ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Sunday, March 28, 2010

അള്ളാഹുവിന്റെ പ്രവാചകര്‍ - 7

ചരിത്രത്തിലെ പ്രതിഭാശാലികളേയും മഹാന്മാരേയും വായിച്ചറിയുന്ന പില്‍ക്കാലക്കാര്‍ അവരെ അഗാധമായി സ്നേഹിക്കുന്നതിന് എത്രയെത്ര ഉദാഹരണങ്ങള്‍. ഇം‌ഗ്ലീഷ് സാഹിത്യം പഠിക്കുന്നവര്‍ ഷേക്സ്‌പിയറിനേയും വിവിധ ചിന്തകളുടെ അനുധാവകര്‍ അതത് ചിന്താഗതിയുടെ ആചാര്യന്മാരേയും സ്നേഹിക്കുന്നത് സാധാരണമാണ്. നബി صلى الله عليه യില്‍ വിശ്വസിക്കുകയും അവിടത്തെ യഥാര്‍ത്ഥ വ്യക്തിത്വത്തെ സാനുരാഗം ഹൃദയത്തില്‍ സം‌വഹിക്കുകയും ചെയ്യുന്ന ഏതൊരു മുസ്‌ലിമിന്റെയും ജീവിതാഭിലാഷമാണ് അവിടത്തെ മരണാനന്തര വസതിയായ മദീനയിലെ വിശുദ്ധ റൌദയിലേക്ക് ഒരിക്കലെങ്കിലും തീര്‍ത്ഥാടനം നടത്തുകയെന്നത്. അല്ലാഹു നമുക്കെല്ലാവര്‍ക്കും നമ്മുടെ കുടും‌ബങ്ങള്‍ക്കും ആ മഹാ ഭാഗ്യം നല്‍കി അനുഗ്രഹിക്കട്ടെ .......ആമീന്‍...........

മക്കയിലെത്തി ഹജ്ജ് നിര്‍വ്വഹിക്കാനവസരം ലഭിച്ച ഒരു മുസ്‌ലിം മദീനയില്‍ ചെന്ന് വിശുദ്ധ റൌദ കാണുന്നതിനു കൂടി അതുപയോഗപ്പെടുത്തുന്നതില്‍ താല്പര്യം കാട്ടാതെ മടങ്ങുകയാണെങ്കില്‍ അയാള്‍ക്ക് നബി صلى الله عليه യുമായുള്ള ബന്ധത്തിന്റെ ശക്തി എത്രയാണെന്നൂഹിക്കാന്‍ അതു തന്നെ മതി.

ഒരു അനുരക്തന് നബി صلى الله عليه യുടെ വിയോഗാനന്തരം അവിടത്തോടുള്ള അനുരാഗം പരമാവധി പ്രകടിപ്പിക്കാന്‍ സാധിക്കുന്നത് റൌദാ സന്ദര്‍ശനത്തിലൂടെയാണ്. മനസ്സില്‍ മുറ്റിനില്‍ക്കുന്ന സ്നേഹവായ്‌പിന്റെ അതിസമ്മര്‍ദ്ദം അടക്കുവാന്‍ അവിടന്ന് അന്ത്യവിശ്രമം കൊള്ളുന്ന മദീനയിലേക്കുള്ള പാതയിൽ ചരിക്കുകയല്ലാതെ അയാള്‍ എന്തു ചെയ്യും ? തന്റെ ഓരോ അനുയായിക്കും മുഴുവന്‍ ലോകത്തോടുമുള്ളതിനേക്കാള്‍ സ്നേഹം തന്നോടായിരിക്കണമെന്ന് അവിടത്തെ അഭ്യര്‍ത്ഥനയും വിശ്വാസികളുടെ വിശ്വാസത്തിന്റെ പരിപൂര്‍ണ്ണതയ്ക്കുള്ള ഉപാധിയുമായതിനാല്‍ അത്രയൊന്നും സ്നേഹം അവിടത്തോടരുത് എന്ന് പറയാന്‍ ആര്‍ക്കാണവകാശം ? അവിടത്തോടുള്ള സ്നേഹത്തിന് പരിധി നിര്‍ണ്ണയിക്കുന്നതില്‍പരം അപരാധം വേറെയുണ്ടോ ?

ഹൃദയത്തെ വ്യതിചലിക്കാനനുവദിക്കാതെ നബി صلى الله عليه യില്‍ തന്നെ കേന്ദ്രീകരിച്ച് കൊണ്ടായിരിക്കണം. വിശുദ്ധ റൌദ സന്ദര്‍ശിക്കുന്നത് . നബി صلى الله عليه യുടെ അഭാവം കൊണ്ട് വേദനിക്കുന്ന മനസ്സായിരിക്കണം സന്ദര്‍ശകന്റേത്. ലൌകികമായ ഒരു ചിന്തയും അലട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. അവിടത്തെ വ്യക്തിത്വത്തിന്റെ ബഹുവിധ മാനങ്ങളും അറിഞ്ഞിരിക്കണം. സ്നേഹ നിര്‍ഭരവും കാരുണ്യപൂര്‍ണ്ണവും അനുകമ്പാമയവുമായ ആ ജീവിതത്തില്‍ നിന്ന് അറിയുന്നിടത്തോളം അധ്യായങ്ങള്‍ ഓര്‍മ്മയില്‍ വരുത്തണം. അവിടന്ന് മനുഷ്യരാശിയുടെ നന്മക്ക് വേണ്ടി വരിച്ച ത്യാഗങ്ങളെക്കുറിച്ചറിവുണ്ടായിരിക്കണം. പ്രപഞ്ചത്തിന്റെ ഉല്‍ഭവത്തിനും നിലനില്‍പ്പിനും കാരണഭൂതനായ മഹാവ്യക്തിയുടെ സമീപത്താണ് ഞാന്‍ നില്‍ക്കുന്നതെന്ന തിരിച്ചറിവോടെയായിരിക്കണം അവിടെ നില്‍ക്കുന്നത്. നബി صلى الله عليه ഉണ്ടാകുമായിരുന്നില്ലെങ്കില്‍ താനുണ്ടാകുമായിരുന്നില്ല എന്ന സത്യത്തെ കുറിച്ച് ബോധം വേണം. ജനലക്ഷങ്ങള്‍ക്കിടയിലാണെങ്കിലും അവിടത്തേക്ക് ഏകനായിട്ടായിരിക്കണം ചെന്ന് ചേരേണ്ടത്. നബി صلى الله عليه യോടുള്ള അളവറ്റ ബന്ധവും കടപ്പാടും സ്വന്തം അസ്തിത്വത്തിന്റെ എല്ലാ അം‌ശങ്ങളിലും സജീവമാക്കി നിറുത്തണം. തന്റെ സ്നേഹം നബി صلى الله عليه യില്‍ അഗാധമായി തന്നെ ലയിപ്പിക്കുന്നതായി സ്വയം അനുഭവപ്പെടണം. ദുരാലോചനകളെല്ലാം വലിച്ചെറിഞ്ഞ് നിഷ്‌കളങ്കതയോടെ നബി صلى الله عليه യിലേക്ക് പൂര്‍ണ്ണമായങ്ങു പ്രവേശിക്കണം. എങ്കില്‍ അവിടത്തെ അടുപ്പവു ആലിം‌ഗനസ്പര്‍ശവും ശരിക്കും അനുഭവിക്കാനാകും.

ആ ഹബീബിനെ നമുക്ക് പ്രകീര്‍ത്തിക്കാം.


وَصَـلِّ إِلـٰهِي كُلَّ يَـوْمٍ وَلَيْلَةٍ ----- عَلَى أَحْمَدَ الْمُخْتٰارِ مُولَى الْفَضٰائِلُ

അള്ളാഹുവിന്റെ പ്രവാചകര്‍ - 6

സ്നേഹത്തോളം ധൈര്യവും കരുത്തും പകരുന്ന മറ്റൊന്നില്ല. കാരണം ഒരാളുടെ അസ്തിത്വത്തിന്റെ ആ‍ഴങ്ങളിലേക്ക് വേരോട്ടമുള്ള മറ്റൊരു വികാരമില്ല. ഭയം കൊണ്ട് ഒരാളെ അനുസരിപ്പിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ അത് അനുസരണമായിരിക്കയില്ല. ബാഹ്യമായ കീഴ്പ്പെടല്‍ മാത്രമായിരിക്കും. അടിമവേല പോലെ താഴ്ന്ന തരത്തിലുള്ള ഒന്നായിരിക്കുമത്. സ്നേഹമാണ് ഒരു കാര്യത്തിന്റെ മാനസികമായ അം‌ഗീകരണത്തിനും സ്വീകരണത്തിനും ഒരാളില്‍ സന്നദ്ധതയുണ്ടാക്കുന്നത്. എല്ലാ അസൌകര്യങ്ങളേയും തിക്താനുഭവങ്ങളേയും സ്നേഹം മധുരമാക്കിത്തരും. വേദനയെ ഔഷധമാക്കും. അചേതനമായതിനെ ചേതനയുറ്റതാക്കും. രാജാ‍വിനെ അടിമയാക്കും.

മഹാനായ ഉമര്‍ ഖാസി (റ) نور الله مرقده മദീനയില്‍ നബി صلى الله عليه യുടെ റൌളാശരീഫിന് മുമ്പില്‍ വെച്ച് പാടിയ ശ്രവണസുന്ദരമായ സ്നേഹകാവ്യം ആ വിശുദ്ധ റൌളയുടെ കവാടം തള്ളിത്തുറന്ന സം‌ഭവം പ്രസിദ്ധമാണ്. അത് സ്നേഹത്തിന്റെ ശക്തിയാണ്.

يٰا أَكْرَمَ الْكُرَمٰا عَـلَى أَعْتٰابِكُمْ --- عُمَرُ الْفَقِيرِ الْمُرْتَجِي لِجَنٰابِكُم
ْيَرْجُو الْعَطٰاءَ عَلَى الْبُكٰاءِ بِبٰابِكُمْ --- وَالدَّمْعُ مِنْ عَيْنَيْهِ سٰالَ سَجِيمٰا
صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمٰا

‘ബാഷ്പം നിറഞ്ഞൊഴുകുന്ന കണ്‍കളുമായി
വാതില്‍ക്കല്‍ വന്നിതാ നില്‍ക്കുന്നു ഞാ‍ന്
‍പാവമാണീ ഉമര്‍ മോഹമനവധി
ഒന്നു കടാക്ഷിക്കൂ ഔദാര്യവാരിധേ’

എന്നിങ്ങനെ തുടങ്ങുന്ന വരികള്‍ നബി صلى الله عليه യോടുള്ള സ്നേഹത്തെ അക്ഷരാ‍ര്‍ത്ഥത്തില്‍ പ്രതിധ്വനിപ്പിക്കുന്നു.യുക്തിയുടെ മണ്ഡലങ്ങള്‍ അതിരുകളുള്ളതാണ്. സ്നേഹമണ്ഡലം അനന്ത വിശാലമാണ്. കൊടുക്കലിനാണ് സ്നേഹത്തില്‍ സ്ഥാനമുള്ളത്. എടുക്കലിനോ വാങ്ങലിനോ അല്ല. താന്‍ സ്നേഹിക്കുന്ന വ്യക്തിക്കോ മൂല്യത്തിനോ വേണ്ടി ഒരാള്‍ മരണത്തിനു വരെ സന്നദ്ധനാകുന്നതില്‍ എടുക്കലോ വാങ്ങലോ അല്ല. ജീവന്‍ കൊടുക്കലാണ് നടക്കുന്നത്.

ആ ഹബീബിന്റെ മേല്‍ ഒന്നുറക്കെച്ചെല്ലൂ.

صَـلَّى اللهُ وَسَلَّمَ عَلَيْكَ وَعَلَى أَهْلِ بَيْتِكَ وَعَلَى أَزْوٰاجِكَ وَعَلَى أَصْحٰابِكَ وَعَلَى أُمَّتِكَ يٰا سَيِّدِي يٰا رَسُولَ الله

അള്ളാഹുവിന്റെ പ്രവാചകര്‍ - 5

ഒരാള്‍ക്ക് മാനുഷികമായ വ്യക്തിത്വം അതിന്റെ തികവില്‍ തന്നില്‍ വികസിപ്പിക്കുന്നതിനും സ്വത്വത്തിന് മുക്തിയും അനശ്വരതയും നേടിയെടുക്കുന്നതിനും വേണ്ടി തന്റെതായ ഭാഗധേയം നിര്‍വഹിക്കണമെങ്കില്‍ അയാള്‍ കൈകൊണ്ടിരിക്കേണ്ട മൂല്യങ്ങള്‍ പ്രധാനമായും പ്രേമം, ബുദ്ധി, കര്‍മ്മം എന്നിവയാണ്. സ്നേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപമാണ് പ്രേമം. സ്നേഹത്തിന് അറബിയില്‍ ‘ഹുബ്ബ്’ എന്നാണ് സാധാരണ പ്രയോഗിക്കാറുള്ളത്. സ്നേഹം അഗാധവും തീവ്രവുമാകുമ്പോള്‍ അത് ‘ഇശ്ഖ്’ അഥവാ പ്രേമം ആയി മാറുന്നു. നിങ്ങള്‍ക്കൊരാളോട് സ്നേഹമാണുള്ളതെങ്കില്‍ അയാളെ നിങ്ങള്‍ പലപ്പോഴും ഓര്‍മ്മിക്കുകയും പലപ്പോഴും ഓര്‍ക്കാതിരിക്കുകയും ചെയ്യും. സദായിപ്പോഴും അയാള്‍ നിങ്ങളുടെ മനസ്സില്‍ കൂടിപാര്‍ത്ത്കൊള്ളണമെന്നില്ല. അതേസമയം നിങ്ങള്‍ക്കയാളോട് പ്രേമമാണുള്ളതെങ്കില്‍ ,അയാള്‍ നിങ്ങളുടെ ചിന്തയെയും വികാരത്തെയും ബോധത്തെയും വിടാതെ പിന്തുടരും. നിങ്ങളുടെ മനസ്സിന്റെ സിംഹാസനത്തില്‍ അയാള്‍ സദാ ഉപവിഷ്ടനായിരിക്കും. പുറത്താക്കാ‍ന്‍ ക്ലേശിക്കുന്തോറും മനസ്സിന്റെ അകത്തളത്തില്‍ അയാള്‍ സ്ഥാനമുറപ്പിക്കുന്നതായാണ് അനുഭവപ്പെടുക.

കാമുകിയെ വിസ്മരിക്കാന്‍‍ വേണ്ടി പൂന്തോട്ടത്തില്‍ പോയി ഇരുന്നപ്പോള്‍ പൂന്തോട്ടത്തിലെ ഓരോ പൂവിലും കാമുകിയുടെ കണ്ണ് ദര്‍ശിച്ച കാമുകന്റെ കഥ പോലെയാണ് പ്രേമം. സ്വത്വത്തിന് അതിന്റെ പ്രഭവസ്ഥാനത്തോടെ സന്ധിക്കാനുള്ള തപിക്കുന്ന ആശയാണ് ഇശ്ഖ്. സ്വത്വത്തിന്റെ പ്രഭവ സ്ഥാനം അല്ലാഹുവാണ്. അതിനാല്‍ ഈ പ്രേമം അലാഹുവിനോടുള്ളതാണ്. പക്ഷ അല്ലാഹുവിനെ കുറിച്ചുള്ള ബോധം മനുഷ്യ പ്രകൃതിക്ക് സഹജമാണെങ്കിലും അല്ലാഹുവിനോട് മനുഷ്യന് സ്നേഹമുണ്ടാകുന്നതും ആ സ്നേഹം പ്രേമമായി വളരുന്നതുമെല്ലാം മുഹമ്മദ് നബി(സ) മുഖേന അല്ലാഹുവിനെ അറിയുന്നതിന്റെ ഫലമായി മാത്രം സംഭവിക്കുന്നതാകുന്നു.

അന്ധവും അലക്ഷ്യവുമായ ഒന്നായിരിക്കരുത് ഈ പ്രേമം. അറിവിന്റെയും ആലോചനയുടെയും സഹായത്തോടെ ബോധപൂർവ്വം വളർത്തപ്പെടുന്നതായിരിക്കണം. ഈ നിലയില്‍ ,മുഹമ്മദ് നബി(സ) യിലൂടെ പ്രസരിക്കുന്ന പ്രകാശത്തിലൂടെയാണ് നമുക്ക് അല്ലാഹുവിന്റെ ദര്‍ശനത്തിന്റെ പൂര്‍ണ്ണമായ രൂപം കൈവരിക്കാനാവുന്നത്. മുഹമ്മദ് നബി(സ) അല്ലാഹുവിനെ എന്തായി പഠിപ്പിച്ചുവോ അതാണ് നമ്മുടെ വിശ്വാസത്തിലുള്ള അല്ലാഹു. അപ്പോള്‍‍ പിന്നെ ഭൂമിയില്‍ ജീവിച്ച മുഹമ്മദ് നബി(സ) യെ പ്രേമിക്കാതെ എങ്ങിനെ തിരുനബിയിലൂടെ പരിചയപ്പെടുത്തപ്പെട്ട അല്ലാഹുവിനെ പ്രേമിക്കാനാവും ? കാണാനാകുന്ന തന്റെ സഹോദരനെ സ്നേഹിക്കാത്തവര്‍ കാണാന്‍ കഴിയാത്ത ദൈവത്തെ എങ്ങിനെ സ്നേഹിക്കുമെന്ന് ബൈബിള്‍ ചോദിക്കുന്നത് പോലെ.

അല്ലാഹുവിനെ തേടുന്നവര്‍ക്ക് ദൈവിക ദര്‍ശനങ്ങളുടെ ഭൂമിയിലെ മാതൃകയാവാന്‍ അയക്കപ്പെട്ട മനുഷ്യ രൂപമാണല്ലോ മുഹമ്മദ് നബി(സ) . വിശുദ്ധ ഖുര്‍ആന്‍ അങ്ങിനെയാണ് നബി(സ) യെ വിശേഷിപ്പിച്ചിരിക്കുന്നത്. സര്‍വസമ്പൂര്‍ണ്ണനായ അല്ലാഹുവിന്റെ പ്രേമഭാജന(ഹബീബ്)മായിരിക്കാന്‍ അര്‍ഹത നല്‍കുന്ന സര്‍വ്വ ഗുണങ്ങളുടെയും സമ്മേളനമത്രെ അവിടന്ന്. ഈ നിലയില്‍ അവിടത്തെ സമഗ്രമായി അറിയുമ്പോഴാണ് അവിടുത്തോട് ഒരാളുടെ മനസ്സില്‍ ആത്മാര്‍ത്ഥമായ സ്നേഹം ജനിക്കുന്നത്. അത് ആത്മാവില്‍ രൂഢമൂലമായി അനശ്വരമായ പ്രേമത്തിലേക്ക് വളരുന്നതും.

നാം ഏത് ഗുണത്തിന്റെ പേരില്‍ ആരെ സ്നേഹിക്കുമ്പോഴും ആ ഗുണം അതിന്റെ പൂര്‍ണ്ണതയോടെ നബി(സ)യിലുണ്ട്. അതിനാല്‍ നബി(സ)യെ കുറിച്ചുള്ള അറിവ് കൂടുന്തോറും മറ്റുള്ള സ്നേഹിതന്മാരേക്കാളെല്ലാമുപരി നാം അവിടത്തെ സ്നേഹിക്കും. അങ്ങിനെ അല്ലാഹുവിനെ സമീപിക്കാന്‍ നമുക്ക് സാധിക്കും.

അല്ലാമാ ഇഖ്ബാലിന്റെ ഈ വരി ഇവിടെ കുറിക്കട്ടെ ‘ നീ നിന്റെ സ്നേഹഭാജനമായ മുഹമ്മദ് നബി(സ)ക്ക് സ്വയം സമര്‍പ്പിക്കുന്ന നിത്യകാമുകനാകൂ. അങ്ങിനെ എല്ലാ കുരുക്കുകളില്‍ നിന്നും മുക്തനായി നിനക്ക് ദൈവത്തിങ്കലെത്താം’

ആ ഹബീബിന്റെ പേരില്‍ നമുക്കൊന്നായി പാടാം

صَـلَّى عَلَيْكَ اللهُ يٰا عَـدْنٰانِي يٰا مُصْطَفَى يٰا صَـفْوَةَ الرَّحْمٰنِ

Sunday, March 21, 2010

അള്ളാഹുവിന്റെ പ്രവാചകര്‍ - 4

അല്ലാഹുവുമായുള്ള സഹവാ‍സത്തിനും രമ്യപ്പെടലിനും അവിടത്തെ സഹായം കൂടിയേ തീരൂ. നബി (സ) മുഖേനയാണ് അല്ലാഹുവിനെ സ്നേഹിക്കാനും അല്ലാഹുവിന്റെ സ്നേഹം ലഭിക്കാനും കഴിയുകയുള്ളുവെന്ന് വിശുദ്ധ ഖുര്‍‌ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക. അല്ലാഹു അപ്പോഴാണ് നിങ്ങളെ സ്നേഹിക്കുക’ എന്ന് ജനങ്ങളെ അറിയിക്കാന്‍ അല്ലാഹു നിബിയോടാജ്ഞാപിച്ചിരിക്കുന്നത് കാണാം. (ഖു. 3:31)

മുഹമ്മദ് നബിയുടെ (സ) ചേവടികള്‍ പിന്തുടര്‍ന്നു കൊണ്ടല്ലാതെ അല്ലാഹുവില്‍ നേരിട്ട് എത്തിച്ചേരാന്‍ ആര്‍ക്കും ഒരു വഴിയുമില്ല. ദൈവവിചാരം കൊണ്ട് ജ്വലിക്കുന്ന മനസ്സാണ് ഒരാള്‍ക്കുള്ളതെങ്കില്‍ പോലും ക‌അ‌ബ വഴിക്കല്ലാതെ നിസ്കാരത്തില്‍ ദൈവികമായ ആഭിമുഖ്യം അയാളെ തിരിഞ്ഞുനോക്കുകയില്ലെന്നതാണ് സത്യം. അതു പോലെത്തന്നെ സത്യമാണ്, മുഹമ്മദ് നബിയെ (സ) പിന്തുടരുകയും അവിടത്തേക്ക് സിദ്ധിച്ച ‘നബിത്വ’വുമായി മനസ്സിനെ സന്ധിപ്പിക്കുകയും അവിടത്തോട് ‘സ്വലാത്തും’,‘സലാമും’വഴി ബന്ധം നിലനിര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്യാതെ ദൈവികമായ ആഭിമുഖ്യം ഒരാള്‍ക്കും സിദ്ധിക്കുകയില്ല എന്നത്. ദൈവത്തെയും അവന്റെ ദാസനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണി അവിടന്നാകുന്നു.

മുഴുവന്‍ നന്മകളുടേയും പ്രതിരൂപവും മനുഷ്യമഹിമകളുടെ ഉദാത്തമാതൃകയുമാണ് നബി (സ) എന്നതിനാല്‍ അവിടത്തോടുള്ള സ്നേഹം അദമ്യമായിരിക്കുകയും അത് കരുത്തിന്റെ സ്രോതസ്സായി മാറുകയും ചെയ്തു കഴിഞ്ഞാല്‍ പിന്നെ ജീവിതം മൂല്യാധിഷ്ഠിതമായിരിക്കേണ്ടതിന് മനുഷ്യന് വേറെ അധ്യാപനങ്ങളെന്തിന് ? സ്നേഹത്തേക്കാള്‍ കരുത്തുറ്റ മൂല്യം വേറെയില്ല. ലക്ഷ്യവും മാര്‍ഗ്ഗവും പ്രചോദനവുമെല്ലാം ആകുവാന്‍ സ്നേഹത്തിന് കഴിയും. അല്ലാഹുവും അവന്റെ ദൂതനും (സ) മറ്റാരേക്കാളും എന്തിനേക്കാളും തനിക്കു പ്രിയപ്പെട്ടവരായെങ്കിലേ സത്യത്തിലുള്ള തന്റെ വിശ്വാസം ഒരാള്‍ക്ക് മധുരാനുഭൂതി പകരുകയുള്ളുവെന്ന് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചത് ഒരു തിരുമൊഴിയില്‍ കാണാം.

പരമസത്യമായ അല്ലാഹുവിനോടും അവന്റെ ദര്‍ശനങ്ങളുടെ ആള്‍‌രൂപമായി ഭൂമിയില്‍ ജീവിച്ച മുഹമ്മദ് നബി (സ) യോടുമുള്ള അതിരുവെക്കാത്ത സ്നേഹം തന്നെയല്ലേ യഥാര്‍ത്ഥ മതചൈതന്യം! സ്നേഹത്തിന്റെ മൂലസ്രോതസ്സായ അല്ലാഹുവിനേയും അതിന്റെ വാഹകനും ദായകനുമായ നബി (സ) യേയും ഓര്‍ത്തുകൊണ്ടേ മനുഷ്യര്‍ തങ്ങള്‍ക്ക് അന്യോന്യം പകരാനും ഇഷ്ടഭാജനങ്ങളില്‍ നിക്ഷേപിക്കാനും വേണ്ടി സിദ്ധിച്ചിരിക്കുന്ന സ്നേഹ-പ്രേമാദി വിശുദ്ധവികാരങ്ങളെ വിനിയോഗിക്കാവൂ.

നമുക്കൊന്നായി പാടാം.


صَلاٰةُ الله سَلاٰمُ الله عَلَى طۤهٰ رَسُولِ الله
صَلاٰةُ الله سَلاٰمُ الله عَلَى يٰسۤ حَبِيبِ الله

അള്ളാഹുവിന്റെ പ്രവാചകര്‍ - 3

സ്നേഹത്തേക്കാള്‍ അന്യേന്യം അടുപ്പിക്കുന്ന ഘടകം വേറെയില്ല. സ്നേഹമില്ലാത്ത ഏതൊരു ബന്ധത്തിലും അകലവും അതിരുമുണ്ട്. അന്യോന്യം അകലം കൂടാതെ എന്തിനും സമീപിക്കാന്‍ അനുവദിക്കുന്ന ബന്ധം സ്നേഹം മാത്രം. അനുയായികള്‍ അവരുടേ ഹൃദയത്തില്‍ സ്നേഹം വിരിച്ച വിരിപ്പിലേക്കായിരിക്കണം തന്നെ സ്വീകരിക്കുന്നതെന്ന് നബി(സ) ആഗ്രഹിച്ചതും അഭ്യര്‍ത്ഥിച്ചതും ഇതു കൊണ്ടായിരിക്കണം.

നബി(സ)യും ഉമ്മത്തും എന്നും എപ്പോഴും ഒരേ ലോകത്തിലായിരിക്കുന്നത് പരസ്പരം അളവറ്റ് സ്നേഹിക്കുമ്പോഴാണ്. ഇതത്രെ അവരെ മുഴുവന്‍ ഭൂഖണ്ഡങ്ങൾക്കും ദേശകാലാദികള്‍ക്കും അതിതമായി ഒന്നാക്കിത്തീര്‍ക്കുന്നത്.


ചില ഉദാഹരണങ്ങള്‍ പ്രിയ വായനക്കാരുമായി പങ്കിടുന്നു.

ഉർവ(റ) വില്‍ നിന്ന് ഇമാം ബൈഹഖി (റ) നിവേദനം ചെയ്ത സൈദുബുനു ദസ്‌നത്തിന്റ് കഥ പ്രവാചക സ്നേഹത്തിന്റെ തിലകക്കുറിയാണ്. മുഅ്മിനിന്റെ സ്നേഹത്തിന്റെ ആഴവും സൌന്ദര്യവും അതില്‍ ദര്‍ശിക്കാം. സൈദുബ്നു ദസ്‌നയെ മക്കയുടെ വെളിയിലേക്ക് വധിക്കാനായി കൂട്ടിക്കൊണ്ട് പോവുകയാണ് ശത്രുക്കള്‍. അന്ന് അവിശ്വാസിയായിരുന്ന അബുസുഫ്‌യാന്‍ ചോദിച്ചു. ഞാന്‍ സത്യം ചെയ്ത് ഒരു കാര്യം ചോദിക്കട്ടെ. നിന്റെ സ്ഥാനത്ത് തലവെട്ടാനായി മുഹമ്മദ് സന്നിഹിതനാവുകയും നീ നിന്റെ കുടുംബത്തിനും സസുഖം കഴിയുന്നതും നിനക്ക് സ്വീകാര്യമാണോ ? സൈദ് (റ) മറുപടി ഇപ്രകാരമായിരുന്നു. ‘ എന്റെ ഹബീബ് മുഹമ്മദ് നബി(സ)ക്ക് ഇപ്പോള്‍ ഉള്ള സ്ഥലത്ത് വെച്ച് ഒരു മുള്ള് കുത്തുന്നതിനു പകരമായി പോലും ഞാ‍ന്‍ എന്റെ കുടുംബത്തില്‍ സുഖമായി കഴിയാന്‍ ഇഷ്ടപ്പെടുന്നില്ല’. അപ്പോള്‍ അന്ന് അബു സുഫ്്യാന്‍ പറഞ്ഞു. ‘ മുഹമ്മദിന്റെ അനുയായികള്‍ അവനെ സ്നേഹിക്കുന്നത് പോലെ ആരും ആരെയും സ്നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല’

അബ്ദുല്ലാഹിബ്നു സൈദിന്റെ കഥ ഇതിലും ഹൃദയഭേതകമാണ്. പ്രവചക വിയോഗവിവരം മകന്‍ അറിയിച്ചപ്പോള്‍ അദ്ധേഹം അതിയായ ദു:ഖത്തോടെ ഉന്മാദിയെപ്പോലെ വിലപിച്ച് ദുആ ചെയ്തു. ‘എന്റെ കാഴ്ച നീ തിരിച്ചെടുത്താലും! , എന്റെ സ്നേഹ ഭാജനം മുഹമ്മദ് (സ)ക്ക് ശേഷം എനിക്കാരെയും കാണണമെന്നില്ല.’. അല്ലാഹു പ്രാര്‍ത്ഥന സ്വീകരിക്കുകയും അദ്ധേഹത്തിനു കാഴ്ച ശക്തി നഷ്ടമാവുകയും ചെയ്തു. (മവാഹിബ് 6. 292 )

ഉഹ്ദ് യുദ്ധത്തില്‍ ഒരു വനിത, തന്റെ പിതാവും, സഹോദരനും, ഭര്‍ത്താവും അരുമസന്താനവും ശഹീദായി, മഹതിയോട് ദുരന്തം വിവരം അറിയിക്കാനായി ആളുകളെത്തി. മഹതിയുടെ ചോദ്യം റസൂലിന് എന്ത് സംഭവിച്ചു എന്നായിരുന്നു ! റസൂലിന് ഒന്നും സംഭവിച്ചിട്ടില്ല. സുരക്ഷിതനാണെന്ന് അറിയിച്ചപ്പോള്‍ .മഹതിയുടെ പ്രതികരണം. അല്ലാഹുവിന് സ്തുതി. എനിക്ക് നബി(സ)യെ നേരില്‍ കാണണം എന്നായിരുന്നു. അങ്ങിനെ നബി(സ) യെ നേരില്‍ കണ്ടപ്പോള്‍ സന്തോഷത്താല്‍ മഹതി പറഞ്ഞു. തിരുദൂതരെ , അങ്ങ് രക്ഷപ്പെട്ടല്ലോ എനിക്കെല്ലാ നാശവും നിസാരമാണ്.

ചിന്തിക്കുക സഹോദര /സഹോദരികളെ, ഈ സ്വഹാബി വനിതയുടെ സ്നേഹം . സ്വന്തം ഭര്‍ത്താവിന്റെയും ,അരുമ മകന്റെയും ,പിതാവിന്റെയുമൊക്കെ ജീവനേക്കാളും തിരുനബി(സ)യുടെ ജീവന് വില കല്പിച്ചത്. നമുക്ക് ഉറക്കെ ചൊല്ലാം


يٰا عٰـاشِـقِينَ تَوَلَّهُوا فِي حُبِّـهِ === هٰذٰا هُوَ الْحَسَنُ الْجَمِيلُ الْمُفْرَدُ
يَا رَبِّ صَلِّ عَلَى النَّبِيِّ مُحَمَّـدٍ === مُنْجِي الْخَلاٰئِقِ مِنْ جَهَنَّمَ فِي غَدٍ