ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Sunday, March 21, 2010

അള്ളാഹുവിന്റെ പ്രവാചകര്‍ - 4

അല്ലാഹുവുമായുള്ള സഹവാ‍സത്തിനും രമ്യപ്പെടലിനും അവിടത്തെ സഹായം കൂടിയേ തീരൂ. നബി (സ) മുഖേനയാണ് അല്ലാഹുവിനെ സ്നേഹിക്കാനും അല്ലാഹുവിന്റെ സ്നേഹം ലഭിക്കാനും കഴിയുകയുള്ളുവെന്ന് വിശുദ്ധ ഖുര്‍‌ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക. അല്ലാഹു അപ്പോഴാണ് നിങ്ങളെ സ്നേഹിക്കുക’ എന്ന് ജനങ്ങളെ അറിയിക്കാന്‍ അല്ലാഹു നിബിയോടാജ്ഞാപിച്ചിരിക്കുന്നത് കാണാം. (ഖു. 3:31)

മുഹമ്മദ് നബിയുടെ (സ) ചേവടികള്‍ പിന്തുടര്‍ന്നു കൊണ്ടല്ലാതെ അല്ലാഹുവില്‍ നേരിട്ട് എത്തിച്ചേരാന്‍ ആര്‍ക്കും ഒരു വഴിയുമില്ല. ദൈവവിചാരം കൊണ്ട് ജ്വലിക്കുന്ന മനസ്സാണ് ഒരാള്‍ക്കുള്ളതെങ്കില്‍ പോലും ക‌അ‌ബ വഴിക്കല്ലാതെ നിസ്കാരത്തില്‍ ദൈവികമായ ആഭിമുഖ്യം അയാളെ തിരിഞ്ഞുനോക്കുകയില്ലെന്നതാണ് സത്യം. അതു പോലെത്തന്നെ സത്യമാണ്, മുഹമ്മദ് നബിയെ (സ) പിന്തുടരുകയും അവിടത്തേക്ക് സിദ്ധിച്ച ‘നബിത്വ’വുമായി മനസ്സിനെ സന്ധിപ്പിക്കുകയും അവിടത്തോട് ‘സ്വലാത്തും’,‘സലാമും’വഴി ബന്ധം നിലനിര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്യാതെ ദൈവികമായ ആഭിമുഖ്യം ഒരാള്‍ക്കും സിദ്ധിക്കുകയില്ല എന്നത്. ദൈവത്തെയും അവന്റെ ദാസനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണി അവിടന്നാകുന്നു.

മുഴുവന്‍ നന്മകളുടേയും പ്രതിരൂപവും മനുഷ്യമഹിമകളുടെ ഉദാത്തമാതൃകയുമാണ് നബി (സ) എന്നതിനാല്‍ അവിടത്തോടുള്ള സ്നേഹം അദമ്യമായിരിക്കുകയും അത് കരുത്തിന്റെ സ്രോതസ്സായി മാറുകയും ചെയ്തു കഴിഞ്ഞാല്‍ പിന്നെ ജീവിതം മൂല്യാധിഷ്ഠിതമായിരിക്കേണ്ടതിന് മനുഷ്യന് വേറെ അധ്യാപനങ്ങളെന്തിന് ? സ്നേഹത്തേക്കാള്‍ കരുത്തുറ്റ മൂല്യം വേറെയില്ല. ലക്ഷ്യവും മാര്‍ഗ്ഗവും പ്രചോദനവുമെല്ലാം ആകുവാന്‍ സ്നേഹത്തിന് കഴിയും. അല്ലാഹുവും അവന്റെ ദൂതനും (സ) മറ്റാരേക്കാളും എന്തിനേക്കാളും തനിക്കു പ്രിയപ്പെട്ടവരായെങ്കിലേ സത്യത്തിലുള്ള തന്റെ വിശ്വാസം ഒരാള്‍ക്ക് മധുരാനുഭൂതി പകരുകയുള്ളുവെന്ന് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചത് ഒരു തിരുമൊഴിയില്‍ കാണാം.

പരമസത്യമായ അല്ലാഹുവിനോടും അവന്റെ ദര്‍ശനങ്ങളുടെ ആള്‍‌രൂപമായി ഭൂമിയില്‍ ജീവിച്ച മുഹമ്മദ് നബി (സ) യോടുമുള്ള അതിരുവെക്കാത്ത സ്നേഹം തന്നെയല്ലേ യഥാര്‍ത്ഥ മതചൈതന്യം! സ്നേഹത്തിന്റെ മൂലസ്രോതസ്സായ അല്ലാഹുവിനേയും അതിന്റെ വാഹകനും ദായകനുമായ നബി (സ) യേയും ഓര്‍ത്തുകൊണ്ടേ മനുഷ്യര്‍ തങ്ങള്‍ക്ക് അന്യോന്യം പകരാനും ഇഷ്ടഭാജനങ്ങളില്‍ നിക്ഷേപിക്കാനും വേണ്ടി സിദ്ധിച്ചിരിക്കുന്ന സ്നേഹ-പ്രേമാദി വിശുദ്ധവികാരങ്ങളെ വിനിയോഗിക്കാവൂ.

നമുക്കൊന്നായി പാടാം.


صَلاٰةُ الله سَلاٰمُ الله عَلَى طۤهٰ رَسُولِ الله
صَلاٰةُ الله سَلاٰمُ الله عَلَى يٰسۤ حَبِيبِ الله

No comments:

Post a Comment