര്‍പ്പെടുത്തുക എന്നത്. സര്‍ക്കസ്, നാടകം എന്നിവ പോലെ ടിക്കറ്റ്‌ എടുത്തവര്‍ക്ക് മുമ്പില്‍ നടത്തേണ്ട ഒന്നല്ല മതപരമായ ചര്‍ച്ചയെന്നും പരസ്യമായി തന്നെ  വാദപ്രതിവാദം നടക്കണമെന്നും സുന്നികള്‍ ശഠിച്ചു. ഇതിനെ ചൊല്ലി 'അലസിപ്പിരിഞ്ഞു' എന്നപേരില്‍ വഹാബികള്‍ നോട്ടിസിരക്കിയപ്പോള്‍ 'വിടുകയില്ല' എന്ന് സുന്നികളും ബദല്‍ നോട്ടീസ് ഇറക്കി. കുറ്റിയാടിയിലെ സ്ഥലപരിമിതിയും അസൌകര്യവും പറഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നാദാപുരത്ത് വെച്ച് നടത്താമെന്നായി. ഇങ്ങിനെയാണ് നാദാപുരം ടൌണ്‍ ന്റെ അടുത്ത് പുളിക്കൂല്‍ പള്ളിക്ക് സമീപം വാദപ്രതിവാതത്തിനു പന്തല്‍ ഉയര്‍ന്നത്.

അന്ന് നാദാപുരം ജുമുഅത്ത് പള്ളി മുദരിസും കേരളത്തിലെ മുടി ചൂടാ മന്നനുമായ ശംസുല്‍ ഉലമ ഖുതുബി (റ) യുടെ അധ്യക്ഷതയിലായിരുന്നു വാദപ്രതിവാദം. ഇരുപക്ഷത്തും പ്രഗല്ഭരായിരുന്നു അണിനിരന്നത്. സയ്യിദ് ഖാസി കോയ തലശ്ശേരി, പ്രസിദ്ധരായ ഖാസി മേനക്കോത് ഓറുടെ മകന്‍ ഖാസി മുഹമ്മദ്‌ മുസ്ലിയാര്‍, തരക്കണ്ടിയിലെ ഓര്‍ എന്ന്  വിളിക്കപ്പെടുന്ന ആയഞ്ചേരി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, സമസ്ത പ്രസിഡന്റ്‌ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍, പാറക്കടവ് ഖാസി അബ്ദുള്ള മുസ്ലിയാര്‍, ജാതിയേരിക്കാരന്‍ എന്ന് പ്രസിദ്ധിയുള്ള  മുഹമ്മദ്‌  മുസ്ലിയാര്‍, കൊയപ്പ കുഞ്ഞായിന്‍ മുസ്ലിയാര്‍, ഫാറൂക്ക് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, തോട്ടത്തില്‍ കുഞ്ഞബ്ദുള്ള മുസ്ലിയാര്‍, മേപ്പിലാചേരി മോഇദീന്‍ മുസ്ലിയാര്‍, പാലോട്ട് മൂസ്സക്കുട്ടി ഹാജി കണ്ണൂര്‍, കരോത്ത് കുഞ്ഞബ്ദുള്ള മുസ്ലിയാര്‍, കടവത്തൂര്‍ മോഇദീന്‍ കുട്ടി മുസ്ലിയാര്‍, എടക്കാട് കുഞ്ഞമ്മദ് കുട്ടി മുസ്ലിയാര്‍, എ.സി കലന്തന്‍ മുസ്ലിയാര്‍, കുന്നപ്പള്ളി ഹൈദര്‍ മുസ്ലിയാര്‍, കണ്ണിയത് അഹ്മദ് മുസ്ലിയാര്‍, എടച്ചേരി ഇ.വി മോഇദീന്‍ മുസ്ലിയാര്‍, ഹസ്രത് ഹസ്സന്‍ കുഞ്ഞു മുസ്ലിയാര്‍ എറണാകുളം, എന്നിവരാണ്‌ സുന്നി പക്ഷത്തുള്ള പണ്ഡിതന്മാര്‍. അബ്ദുള്ളക്കുട്ടി മൌലവി, കട്ടിലശ്ശേരി മുഹമ്മദ്‌ മൌലവി, കെ.എം മൌലവി, ഉണ്ണീന്‍ മൌലവി, പി.കെ മൂസ്സ മൌലവി, പി.പി ഉണ്ണീന്‍ കുട്ടി മൌലവി, എം.സി.സി ഹസ്സന്‍ മൌലവി, എം.സി.സി അബ്ദുറഹ്മാന്‍ മൌലവി, കടവത്തൂര്‍ ടി.കെ മുഹമ്മദ്‌ മൌലവി, കെ ഉണ്ണീന്‍ മൌലവി, എന്‍  ഉബൈദുള്ള മൌലവി, പി അബ്ദുല്‍ കാദര്‍ മൌലവി, ഇ.കെ കുഞ്ഞമ്മദ് കുട്ടി മൌലവി, അല്‍ അമീന്‍ പത്രാദിപര്‍ ഇ മൊയ്തു മൌലവി, യുവലോകം മാനേജര്‍ കെ.സി കോമുക്കുട്ടി മൌലവി എന്നീ കേമന്മാര്‍ വഹ്ഹാബി പക്ഷത്തും അണിനിരന്നു. കെ.എം സീതി സാഹിബടക്കം പല പ്രമുഘരും വേദിയില്‍  അണിനിരന്നിരുന്നു. റിസേര്‍വ് പോലീസും കരുത്തുറ്റ വലണ്ടിയര്‍മരുമാടങ്ങുന്ന സേനയാണ് ജന സഹസ്രങ്ങളെ നിയന്ദ്രിച്ചത്. മലബാര്‍ പോലീസ് സൂപ്രണ്ട് ജനാബ് കലീമുള്ള സാഹിബ്‌  സ്റ്റേജില്‍ തന്നെ ഉപവിഷ്ടനായിരുന്നു.

ഒരു ഡിസംബര്‍ ഏഴാം തിയ്യതിയാണ് ഈ വാദപ്രതിവാദം നടക്കുന്നത്. സ്വാഗതസംഘം ചെയര്‍മാന്റെ പ്രസംഗത്തിന് ശേഷം പോലീസ് സൂപ്രണ്ട് കലീമുള്ള സാഹിബ്‌ സദസ്സിനെ അഭിമുഗീകരിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു "ഞാനൊരു സുന്നിയും ഷാഫിഈ മദ്ഹബുകരനുമായ മുസ്ലിമാണ്. എങ്കിലും ഈ മഹാ സഭയില്‍ നിന്ന് പുതിയ അറിവുകള്‍ നേടാമെന്ന് മോഹിച്ചാണ് എത്തിയത് നിങ്ങളും അതെ മോഹത്തോടെയാവും വന്നത് മനുഷ്യ ഹൃദയം എന്നും വിജ്ഞാനങ്ങള്‍ക്ക് കൊതിക്കുമല്ലോ.

പ്രിയപ്പെട്ടവരേ നാമോരോരുത്തരും വന്നെത്തിയത് സത്യം മനസ്സിലാക്കി സ്വയം സംതൃപ്തി നേടാനാണ് അന്യരെ ആക്ഷേപിക്കാനോ കുറ്റപ്പെടുതാനോ അല്ല. മുസല്‍മാന്മാര്‍ പരസ്പരം വിരോധം വെക്കല്‍ മഹാ പാപമാണ്. ഇവിടെ നാം ഇരുകക്ഷികളില്‍ പെട്ടവരും സഹോദരന്മാരായാണ് സമ്മേളിചിട്ടുള്ളത്. അതുപോലെ ഇവിടെ നിന്ന് പിരിയണം. ഏതെങ്കിലും ഒരു കക്ഷി പരാജയപ്പെടുകയും പിഴച്ചുവെന്ന് ബോധ്യപ്പെടുകയും ചെയ്താല്‍ അവരെ അപഹസിക്കുകയോ ദുഷിക്കുകയോ ചെയ്യരുത്. അവര്‍ക്ക് ഹിദായത്ത് ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുകയാണ് വേണ്ടത്. നമ്മുടെ ഈ സദസ്സിലെ അധ്യക്ഷനും (ബഹു: ഖുതുബി) ഞാനും നേരത്തെ കണ്ടു സംസാരിച്ചു. ഇന്ന് കേരളത്തിലുള്ള ഉലമാക്കളില്‍ മഹാ പണ്ഡിതനാണ് ഈ മഹാന്‍. അദ്ധേഹത്തിന്റെ ഉപദേശം അദ്ദേഹം തന്നെ നിങ്ങള്‍ക്ക് നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു..."

പോലീസ് സൂപ്രണ്ടിന്റെ ഈ വാക്കുകള്‍ക്ക് ശേഷം അധ്യക്ഷന്‍ ശംസുല്‍ ഉലമ ഖുതുബി(റ) എഴുനേറ്റു നിന്നു. ഈ മഹാസദസ്സില്‍ അധ്യക്ഷത വഹിക്കാന്‍ ഭാഗ്യമുണ്ടായത്തില്‍ അല്ലാഹുവിനെ സ്തുതിച്ചു. സുപ്രണ്ട് ഉപദേശിച്ചത് പോലെ ഇരുകക്ഷികളുടെ വാദവും രേഖയും ശ്രദ്ധാപൂര്‍വ്വം കേള്‍ക്കാന്‍ സദസ്യരെ ഉപദേശിച്ചു.

പിന്നീട് ചോദ്യോത്തരമാണ് നടന്നത്. സുന്നി പക്ഷത്തുനിന്ന് ചോദ്യം വഹാബി പക്ഷത്ത് നിന്നു മറുപടി ഇതാണ് രീതി. ബഹു: കണ്ണിയത് അഹ്മദ് മുസ്ലിയാരാണ് ചോദ്യം തുടങ്ങിയത് ചോദ്യം ഇങ്ങനെ: 

"എന്‍.കെ മുഹമ്മദ്‌ മുസ്ലിയാര്‍ എന്നയാള്‍ ചോദിച്ച പതിനൊന്നു ചോദ്യങ്ങള്‍ക്ക് അബ്ദുള്ളക്കുട്ടി മൌലവി ചൊന്ന ജവാബ് എന്ന പേരില്‍ ഒരു നോട്ടീസ് കണ്ടു. അതില്‍ പറഞ്ഞതെല്ലാം സ്വന്തം അഭിപ്രായമോ..?? അതോ രേഖാമൂലമോ..??"

'രേഖ ആസ്പദമാക്കിയാണ്' അബ്ദുള്ളക്കുട്ടി മൌലവിയുടെ മറുപടി.

എന്താണ് രേഖ.? ആയതോ ഹദീസോ ഇജ‍മഓ ഖിയാസോ? അല്ല ഉലമാക്കളുടെ കൌലോ.? വീണ്ടും കണ്ണിയതിന്റെ ചോദ്യം..

"എല്ലാം അതിലുണ്ട്" അബ്ദുള്ളക്കുട്ടി മൌലവിയുടെ മറുപടി.

"എന്നാല്‍ തവസ്സുല്‍ ഏഴു ആയി ഭാഗിച്ചിട്ടുണ്ടല്ലോ ആ നോട്ടീസ്? അതിന്റെ രേഖയെന്തു?" അടുത്ത ചോദ്യം.

"അതിന്റെ രേഖയും അതില്‍ തന്നെയുണ്ട്‌" എന്നും പറഞ്ഞു അബ്ദുള്ളക്കുട്ടി മൌലവി പ്രസന്ഗിക്കാന്‍  തുടങ്ങിയപ്പോള്‍ പോലീസ് സുപ്രണ്ട് വിലക്കി. അന്ത്യവും ഒടുക്കവും ഇല്ലാത്ത ലക്ചാറിന്റെ    വേദിയല്ല ഇതെന്നും ചോദ്യത്തിന് മറുപടി മാത്രം പറയണമെന്നും ഉണര്‍ത്തിയപ്പോള്‍ മറ്റൊരു മറുപടിയും പറയാതെ അബ്ദുള്ളക്കുട്ടി മൌലവി ഇരുന്നു. 

സുന്നി വിഭാഗം അടുത്ത ചോദ്യത്തിലേക്ക് കടന്നു അതിങ്ങനെ : "ഇരിക്കട്ടെ, തവസ്സുല്‍ ഏഴു കൂട്ടാമെന്ന് നിങ്ങളുടെ നോടീസില്‍ ഉണ്ടല്ലോ അവ ഏഴും തമ്മില്‍ വ്യത്യാസമുണ്ടോ .?"

അതുവരെ വഹാബി പക്ഷത്ത് നിന്നു മറുപടി പറയാന്‍ എഴുനേറ്റ് വന്നിരുന്ന അബ്ദുള്ളക്കുട്ടി മൌലവിയല്ല ഇത്തവണ രംഗത്ത്‌ വന്നത് എം.സി.സി അബ്ദുറഹിമാന്‍ മൌലവി ആയിരുന്നു. അദ്ദേഹം പറഞ്ഞു: "ഏഴും തമ്മില്‍ പരസ്പരം വ്യത്യാസമുണ്ട്"

"എന്നാല്‍ അവയില്‍ രണ്ടാം വകുപ്പ് ഒന്നാം വകുപ്പില്‍ പെടുന്നതല്ലയോ?" സുന്നി പക്ഷത്ത് നിന്നു ചോദ്യം.

"അല്ല ഒന്നാം വകുപ്പില്‍ പെട്ടതല്ല രണ്ടാം വകുപ്പ്. വസീലത്തെന്ന പേരില്‍ ഒരു സ്ഥാനം സ്വര്‍ഗത്തില്‍ ഉണ്ട്. അതാണ്‌. അത് നബി(സ)ക്ക് വേണ്ടി ചോദിയ്ക്കാന്‍ നമ്മോടു കല്പിക്കപ്പെട്ടിട്ടുമുണ്ട് ..." എന്ന് വഹാബി പക്ഷത്ത് നിന്നും മറുപടി. ഉടനെ തരക്കണ്ടിയിലെ ഓര്‍ (ആയഞ്ചേരി അബ്ദുറഹ്മാന്‍ മുസ്ലയാര്‍) എഴുനേറ്റ് നിന്നു ചോദിച്ചു "അതിന്റെ ശേഷമുള്ളത് എന്താണ്.?" ഇതിനുത്തരം പറയാനാകാതെ വന്നപ്പോള്‍ എം.സി.സി മാറിനിന്നു. അബ്ദുള്ളക്കുട്ടി മൌലവി വീണ്ടും പ്രത്യക്ഷപ്പെട്ടു. അദ്ദേഹം പറഞ്ഞു: "അത് രണ്ടാമത്തെ വകുപ്പിന്റെ തെളിഞ്ഞതായ രേഖയാണ്"

"രേഖയെങ്കില്‍ ആയതോ ഹദീസോ അതല്ല ഇജ്മാഒ ഖിയാസോ.?" സുന്നിപക്ഷത് നിന്നു ചോദ്യം.

പുലിവാല്‌ പിടിക്കുമെന്ന് കണ്ടു എം.സി.സി അബ്ദുറഹിമാന്‍ മൌലവി തന്നെ കടന്നു വന്നു പറഞ്ഞു: "അത് രേഖയല്ല."

"നിങ്ങള്‍ ഒരാള്‍ രേഖയെന്നും മറ്റൊരാള്‍ രേഖയല്ലെന്നും പറയുന്നു! ഇതാണ് സത്യം.?" സുന്നി ഭാഗത്ത്‌ നിന്നു ചോദ്യം.

ഇതിനിടെ ചോദ്യം നല്ല പോലെ ധരിച്ച ശേഷം ഉത്തരം പറയാന്‍ വഹാബികളുടെ അവരുടെ പക്ഷത്തുള്ള ജനാബ് കെ.എം സീതി സാഹിബ്‌ നിര്‍ദേശിച്ചു. എം.സി.സി വീണ്ടും എഴുനേറ്റ് നിന്നു പറഞ്ഞു: "അത് രേഖയവാന്‍ തരമില്ല" തത്സമയം 'ഇതില്‍ സത്യമെതെന്നാണ് മുസ്ലിയാര്‍ ചോദിക്കുന്നതെന്ന്' സീതി സാഹിബ്‌ അല്പം ശബ്ദത്തോടെ ഉണര്‍ത്തി. എം.സി.സി അടങ്ങി. ഉടന്‍ വഹാബി പക്ഷത്ത് നിന്നു കട്ടിലശ്ശേരി മുഹമ്മദ്‌ മൌലവി എഴുനേറ്റ് നിന്നു. കട്ടിയുള്ള ദേഷ്യസ്വരത്തില്‍ പറഞ്ഞു: 

"അതിനു രണ്ടു മുഖമുണ്ട്. ഒന്ന് അന്തര്‍മുഖവും മറ്റൊന്ന് ബഹിര്‍മുഖവും. ഇങ്ങിനെ രണ്ടു തരമാണ്." 

"രേഖയാണോ അതോ രേഖയല്ലേ.? രണ്ടാലൊന്ന് പറയണം.." എന്ന് കണ്ണിയത് അഹ്മദ് മുസ്ലിയാര്‍. ഇതിനു കട്ടിലശ്ശേരിയുടെ മറുപടി വീണ്ടും വന്നു.

"അതിനു രണ്ടു മുഖമുണ്ട്. ഒരു മുഖത്തിലൂടെ അത് മറുപടിയും മറ്റൊരു മുഖത്തിലൂടെ രേഖയുമാണ്." ഇതോടെ വേദിയില്‍ അല്പനേരത്തെ നിശ്ശബ്ദതപരന്നു. എം.സി.സി അബ്ദുറഹിമാന്‍ മൌലവിയാണ് മൌനം ഭാന്ജിച്ചത്. അദ്ദേഹം എഴുനേറ്റ് നിന്നു പറഞ്ഞു : 

"ഏതാണ് രേഖയെന്നു മറുപക്ഷതുനിന്നു ചോദിച്ചല്ലോ. ശരി, രേഖ ഹദീസാണ്."

തല്‍ക്ഷണം സന്ദര്ബതിനോതിടപെട്ടുകൊണ്ട് തന്ത്രശാലിയായ തരക്കണ്ടിയിലെ ഓര്‍ (ആയഞ്ചേരി അബ്ദുറഹിമാന്‍ മുസ്ലിയാര്‍) ചോദിച്ചു: "എങ്കില്‍ ആ ഹദീസ് ഏത്.? കിതാബെടുത്തു കാണിക്കുക!"

ഗതികെട്ട വഹാബി മൌലവിമാര്‍ കിതാബുകള്‍ തലങ്ങും വിലങ്ങും മറിച്ചു നോക്കി. ഹദീസ് കാണുന്നില്ല. അവര്‍ നിന്നു പരുങ്ങി. വിയര്‍ത്തു കുളിച്ചു. പരസ്പരം കുശുകുശുത്തു. സമയമേറെ കഴിഞ്ഞിട്ടും ഹദീസ് കാണിക്കാനാകാതെ വന്നപ്പോള്‍ പാവം അബ്ദുള്ളക്കുട്ടി മൌലവി മുന്നോട്ടു വന്നു പറഞ്ഞു: 

"ആ കിത്താബു ഞങ്ങളുടെ കൈവശമില്ല. അത് മടക്കക്കെട്ടില്‍ പെട്ട് പോയി!"

അതോടെ സദസ്സില്‍ കയ്യടിയും ബഹളവും ഉയര്‍ന്നു. പരിഹാസവും കൂവലുമുണ്ടായി. ജനം ക്ഷോഭിച്ചു. 'കിതാബില്ലാതെ വാദപ്രതിവാദത്തിനു വരേണ്ടിയിരുന്നോ' എന്നും മറ്റും സദസ്സില്‍ നിന്നും ചോദ്യമുയര്‍ന്നു. തത്സമയം പോലീസ് സുപ്രണ്ട് കലീമുള്ള സാഹിബ്‌ എഴുനേറ്റ് നിന്നു.

(തീരുന്നില്ല.... തുടരും ഇന്‍ഷാഹ് അല്ലാഹ്....)