ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Tuesday, January 5, 2010

ഈമാനിന്റെ ശാഖകള്‍

അബൂഹുറൈറ (റ)ല്‍ നിന്ന് നിവേദനം : നബി(സ) പറഞ്ഞു : എഴുപതില്പരം(മറ്റൊരു റിപ്പോര്‍ട്ടില്‍ അറുപത് എന്നുമുണ്ട്) ശാഖകള്‍ ഉള്ളതാണ് ഈമാന് (സത്വവിശ്വാസം).‍ അതില്‍ ഏറ്റവും ശ്രേഷ്ടമായത് “ലാ ഇലാഹ ഇല്ലള്ളാഹ്” (അള്ളാഹു അല്ലാതെ ആരാധ്യനില്ല) എന്ന വാക്യമാകുന്നു. അവയില്‍ ഏറ്റവും താഴ്ന്നത് വഴിയില്‍ നിന്ന് ഉപദ്രവങ്ങള്‍ നീക്കലാകുന്നു. ലജ്ജ സത്വവിശ്വാസത്തിന്റെ ഒരു ശാഖയാണ്.***

ബുഖാരി : കിതാബുല്‍ ഈമാന്‍
മുസ്ലിം : കിതാബുല്‍ ഈമാന്‍

*** വാസ്തവമാക്കല്‍ എന്നാല്‍ “ഈമാന്റെ” ഭാഷാര്‍ത്ഥം അള്ളാ‍ഹുവിങ്കല്‍ നിന്ന് മുഹമ്മദ് നബി(സ) കൊണ്ടു വന്ന എല്ലാം വാസ്തവമാക്കുന്നതോടൊപ്പം അതനുസരിച്ചുള്ള കര്‍മ്മങ്ങള്‍ കൂടി ഉള്‍പ്പെടുന്ന‌‌‌‌‌ വിശ്വാസ, കര്‍മ്മ, സ്വഭാവ സമുച്ചയമാണ് ശറ’ഈ വ്യവഹരണത്തില്‍ ഈമാന്‍. ഹ്യദയം കൊണ്ട് വാസ്തവമാക്കുക, നാവ്കൊണ്ട് സത്യസാക്ഷ്യം വഹിക്കുക, അവയവങ്ങള്‍ കൊണ്ട് അമല്‍ ചെയ്യുക ഇവ മൂന്നും കൂടുമ്പോള്‍ മാത്രമേ ഈമാന്‍ പൂര്‍ണ്ണമാവുകയുള്ളൂ. സത്യവിശ്വാസിയില്‍ നിന്ന് മനസ്സാ-വാചാ-കര്‍മ്മണായുണ്ടാവുന്ന എല്ലാ നന്മകളും ഈമാനില്‍ നിന്നുല്‍ഭൂതമാണ്.ഇമാം അബൂഹാതിം ഇബ്നുഹിബ്ബാന്‍(റ) പറഞു : ഈ ഹദീസിന്റെ വിവക്ഷ ഞാന്‍ വിശകലനം ചെയ്തു. മൊത്തം പുണ്ണ്യകര്‍മ്മങ്ങള്‍ ഞാന്‍ എണ്ണി നോക്കുമ്പോള്‍ അവ ഹദീസില്‍ പറഞ എണ്ണത്തേക്കാള്‍ എത്രയോ കൂടുതല്‍. ഉടനെ ഞാന്‍ നബി ചര്യയിലേക്ക് മടങ്ങി. നബി(സ) ഈമാനിലുള്‍പ്പെടുത്തി പറഞ്ഞ പുണ്യങ്ങളുടെ കണക്കെടുത്തു. അപ്പോള്‍ അത് എഴുപതില്പരമില്ല. പിന്നെ ഞാന്‍ വിശുദ്ധ ഖുര്‍‘ആന്‍ അവ ഗാഡമായി ചിന്തിച്ചു പാരാ‍യണം ചെയ്തു. അള്ളാഹു ഈമാനിലുള്‍പ്പെടുത്തിയ പുണ്യകര്‍മ്മങ്ങള്‍ എണ്ണി. അപ്പോള്‍ അത് ഹദീസില്‍ പറഞ്ഞ എണ്ണത്തില്‍ കുറവ്. അനന്തരം ഞാന്‍ ഖുര്‍’ആനില്‍ ഉള്ളവയെ ഹദീസില്‍ ഉള്ളവയോട് കൂട്ടിച്ചേര്‍ത്ത് നോക്കിയപ്പോള്‍ അള്ളാഹുവും റസൂല്‍(സ)യും ഈമാനിലുള്‍പ്പെടുത്തി പറഞ്ഞ കാര്യങ്ങള്‍ ആകെ എഴുപത്തിഒമ്പത് കിട്ടി. അതില്‍ അധികവുമില്ല കുറവുമില്ല. ഖുര്‍’ആനിലും ഹദീസിലും കൂടിയുള്ള മൊത്തം എണ്ണമാണ് നബി(സ) തല്‍ വചനത്തില്‍ പരാമര്‍ശിച്ചതെന്ന് അങ്ങനെ എനിക്ക് ബോധ്യപ്പെട്ടു (ശറഹു മുസ്ലിം)

ഈമാനിന്റെ ശാഖകള്‍
1. അള്ളാഹുവില്‍ വിശ്വസിക്കുക
2. അള്ളാഹുവിന്റെ പ്രവാചകന്മാരില്‍ വിശ്വസിക്കുക
3. മലക്കുകളില്‍ വിശ്വസിക്കുക
4. ഖുര്‍’ആനില്‍ വിശ്വസിക്കുക
5. നന്മയും തിന്മയും അള്ളാഹുവിന്റെ വിധിയും വേണ്ടുകയനുസരിച്ചാണ്‍നുണ്ടാകുന്നതെന്ന് വിശ്വസിക്കുക
6. അന്ത്യനാള്‍ കൊണ്ട് വിശ്വസിക്കുക
7. മരണാനന്തരമുള്ള പുനര്‍ജീവിതം കൊണ്ട് വിശ്വസിക്കുക
8. ഖബറുകളില്‍ പുനര്‍ജീവിപ്പിച്ചു മനുഷ്യരെ മഹ്ശറയില്‍ ഒരുമിച്ചു കൂട്ടുമെന്ന് വിശ്വസിക്കുക
9. സത്യ വിശ്വാസികളുടെ പാരത്രിക ഭവനം സ്വര്‍ഗ്ഗമാണെന്ന് വിശ്വസിക്കുക
10. അള്ളാഹുവിനെ സ്നേഹിക്കല്‍
11. അള്ളാഹുവിനെ സംബന്ധിച്ചുള്ള ഭയം
12. അള്ളാഹുവിനെ സംബന്ധിച്ച് “റജാ‍അ”(പ്രത്യാശ)
13. അള്ളാഹുവിന്റെ മേല്‍ ഭരമേല്‍പ്പിക്കല്‍ (തവക്കുല്‍)
14. നബി(സ)യെ സ്നേഹിക്കല്‍
15. നബി(സ)യെ മഹത്വപ്പെടുത്തലും ആദരിക്കലും
16. അഗ്നിയില്‍ എറിയപ്പെടല്‍ സത്യനിഷേധത്തേക്കാള്‍ അഭികാമ്യമാകുമാര്‍ മത നിഷ്കര്‍ഷ പാലിക്കുക
17. മത വിജ്ഞാനം കരസ്ഥമാക്കുക
18. വിജ്ഞാനം പ്രചരിപ്പിക്കുക
19. ഖുര്‍’ആന്‍ പഠിച്ചും പഠിപ്പിച്ചും അതിലെ വിധിവിലക്കുകള്‍ പാലിച്ചും ഹലാല്‍-ഹറാമുകളെ ഗ്രഹിച്ചും ഖുര്‍’ആന്‍ ഹ്യദിസ്ഥമാക്കിയവരെ ആദരിച്ചും ഖുര്‍’ആനിനെ ബഹുമാനിക്കുക.
20. ശുദ്ധീകരണം
21. നമസ്കാരം
22. സകാത്ത്
23. നോമ്പ്
24. ഇഅതിക്കാഫ്
25. ഹജ്ജ്
26. ധര്‍മ്മ സമരം
27. അള്ളാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമര സജ്ജരാവല്‍
28. സമര മുഖത്ത് നിന്ന് പിന്തിരിയാതെ ശത്രുവിന്റെ മുമ്പില്‍ സ്ഥൈര്യം പ്രകടിപ്പിക്കല്‍
29. ഗനീമത്ത്(സമരാര്‍ജ്ജിത ധനം)ല്‍ നിന്ന് 5ല്‍ ഒരു ഭാഗം ഇമാമിന്‍ നല്‍കല്‍
30. അള്ളാഹുവിന്റെ പ്രതിഫലം കാംക്ഷിച്ച് അടിമകളെ മോചിപ്പിക്കല്‍
31. അക്രമം മൂലം നിര്‍ബന്ധമാകുന്ന പ്രായശ്ചിത്തം വീട്ടല്‍
32. ഉടമ്പടികള്‍ പാലിക്കല്‍
33. അള്ളാഹുവിന്റെ അപാരമായ അനുഗ്രഹങ്ങള്‍ അനുസ്മരിക്കലും അതിന്‍ നന്ദി പ്രകടിപ്പിക്കലും
34. കളവ്, പരദൂ‍ഷണം, ഏഷണി മുതലായ നിക്യഷ്ടവും അനാവശ്യവുമായ കാരങ്ങളെ തൊട്ട് നാവിനെ സൂ‍ക്ഷിക്കല്‍
35. വിശ്വസ്ഥത പാലിക്കല്‍
36. വിശ്വസിച്ചേല്പിക്കപ്പെട്ട വസ്തുക്കള്‍ അതിന്റെ ഉടമസ്ഥര്‍ക്ക് തിരിച്ചു കൊടുക്കല്‍
37. അള്ളാഹു നിഷിദ്ധമാക്കിയ ദേഹത്തെ വധിക്കാതിരിക്കല്‍
38. അതിനെ അക്രമിക്കാതിരിക്കല്‍
39. അവിഹിതമായ ലൈംഗിക വേഴ്ചകള്‍ പരിത്യജിച്ച് പാതിവ്രതം പാലിക്കല്‍
40. മോഷണം, കൊള്ള കൈക്കൂലി തുടങ്ങിയ നിഷിദ്ധമാര്‍ഗ്ഗത്തിലൂടെ ധനം സമ്പാതിരിക്കല്‍
41. അനുവദനീയമല്ലാ‍ത്ത ഭക്ഷണ പാനീയങ്ങളെതൊട്ട് സൂക്ഷമത പാലിക്കല്‍
42. നിഷിദ്ധമാക്കപ്പെട്ട വേഷവിധാനങ്ങളും, പാത്രങ്ങളും, ഉടയാടകളും ആഭരണങ്ങളുമെല്ലാം ഉപേക്ഷിക്കല്‍
43. ശറ’ഇന്ന് വിരുദ്ധമായ കളിവിനോദങ്ങളെ വര്‍ജ്ജിക്കല്‍
44. ചിലവ് ചുരുക്കലും നിഷിദ്ധമായ ധനം ഭക്ഷിക്കാതിരിക്കലും
45. അസൂയ വെക്കാതിരിക്കല്‍
46. മറ്റുള്ളവരുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കാതിരിക്കല്‍
47. ലോകമാന്യം വരാതിരിക്കാന്‍ അമലുകള്‍ ആത്മാര്‍ത്ഥതാ നിര്‍ഭരമാക്കല്‍
48. നന്മ ചെയ്താല്‍ സന്തോഷിക്കലും തിന്മ ചെയ്താല്‍ ദുഖിക്കലും
49. എല്ലാ പാപത്തിനും പശ്ചാതപിക്കല്‍
50. ഹജ്ജിനോടനുബന്ധിച്ച ബലി, ഹഖീഖ, ഉള്ഹിയത്ത് മുതലായവ അറുത്ത് പുണ്യം ചെയ്യല്‍
51. പണ്ഡിതന്മാരെ അനുസരിക്കല്‍
52. ഭിന്നിച്ചു ഒറ്റപ്പെട്ടു പോവാതെ മുസ്ലിം സമൂഹം ഏതൊന്നിന്മേലാണോ അത് അവലംബിക്കുക
53. ജനങ്ങള്‍ക്കിടയില്‍ നീതി കൊണ്ട് വിധിക്കുക
54. നന്മ കൊണ്ട് ഉപദേശിക്കലും തിന്മയെ വിരോധിക്കലും
55. നന്മക്കും തഖ്’വാക്കും പരസ്പരം സഹായിക്കുക
56. ലജ്ജ
57. മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യുക
58. കുടുംബ ബന്ധം ചേര്‍ക്കുക
59. സല്‍ സ്വഭാവം ഉള്‍ക്കൊള്ളുക
60. ഉടമസ്ഥതയില്‍ ഉള്ളവര്‍ക്ക് ഗുണം ചെയ്യുക
61. അടിമ യജമാനനെ അനുസരിക്കുകയും അവന് വഴിപ്പെടുകയും ചെയ്യുക
62. കളത്രപുത്രാദികളോടുള്ള കടമകളും ബാധ്യതകളും നിര്‍വ്വഹിക്കുക, അവര്‍ക്ക് ആവശ്യമായ ദീനി വിജ്ഞാനവും സംസ്കാരവും പഠിപ്പിക്കലും ഇതില്‍ ഉള്‍പ്പെടും
63. മതത്തിന്റെ വക്താക്കളോട് സാമീപ്യ ബന്ധം പുലര്‍ത്തുകയും അവരെ സ്നേഹിക്കുകയും ചെയ്യുക. പരസ്പരം സലാം പറയുക, ഹസ്തദാനം ചെയ്യുക മുതലായ സ്നേഹാത്മക കാര്യങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നതാണ്
64. സലാം മടക്കുക
65. രോഗ സന്ദര്‍ശനം
66. മുസ്ലിംകളില്‍ നിന്ന് മരിച്ചവരുടെ മേല്‍ നമസ്കരിക്കുക
67. തുമ്മിയവന്‍ “അല്‍ഹംദുലില്ലാഹ്” എന്ന് പറഞ്ഞാല്‍ “യര്‍ഹമക്കുള്ളാ‍ഹ്” എന്ന് പറഞ്ഞ് അവന് അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക
68. അവിശ്വാസികളോടും നാശകാരികളോടും അകന്ന് നില്‍ക്കുക
69. അയല്‍’വാസിയെ ആദരിക്കുക
70. അഥിതികളെ ബഹുമാനിക്കുക
71. സത്യവിശ്വാസികളുടെ പാപങ്ങള്‍ മറച്ചു വെക്കുക, അത് പരസ്യപ്പെടുത്തരുത്
72. ആപത്തുകളില്‍ ക്ഷമ അവലംബിക്കുക, ശരീരേഛകളെ നിയന്ത്രിച്ച് ക്ഷമ കൈക്കൊള്ളലും ഇതില്‍ പെടും
73. ആഗ്രഹം കുറച്ച് ഐഹിക ബന്ധം മുറിക്കുക
74. അനാശാസ്യ പ്രവണതകളോട് അഭിമാന രോഷം പ്രകടിപ്പിക്കുക
75. അനാവശ്യങ്ങളില്‍ നിന്ന് പിന്തിരിയുക
76. ദാനധര്‍മ്മങ്ങള്‍ ചെയ്യുക
77. ചെറിയവരോട് കരുണ കാണിക്കുക്കയും വലിയവരെ ആദരിക്കുകയും ചെയ്യുക
78. പിണങ്ങി നില്‍ക്കുന്നവരൂടെ ഇടയില്‍ “മസ്’ഹലത്ത്” (രമ്യത) ഉണ്ടാക്കുക
79. തനിക്ക് താന്‍ ഇഷ്ടപ്പെടുന്നത് തന്റെ മുസ്ലിം സഹോദരനും ഇഷ്ടപ്പെടുക

No comments:

Post a Comment