ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Sunday, January 31, 2010

നല്ലവാക്ക് പറയലും സദഖ: തന്നെയാകുന്നു.

അബൂ ഹുറൈറ(റ)ല്‍ നിന്ന് നിവേദനം : നബി(സ) പറഞ്ഞു: മനുഷ്യ ശരീരത്തിലെ ഓരോ സന്ധിയുടെ പേരിലും ദിനം പ്രതി ചില സദഖ:കള്‍ ചെയ്യേണ്ടതുണ്ട്.രണ്ടുപേര്‍ക്കിടയില്‍ നീതി ചെയ്യല്‍ സദഖ:യാണ്.ഒരു മനുഷ്യനെ വാഹനത്തില്‍ കയറാന്‍ സഹായിക്കലും അഥവാ അവന്റെ ചരക്ക് വാഹനത്തില്‍ കയറ്റാന്‍ സഹായിക്കലും സദഖ:യാ‍ണ്നല്ലവാക്ക് പറയലും സദഖ: തന്നെയാകുന്നു.നമസ്കാരത്തിനായി (ഥവാഫ്, രോഗസന്ദര്‍ശനം, മയ്യിത്ത് സംസ്കരണം, വിദ്യതേടല്‍ മുതലായവക്കായും) പോകുമ്പോള്‍ വെക്കുന്ന ഓരോ ചവിട്ടടിയും സദഖ: തന്നെ.വഴിയില്‍ നിന്ന് ഉപദ്രവവസ്തുക്കള്‍ നീക്കം ചെയ്യലും സദഖ: ആണ്..

ബുഖാരി : കിതാബുസ്വുല്‍ഹി, കിതാബുല്‍ ജിഹാദ്
മുസ്ലിം : കിതാബു സ്വകാ‍ത്ത്

ജമാ’അത്തിന്റെ ശ്രേഷ്ടത....

ഇബ്നു ഉമര്‍(റ)ല്‍ നിന്ന് നിവേദനം : നബി(സ) പറഞു : സംഘമായി(ജമാ’അത്തായി) നമസ്കരിക്കല്‍ തനിച്ചു നമസ്കരിക്കുന്നതിനേക്കാള്‍ ഇരുപത്തി ഏഴ് ഇരട്ടി ശ്രേഷ്ടതയുള്ളതാകുന്നു

ബുഖാരി : കിതാബുല്‍ അദാന്‍
മുസ്ലിം : കിതാബുല്‍ മസാജിദ്

Tuesday, January 5, 2010

ഈമാനിന്റെ ശാഖകള്‍

അബൂഹുറൈറ (റ)ല്‍ നിന്ന് നിവേദനം : നബി(സ) പറഞ്ഞു : എഴുപതില്പരം(മറ്റൊരു റിപ്പോര്‍ട്ടില്‍ അറുപത് എന്നുമുണ്ട്) ശാഖകള്‍ ഉള്ളതാണ് ഈമാന് (സത്വവിശ്വാസം).‍ അതില്‍ ഏറ്റവും ശ്രേഷ്ടമായത് “ലാ ഇലാഹ ഇല്ലള്ളാഹ്” (അള്ളാഹു അല്ലാതെ ആരാധ്യനില്ല) എന്ന വാക്യമാകുന്നു. അവയില്‍ ഏറ്റവും താഴ്ന്നത് വഴിയില്‍ നിന്ന് ഉപദ്രവങ്ങള്‍ നീക്കലാകുന്നു. ലജ്ജ സത്വവിശ്വാസത്തിന്റെ ഒരു ശാഖയാണ്.***

ബുഖാരി : കിതാബുല്‍ ഈമാന്‍
മുസ്ലിം : കിതാബുല്‍ ഈമാന്‍

*** വാസ്തവമാക്കല്‍ എന്നാല്‍ “ഈമാന്റെ” ഭാഷാര്‍ത്ഥം അള്ളാ‍ഹുവിങ്കല്‍ നിന്ന് മുഹമ്മദ് നബി(സ) കൊണ്ടു വന്ന എല്ലാം വാസ്തവമാക്കുന്നതോടൊപ്പം അതനുസരിച്ചുള്ള കര്‍മ്മങ്ങള്‍ കൂടി ഉള്‍പ്പെടുന്ന‌‌‌‌‌ വിശ്വാസ, കര്‍മ്മ, സ്വഭാവ സമുച്ചയമാണ് ശറ’ഈ വ്യവഹരണത്തില്‍ ഈമാന്‍. ഹ്യദയം കൊണ്ട് വാസ്തവമാക്കുക, നാവ്കൊണ്ട് സത്യസാക്ഷ്യം വഹിക്കുക, അവയവങ്ങള്‍ കൊണ്ട് അമല്‍ ചെയ്യുക ഇവ മൂന്നും കൂടുമ്പോള്‍ മാത്രമേ ഈമാന്‍ പൂര്‍ണ്ണമാവുകയുള്ളൂ. സത്യവിശ്വാസിയില്‍ നിന്ന് മനസ്സാ-വാചാ-കര്‍മ്മണായുണ്ടാവുന്ന എല്ലാ നന്മകളും ഈമാനില്‍ നിന്നുല്‍ഭൂതമാണ്.ഇമാം അബൂഹാതിം ഇബ്നുഹിബ്ബാന്‍(റ) പറഞു : ഈ ഹദീസിന്റെ വിവക്ഷ ഞാന്‍ വിശകലനം ചെയ്തു. മൊത്തം പുണ്ണ്യകര്‍മ്മങ്ങള്‍ ഞാന്‍ എണ്ണി നോക്കുമ്പോള്‍ അവ ഹദീസില്‍ പറഞ എണ്ണത്തേക്കാള്‍ എത്രയോ കൂടുതല്‍. ഉടനെ ഞാന്‍ നബി ചര്യയിലേക്ക് മടങ്ങി. നബി(സ) ഈമാനിലുള്‍പ്പെടുത്തി പറഞ്ഞ പുണ്യങ്ങളുടെ കണക്കെടുത്തു. അപ്പോള്‍ അത് എഴുപതില്പരമില്ല. പിന്നെ ഞാന്‍ വിശുദ്ധ ഖുര്‍‘ആന്‍ അവ ഗാഡമായി ചിന്തിച്ചു പാരാ‍യണം ചെയ്തു. അള്ളാഹു ഈമാനിലുള്‍പ്പെടുത്തിയ പുണ്യകര്‍മ്മങ്ങള്‍ എണ്ണി. അപ്പോള്‍ അത് ഹദീസില്‍ പറഞ്ഞ എണ്ണത്തില്‍ കുറവ്. അനന്തരം ഞാന്‍ ഖുര്‍’ആനില്‍ ഉള്ളവയെ ഹദീസില്‍ ഉള്ളവയോട് കൂട്ടിച്ചേര്‍ത്ത് നോക്കിയപ്പോള്‍ അള്ളാഹുവും റസൂല്‍(സ)യും ഈമാനിലുള്‍പ്പെടുത്തി പറഞ്ഞ കാര്യങ്ങള്‍ ആകെ എഴുപത്തിഒമ്പത് കിട്ടി. അതില്‍ അധികവുമില്ല കുറവുമില്ല. ഖുര്‍’ആനിലും ഹദീസിലും കൂടിയുള്ള മൊത്തം എണ്ണമാണ് നബി(സ) തല്‍ വചനത്തില്‍ പരാമര്‍ശിച്ചതെന്ന് അങ്ങനെ എനിക്ക് ബോധ്യപ്പെട്ടു (ശറഹു മുസ്ലിം)

ഈമാനിന്റെ ശാഖകള്‍
1. അള്ളാഹുവില്‍ വിശ്വസിക്കുക
2. അള്ളാഹുവിന്റെ പ്രവാചകന്മാരില്‍ വിശ്വസിക്കുക
3. മലക്കുകളില്‍ വിശ്വസിക്കുക
4. ഖുര്‍’ആനില്‍ വിശ്വസിക്കുക
5. നന്മയും തിന്മയും അള്ളാഹുവിന്റെ വിധിയും വേണ്ടുകയനുസരിച്ചാണ്‍നുണ്ടാകുന്നതെന്ന് വിശ്വസിക്കുക
6. അന്ത്യനാള്‍ കൊണ്ട് വിശ്വസിക്കുക
7. മരണാനന്തരമുള്ള പുനര്‍ജീവിതം കൊണ്ട് വിശ്വസിക്കുക
8. ഖബറുകളില്‍ പുനര്‍ജീവിപ്പിച്ചു മനുഷ്യരെ മഹ്ശറയില്‍ ഒരുമിച്ചു കൂട്ടുമെന്ന് വിശ്വസിക്കുക
9. സത്യ വിശ്വാസികളുടെ പാരത്രിക ഭവനം സ്വര്‍ഗ്ഗമാണെന്ന് വിശ്വസിക്കുക
10. അള്ളാഹുവിനെ സ്നേഹിക്കല്‍
11. അള്ളാഹുവിനെ സംബന്ധിച്ചുള്ള ഭയം
12. അള്ളാഹുവിനെ സംബന്ധിച്ച് “റജാ‍അ”(പ്രത്യാശ)
13. അള്ളാഹുവിന്റെ മേല്‍ ഭരമേല്‍പ്പിക്കല്‍ (തവക്കുല്‍)
14. നബി(സ)യെ സ്നേഹിക്കല്‍
15. നബി(സ)യെ മഹത്വപ്പെടുത്തലും ആദരിക്കലും
16. അഗ്നിയില്‍ എറിയപ്പെടല്‍ സത്യനിഷേധത്തേക്കാള്‍ അഭികാമ്യമാകുമാര്‍ മത നിഷ്കര്‍ഷ പാലിക്കുക
17. മത വിജ്ഞാനം കരസ്ഥമാക്കുക
18. വിജ്ഞാനം പ്രചരിപ്പിക്കുക
19. ഖുര്‍’ആന്‍ പഠിച്ചും പഠിപ്പിച്ചും അതിലെ വിധിവിലക്കുകള്‍ പാലിച്ചും ഹലാല്‍-ഹറാമുകളെ ഗ്രഹിച്ചും ഖുര്‍’ആന്‍ ഹ്യദിസ്ഥമാക്കിയവരെ ആദരിച്ചും ഖുര്‍’ആനിനെ ബഹുമാനിക്കുക.
20. ശുദ്ധീകരണം
21. നമസ്കാരം
22. സകാത്ത്
23. നോമ്പ്
24. ഇഅതിക്കാഫ്
25. ഹജ്ജ്
26. ധര്‍മ്മ സമരം
27. അള്ളാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമര സജ്ജരാവല്‍
28. സമര മുഖത്ത് നിന്ന് പിന്തിരിയാതെ ശത്രുവിന്റെ മുമ്പില്‍ സ്ഥൈര്യം പ്രകടിപ്പിക്കല്‍
29. ഗനീമത്ത്(സമരാര്‍ജ്ജിത ധനം)ല്‍ നിന്ന് 5ല്‍ ഒരു ഭാഗം ഇമാമിന്‍ നല്‍കല്‍
30. അള്ളാഹുവിന്റെ പ്രതിഫലം കാംക്ഷിച്ച് അടിമകളെ മോചിപ്പിക്കല്‍
31. അക്രമം മൂലം നിര്‍ബന്ധമാകുന്ന പ്രായശ്ചിത്തം വീട്ടല്‍
32. ഉടമ്പടികള്‍ പാലിക്കല്‍
33. അള്ളാഹുവിന്റെ അപാരമായ അനുഗ്രഹങ്ങള്‍ അനുസ്മരിക്കലും അതിന്‍ നന്ദി പ്രകടിപ്പിക്കലും
34. കളവ്, പരദൂ‍ഷണം, ഏഷണി മുതലായ നിക്യഷ്ടവും അനാവശ്യവുമായ കാരങ്ങളെ തൊട്ട് നാവിനെ സൂ‍ക്ഷിക്കല്‍
35. വിശ്വസ്ഥത പാലിക്കല്‍
36. വിശ്വസിച്ചേല്പിക്കപ്പെട്ട വസ്തുക്കള്‍ അതിന്റെ ഉടമസ്ഥര്‍ക്ക് തിരിച്ചു കൊടുക്കല്‍
37. അള്ളാഹു നിഷിദ്ധമാക്കിയ ദേഹത്തെ വധിക്കാതിരിക്കല്‍
38. അതിനെ അക്രമിക്കാതിരിക്കല്‍
39. അവിഹിതമായ ലൈംഗിക വേഴ്ചകള്‍ പരിത്യജിച്ച് പാതിവ്രതം പാലിക്കല്‍
40. മോഷണം, കൊള്ള കൈക്കൂലി തുടങ്ങിയ നിഷിദ്ധമാര്‍ഗ്ഗത്തിലൂടെ ധനം സമ്പാതിരിക്കല്‍
41. അനുവദനീയമല്ലാ‍ത്ത ഭക്ഷണ പാനീയങ്ങളെതൊട്ട് സൂക്ഷമത പാലിക്കല്‍
42. നിഷിദ്ധമാക്കപ്പെട്ട വേഷവിധാനങ്ങളും, പാത്രങ്ങളും, ഉടയാടകളും ആഭരണങ്ങളുമെല്ലാം ഉപേക്ഷിക്കല്‍
43. ശറ’ഇന്ന് വിരുദ്ധമായ കളിവിനോദങ്ങളെ വര്‍ജ്ജിക്കല്‍
44. ചിലവ് ചുരുക്കലും നിഷിദ്ധമായ ധനം ഭക്ഷിക്കാതിരിക്കലും
45. അസൂയ വെക്കാതിരിക്കല്‍
46. മറ്റുള്ളവരുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കാതിരിക്കല്‍
47. ലോകമാന്യം വരാതിരിക്കാന്‍ അമലുകള്‍ ആത്മാര്‍ത്ഥതാ നിര്‍ഭരമാക്കല്‍
48. നന്മ ചെയ്താല്‍ സന്തോഷിക്കലും തിന്മ ചെയ്താല്‍ ദുഖിക്കലും
49. എല്ലാ പാപത്തിനും പശ്ചാതപിക്കല്‍
50. ഹജ്ജിനോടനുബന്ധിച്ച ബലി, ഹഖീഖ, ഉള്ഹിയത്ത് മുതലായവ അറുത്ത് പുണ്യം ചെയ്യല്‍
51. പണ്ഡിതന്മാരെ അനുസരിക്കല്‍
52. ഭിന്നിച്ചു ഒറ്റപ്പെട്ടു പോവാതെ മുസ്ലിം സമൂഹം ഏതൊന്നിന്മേലാണോ അത് അവലംബിക്കുക
53. ജനങ്ങള്‍ക്കിടയില്‍ നീതി കൊണ്ട് വിധിക്കുക
54. നന്മ കൊണ്ട് ഉപദേശിക്കലും തിന്മയെ വിരോധിക്കലും
55. നന്മക്കും തഖ്’വാക്കും പരസ്പരം സഹായിക്കുക
56. ലജ്ജ
57. മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യുക
58. കുടുംബ ബന്ധം ചേര്‍ക്കുക
59. സല്‍ സ്വഭാവം ഉള്‍ക്കൊള്ളുക
60. ഉടമസ്ഥതയില്‍ ഉള്ളവര്‍ക്ക് ഗുണം ചെയ്യുക
61. അടിമ യജമാനനെ അനുസരിക്കുകയും അവന് വഴിപ്പെടുകയും ചെയ്യുക
62. കളത്രപുത്രാദികളോടുള്ള കടമകളും ബാധ്യതകളും നിര്‍വ്വഹിക്കുക, അവര്‍ക്ക് ആവശ്യമായ ദീനി വിജ്ഞാനവും സംസ്കാരവും പഠിപ്പിക്കലും ഇതില്‍ ഉള്‍പ്പെടും
63. മതത്തിന്റെ വക്താക്കളോട് സാമീപ്യ ബന്ധം പുലര്‍ത്തുകയും അവരെ സ്നേഹിക്കുകയും ചെയ്യുക. പരസ്പരം സലാം പറയുക, ഹസ്തദാനം ചെയ്യുക മുതലായ സ്നേഹാത്മക കാര്യങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നതാണ്
64. സലാം മടക്കുക
65. രോഗ സന്ദര്‍ശനം
66. മുസ്ലിംകളില്‍ നിന്ന് മരിച്ചവരുടെ മേല്‍ നമസ്കരിക്കുക
67. തുമ്മിയവന്‍ “അല്‍ഹംദുലില്ലാഹ്” എന്ന് പറഞ്ഞാല്‍ “യര്‍ഹമക്കുള്ളാ‍ഹ്” എന്ന് പറഞ്ഞ് അവന് അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക
68. അവിശ്വാസികളോടും നാശകാരികളോടും അകന്ന് നില്‍ക്കുക
69. അയല്‍’വാസിയെ ആദരിക്കുക
70. അഥിതികളെ ബഹുമാനിക്കുക
71. സത്യവിശ്വാസികളുടെ പാപങ്ങള്‍ മറച്ചു വെക്കുക, അത് പരസ്യപ്പെടുത്തരുത്
72. ആപത്തുകളില്‍ ക്ഷമ അവലംബിക്കുക, ശരീരേഛകളെ നിയന്ത്രിച്ച് ക്ഷമ കൈക്കൊള്ളലും ഇതില്‍ പെടും
73. ആഗ്രഹം കുറച്ച് ഐഹിക ബന്ധം മുറിക്കുക
74. അനാശാസ്യ പ്രവണതകളോട് അഭിമാന രോഷം പ്രകടിപ്പിക്കുക
75. അനാവശ്യങ്ങളില്‍ നിന്ന് പിന്തിരിയുക
76. ദാനധര്‍മ്മങ്ങള്‍ ചെയ്യുക
77. ചെറിയവരോട് കരുണ കാണിക്കുക്കയും വലിയവരെ ആദരിക്കുകയും ചെയ്യുക
78. പിണങ്ങി നില്‍ക്കുന്നവരൂടെ ഇടയില്‍ “മസ്’ഹലത്ത്” (രമ്യത) ഉണ്ടാക്കുക
79. തനിക്ക് താന്‍ ഇഷ്ടപ്പെടുന്നത് തന്റെ മുസ്ലിം സഹോദരനും ഇഷ്ടപ്പെടുക

Monday, January 4, 2010

ഇസ്ലാം 5 കാര്യങ്ങളില്‍ അധിഷ്ടിതം

ഇബ്നു ഉമര്‍(റ)ല്‍ നിന്ന് നിവേദനം : നബി(സ) പറഞു : ഇസ്ലാം സ്ഥാപിതമായത് 5 കാര്യങ്ങളിന്മേലാകുന്നു. അളളാഹു ഒഴികെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി(സ) അവന്റെ ദാസനും ദൂതനുമാണെന്നും സത്യസാക്ഷ്യം വഹിക്കുക. നമസ്കാരം മുറപ്രകാരം അനുഷ്ടിക്കുക. സക്കാത്ത്(നിര്‍ബന്ധദാനം) കൊടുക്കുക. ഹജ്ജ് ചെയ്യുക. റമസാന്‍ വ്രതമനുഷ്ടിക്കുക (ഇവയാണ് 5 കാര്യങ്ങള്‍)*

ബുഖാരി : കിതാബുല്‍ ഈമാന്‍
മുസ്ലിം : കിതാബുല്‍ ഈമാന്‍

* ഈ റിപ്പോര്‍ട്ടില്‍ ഹജ്ജിനെ മുന്തിച്ചും നോമ്പിനെ പിന്തിച്ചുമാണ് പറഞ്ഞത്. മറ്റുചില റിപ്പോര്‍ട്ടുകളില്‍ വിപരീതവും വന്നിരിക്കുന്നു. രണ്ടായാലും വിവരണം വസ്തുതാപരമാ‍ണ്. ശ്രേഷ്ടതയുടെ ക്രമം വ്യക്തമാക്കല്‍ ഉദ്ദേശമല്ല. ഹജ്ജിന്റെ മുമ്പ് നിര്‍ബന്ധമാക്കപ്പെട്ടതെന്ന നിലക്കും മറ്റും നോമ്പിനാണ് മുന്‍’ഗണന എന്ന് പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്. ഹിജ്’റ 2-ആം വര്‍ഷത്തിലാണ് അത് നിര്‍ബന്ധമാക്കപ്പെട്ടത്. ഹജ്ജ് നിര്‍ബന്ധമാക്കപ്പെട്ടത് 6ല്‍ ആണെന്നും 9ല്‍ ആണെന്നും അഭിപ്രായമുണ്ട്.

Sunday, January 3, 2010

അമലുകള്‍ക്ക് നിയ്യത്ത് അനിവാര്യം

ഉമറുബ്നു ഖതാബ്(റ)ല്‍ നിന്ന് നിവേദനം : നബി(സ) പറഞ്ഞു : നിയ്യത്തുകള്‍ക്കൊണ്ട് മാത്രമേ കര്‍മ്മങ്ങള്‍ പരിഗണിക്കപ്പെടുകയുള്ളൂ. ഓരോ മനുഷ്യനും ലഭിക്കുക അവനുദ്ദേശിച്ചത് മാത്രമായിരിക്കും. ഒരാള്‍ ഹിജ്’റ(പാലായനം) ചെയ്യുന്നത് അള്ളാഹുവിങ്കലേക്കും അവന്റെ റസൂല്‍(സ)ലിങ്കലേക്കും ആണെങ്കില്‍ അയാളുടെ ഹിജ്’റ അള്ളാഹുവിലേക്കും റസൂലി(സ)ലേക്കും തന്നെ. ഒരാളുടെ ഹിജ്’റ ഐഹികനേട്ടങ്ങള്‍ കരസ്ഥമാക്കാനോ അഥവാ താന്‍ (കാമിക്കുന്ന) സ്ത്രീയെ വിവാഹം കഴിക്കാനോ ആണെങ്കില്‍ അവന്റെ ഹിജ്’റ അവര്‍ ഉദ്ദേശിച്ചതിലേക്കാകുന്നു.(*)

ബുഖാരി :
1.കിതാബുകൈഫകാനബദു’ഉല്‍’വഹ്’യി
2.കിതാബുല്‍ ഈമാന്‍
3.കിതാബുറഹ്നിഫില്‍ ഹളറി
4.മനാഖിബുല്‍ അന്‍സാര്‍
5.കിതാബുന്നികാഹ്
6.കിതാബുല്‍ അയ്മാന്‍
മുസ്ലിം :
1.കിതാബുല്‍ ഇമാറത്ത്

(*) നിയ്യത്ത് കൂടാതെ ഒരു അമലും സ്വീകാര്യമല്ലെന്നാണ് ഈ ഹദീസ് നല്‍കുന്ന പ്രഥമ പാഠം. നമസ്കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ്, വുളു, കുളി, തയമ്മം, സദഖ, ആദിയായ എല്ലാ കര്‍മ്മങ്ങളിലും നിയ്യത്ത് അനിവാര്യമാകുന്നു. അള്ളാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചു ആത്മാര്‍ത്ഥമായനുഷ്ടിക്കുന്ന സുക്യതങ്ങള്‍ മാത്രമേ പ്രതിഫലാര്‍ഹമാകയുള്ളുവെന്ന് ഈ വചനം വിളംബരം ചെയ്യുന്നുണ്ട്. കര്‍മ്മം ബാഹ്യ വീക്ഷണത്തില്‍ നന്നായത് കൊണ്ടായില്ല. പേരിനും പെരുമക്കും വേണ്ടി ചെയ്യുന്നതും ഭൌതിക നേട്ടങ്ങളില്‍ പ്രചോദിതമായനുഷ്ടിക്കപ്പെടുന്നതുമായ കര്‍മ്മങ്ങള്‍ക്കൊന്നും അള്ളാഹുവിങ്കല്‍ പ്രതിഫലം ലഭിക്കയില്ലെന്ന് ഈ വചനം തെളിയിക്കുന്നു.

ഒരാള്‍ ഉമ്മുഖൈസ് എന്ന സ്ത്രീയെ വിവാഹം കഴിക്കാനുദ്ദേശിച്ച് ഹിജ്’റ ചെയ്ത പശ്ചാത്തലത്തിലാണ് നബി(സ) ഇപ്രകാരം അരുളിയത്.

സുന്നത്ത് ജമാ’അത്ത് നേര്‍ക്കുനേര്‍ പരിപാടികള്‍

കേരളത്തില്‍ ഇന്ന് പ്രവര്‍ത്തിച്ചു വരുന്ന ബിദ’ഈ പ്രസ്ഥാനങ്ങളുടെ അവകാശവാദങ്ങളുടെ യഥാര്‍ത്ഥ മുഖം പഠിക്കാന്‍ ഉതകുന്ന തരത്തില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം “മൌലാനാ നജീബ് മൌലവി”യുടെ നേത്യത്വത്തില്‍ നടന്ന നേര്‍ക്കുനേര്‍ പരിപാടികളുടെ വീഡിയോകള്‍ യൂടുബില്‍ ലഭ്യമാണ്...ഇതു വരെയുള്ള നേര്‍ക്കുനേര്‍ പരിപാടികളുടെ വീഡിയോകളുടെ ആദ്യ ഭാഗത്തിന്റെ ലിങ്ക് താഴെ കൊടുക്കുന്നു... തുടര്‍ന്ന് നിങ്ങള്‍ക്ക് യൂടുബില്‍ മുഴുവന്‍ വീഡിയോയും കാണാവുന്നതാണ്..

ശിര്‍ക്ക് (1920 കാലഘട്ടങ്ങളില്‍ മുജാഹിദ് പ്രസ്ഥാനം കേരളത്തില്‍ വരുന്നത് വരെ ജീവിച്ചു വന്ന മുസ്ലിം ജനത ശിര്‍ക്ക് ചെയ്തുകൊണ്ടാണ് ജീവിച്ചിരുന്നത് എന്ന മുജാഹിദ് വാദത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടുന്നു ഇവിടെ ശിര്‍ക്കിന്റെ വിശദീകരണത്തിലൂടെ)
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക :
http://www.youtube.com/watch?v=9QHe4D_780s

പ്രാര്‍ത്ഥന അള്ളാഹുവിനോട് മാത്രം?(പ്രാര്‍ത്ഥന എന്ന വാക്കിന് സ്വന്തമായി ഒരു വ്യാഖ്യാനം കൊടുത്ത് സുന്നികള്‍ നടത്തുന്ന ഇശ്’തിശ്ഫാഇനെയും മറ്റും ആരാധനയുടെ പരിധിയില്‍ വരുത്താന്‍ മുജാഹിദ് പ്രസ്ഥാനം നടത്തുന്ന പ്രചാരണങ്ങള്‍ തുറന്നു കാണിക്കുന്നു)
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക :
http://www.youtube.com/watch?v=TIme3NXI6K8

മങ്കൂസ് മൌലൂദ് (മങ്കൂസ് മൌലൂദിനെക്കുറിച്ച് ഒരു വിശദ പഠനം)
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക :
http://www.youtube.com/watch?v=PhY1tvk0ROA

മുഹിയുദ്ദീന്‍ മാല (മുഹിയുദ്ദീന്‍ മാലയെക്കുറിച്ചും അതിന്റെ ആധികാരികതയെക്കുറിച്ചും ഉള്ള ഒരു വിശദീകരണം)
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക :
http://www.youtube.com/watch?v=kaDO_c0Ga6U

വഹാബിസം (ആഗോള ബിദ’ഈ പ്രസ്ഥാനത്തിന്റെ പൂര്‍ണ്ണരൂപമായ വഹാബിസത്തെക്കുറിച്ച് സമഗ്രമായി മനസ്സിലാക്കാന്‍ ഉതകുന്ന തരത്തിലുള്ള ഒരു വിശദമായ പഠനം)
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക :
http://www.youtube.com/watch?v=vHQ5HRNEtTw

പുത്തന്‍ വാദികള്‍ക്കെതിരെ ജാഗരണം (നാദാപുരം പ്രഭാഷണം)
http://www.youtube.com/watch?v=17rythQeVQE

ബിദ്’അത്ത് ഇസ്ലാമികം അനിസ്ലാമികം (ബിദ്’അത്ത് എന്ന പദത്തിന്റെ വ്യാപ്തിയും വ്യാഖ്യാനവും മനസ്സിലാക്കാതെ സുന്നികളുടെ പേരില്‍ ബിദ്’അത്ത്/ശിര്‍ക്ക് ആരോപിക്കുന്ന മുജാഹിദ് വാദത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടുകയാണ് ഇവിടെ ബിദ്’അത്തിന്റെ ശരിയായ വിശദീകരണത്തിലൂടെ)
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക :
http://www.youtube.com/watch?v=645fSm0Lk7g

അള്ളാ‍ഹു നമുക്ക് എല്ലാവര്‍ക്കും ഹിദായത്ത് നല്‍കി അവന്റെ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടുമാറാവട്ടെ..