ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Sunday, March 28, 2010

അള്ളാഹുവിന്റെ പ്രവാചകര്‍ - 7

ചരിത്രത്തിലെ പ്രതിഭാശാലികളേയും മഹാന്മാരേയും വായിച്ചറിയുന്ന പില്‍ക്കാലക്കാര്‍ അവരെ അഗാധമായി സ്നേഹിക്കുന്നതിന് എത്രയെത്ര ഉദാഹരണങ്ങള്‍. ഇം‌ഗ്ലീഷ് സാഹിത്യം പഠിക്കുന്നവര്‍ ഷേക്സ്‌പിയറിനേയും വിവിധ ചിന്തകളുടെ അനുധാവകര്‍ അതത് ചിന്താഗതിയുടെ ആചാര്യന്മാരേയും സ്നേഹിക്കുന്നത് സാധാരണമാണ്. നബി صلى الله عليه യില്‍ വിശ്വസിക്കുകയും അവിടത്തെ യഥാര്‍ത്ഥ വ്യക്തിത്വത്തെ സാനുരാഗം ഹൃദയത്തില്‍ സം‌വഹിക്കുകയും ചെയ്യുന്ന ഏതൊരു മുസ്‌ലിമിന്റെയും ജീവിതാഭിലാഷമാണ് അവിടത്തെ മരണാനന്തര വസതിയായ മദീനയിലെ വിശുദ്ധ റൌദയിലേക്ക് ഒരിക്കലെങ്കിലും തീര്‍ത്ഥാടനം നടത്തുകയെന്നത്. അല്ലാഹു നമുക്കെല്ലാവര്‍ക്കും നമ്മുടെ കുടും‌ബങ്ങള്‍ക്കും ആ മഹാ ഭാഗ്യം നല്‍കി അനുഗ്രഹിക്കട്ടെ .......ആമീന്‍...........

മക്കയിലെത്തി ഹജ്ജ് നിര്‍വ്വഹിക്കാനവസരം ലഭിച്ച ഒരു മുസ്‌ലിം മദീനയില്‍ ചെന്ന് വിശുദ്ധ റൌദ കാണുന്നതിനു കൂടി അതുപയോഗപ്പെടുത്തുന്നതില്‍ താല്പര്യം കാട്ടാതെ മടങ്ങുകയാണെങ്കില്‍ അയാള്‍ക്ക് നബി صلى الله عليه യുമായുള്ള ബന്ധത്തിന്റെ ശക്തി എത്രയാണെന്നൂഹിക്കാന്‍ അതു തന്നെ മതി.

ഒരു അനുരക്തന് നബി صلى الله عليه യുടെ വിയോഗാനന്തരം അവിടത്തോടുള്ള അനുരാഗം പരമാവധി പ്രകടിപ്പിക്കാന്‍ സാധിക്കുന്നത് റൌദാ സന്ദര്‍ശനത്തിലൂടെയാണ്. മനസ്സില്‍ മുറ്റിനില്‍ക്കുന്ന സ്നേഹവായ്‌പിന്റെ അതിസമ്മര്‍ദ്ദം അടക്കുവാന്‍ അവിടന്ന് അന്ത്യവിശ്രമം കൊള്ളുന്ന മദീനയിലേക്കുള്ള പാതയിൽ ചരിക്കുകയല്ലാതെ അയാള്‍ എന്തു ചെയ്യും ? തന്റെ ഓരോ അനുയായിക്കും മുഴുവന്‍ ലോകത്തോടുമുള്ളതിനേക്കാള്‍ സ്നേഹം തന്നോടായിരിക്കണമെന്ന് അവിടത്തെ അഭ്യര്‍ത്ഥനയും വിശ്വാസികളുടെ വിശ്വാസത്തിന്റെ പരിപൂര്‍ണ്ണതയ്ക്കുള്ള ഉപാധിയുമായതിനാല്‍ അത്രയൊന്നും സ്നേഹം അവിടത്തോടരുത് എന്ന് പറയാന്‍ ആര്‍ക്കാണവകാശം ? അവിടത്തോടുള്ള സ്നേഹത്തിന് പരിധി നിര്‍ണ്ണയിക്കുന്നതില്‍പരം അപരാധം വേറെയുണ്ടോ ?

ഹൃദയത്തെ വ്യതിചലിക്കാനനുവദിക്കാതെ നബി صلى الله عليه യില്‍ തന്നെ കേന്ദ്രീകരിച്ച് കൊണ്ടായിരിക്കണം. വിശുദ്ധ റൌദ സന്ദര്‍ശിക്കുന്നത് . നബി صلى الله عليه യുടെ അഭാവം കൊണ്ട് വേദനിക്കുന്ന മനസ്സായിരിക്കണം സന്ദര്‍ശകന്റേത്. ലൌകികമായ ഒരു ചിന്തയും അലട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. അവിടത്തെ വ്യക്തിത്വത്തിന്റെ ബഹുവിധ മാനങ്ങളും അറിഞ്ഞിരിക്കണം. സ്നേഹ നിര്‍ഭരവും കാരുണ്യപൂര്‍ണ്ണവും അനുകമ്പാമയവുമായ ആ ജീവിതത്തില്‍ നിന്ന് അറിയുന്നിടത്തോളം അധ്യായങ്ങള്‍ ഓര്‍മ്മയില്‍ വരുത്തണം. അവിടന്ന് മനുഷ്യരാശിയുടെ നന്മക്ക് വേണ്ടി വരിച്ച ത്യാഗങ്ങളെക്കുറിച്ചറിവുണ്ടായിരിക്കണം. പ്രപഞ്ചത്തിന്റെ ഉല്‍ഭവത്തിനും നിലനില്‍പ്പിനും കാരണഭൂതനായ മഹാവ്യക്തിയുടെ സമീപത്താണ് ഞാന്‍ നില്‍ക്കുന്നതെന്ന തിരിച്ചറിവോടെയായിരിക്കണം അവിടെ നില്‍ക്കുന്നത്. നബി صلى الله عليه ഉണ്ടാകുമായിരുന്നില്ലെങ്കില്‍ താനുണ്ടാകുമായിരുന്നില്ല എന്ന സത്യത്തെ കുറിച്ച് ബോധം വേണം. ജനലക്ഷങ്ങള്‍ക്കിടയിലാണെങ്കിലും അവിടത്തേക്ക് ഏകനായിട്ടായിരിക്കണം ചെന്ന് ചേരേണ്ടത്. നബി صلى الله عليه യോടുള്ള അളവറ്റ ബന്ധവും കടപ്പാടും സ്വന്തം അസ്തിത്വത്തിന്റെ എല്ലാ അം‌ശങ്ങളിലും സജീവമാക്കി നിറുത്തണം. തന്റെ സ്നേഹം നബി صلى الله عليه യില്‍ അഗാധമായി തന്നെ ലയിപ്പിക്കുന്നതായി സ്വയം അനുഭവപ്പെടണം. ദുരാലോചനകളെല്ലാം വലിച്ചെറിഞ്ഞ് നിഷ്‌കളങ്കതയോടെ നബി صلى الله عليه യിലേക്ക് പൂര്‍ണ്ണമായങ്ങു പ്രവേശിക്കണം. എങ്കില്‍ അവിടത്തെ അടുപ്പവു ആലിം‌ഗനസ്പര്‍ശവും ശരിക്കും അനുഭവിക്കാനാകും.

ആ ഹബീബിനെ നമുക്ക് പ്രകീര്‍ത്തിക്കാം.


وَصَـلِّ إِلـٰهِي كُلَّ يَـوْمٍ وَلَيْلَةٍ ----- عَلَى أَحْمَدَ الْمُخْتٰارِ مُولَى الْفَضٰائِلُ

No comments:

Post a Comment