ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Sunday, March 28, 2010

അള്ളാഹുവിന്റെ പ്രവാചകര്‍ - 5

ഒരാള്‍ക്ക് മാനുഷികമായ വ്യക്തിത്വം അതിന്റെ തികവില്‍ തന്നില്‍ വികസിപ്പിക്കുന്നതിനും സ്വത്വത്തിന് മുക്തിയും അനശ്വരതയും നേടിയെടുക്കുന്നതിനും വേണ്ടി തന്റെതായ ഭാഗധേയം നിര്‍വഹിക്കണമെങ്കില്‍ അയാള്‍ കൈകൊണ്ടിരിക്കേണ്ട മൂല്യങ്ങള്‍ പ്രധാനമായും പ്രേമം, ബുദ്ധി, കര്‍മ്മം എന്നിവയാണ്. സ്നേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപമാണ് പ്രേമം. സ്നേഹത്തിന് അറബിയില്‍ ‘ഹുബ്ബ്’ എന്നാണ് സാധാരണ പ്രയോഗിക്കാറുള്ളത്. സ്നേഹം അഗാധവും തീവ്രവുമാകുമ്പോള്‍ അത് ‘ഇശ്ഖ്’ അഥവാ പ്രേമം ആയി മാറുന്നു. നിങ്ങള്‍ക്കൊരാളോട് സ്നേഹമാണുള്ളതെങ്കില്‍ അയാളെ നിങ്ങള്‍ പലപ്പോഴും ഓര്‍മ്മിക്കുകയും പലപ്പോഴും ഓര്‍ക്കാതിരിക്കുകയും ചെയ്യും. സദായിപ്പോഴും അയാള്‍ നിങ്ങളുടെ മനസ്സില്‍ കൂടിപാര്‍ത്ത്കൊള്ളണമെന്നില്ല. അതേസമയം നിങ്ങള്‍ക്കയാളോട് പ്രേമമാണുള്ളതെങ്കില്‍ ,അയാള്‍ നിങ്ങളുടെ ചിന്തയെയും വികാരത്തെയും ബോധത്തെയും വിടാതെ പിന്തുടരും. നിങ്ങളുടെ മനസ്സിന്റെ സിംഹാസനത്തില്‍ അയാള്‍ സദാ ഉപവിഷ്ടനായിരിക്കും. പുറത്താക്കാ‍ന്‍ ക്ലേശിക്കുന്തോറും മനസ്സിന്റെ അകത്തളത്തില്‍ അയാള്‍ സ്ഥാനമുറപ്പിക്കുന്നതായാണ് അനുഭവപ്പെടുക.

കാമുകിയെ വിസ്മരിക്കാന്‍‍ വേണ്ടി പൂന്തോട്ടത്തില്‍ പോയി ഇരുന്നപ്പോള്‍ പൂന്തോട്ടത്തിലെ ഓരോ പൂവിലും കാമുകിയുടെ കണ്ണ് ദര്‍ശിച്ച കാമുകന്റെ കഥ പോലെയാണ് പ്രേമം. സ്വത്വത്തിന് അതിന്റെ പ്രഭവസ്ഥാനത്തോടെ സന്ധിക്കാനുള്ള തപിക്കുന്ന ആശയാണ് ഇശ്ഖ്. സ്വത്വത്തിന്റെ പ്രഭവ സ്ഥാനം അല്ലാഹുവാണ്. അതിനാല്‍ ഈ പ്രേമം അലാഹുവിനോടുള്ളതാണ്. പക്ഷ അല്ലാഹുവിനെ കുറിച്ചുള്ള ബോധം മനുഷ്യ പ്രകൃതിക്ക് സഹജമാണെങ്കിലും അല്ലാഹുവിനോട് മനുഷ്യന് സ്നേഹമുണ്ടാകുന്നതും ആ സ്നേഹം പ്രേമമായി വളരുന്നതുമെല്ലാം മുഹമ്മദ് നബി(സ) മുഖേന അല്ലാഹുവിനെ അറിയുന്നതിന്റെ ഫലമായി മാത്രം സംഭവിക്കുന്നതാകുന്നു.

അന്ധവും അലക്ഷ്യവുമായ ഒന്നായിരിക്കരുത് ഈ പ്രേമം. അറിവിന്റെയും ആലോചനയുടെയും സഹായത്തോടെ ബോധപൂർവ്വം വളർത്തപ്പെടുന്നതായിരിക്കണം. ഈ നിലയില്‍ ,മുഹമ്മദ് നബി(സ) യിലൂടെ പ്രസരിക്കുന്ന പ്രകാശത്തിലൂടെയാണ് നമുക്ക് അല്ലാഹുവിന്റെ ദര്‍ശനത്തിന്റെ പൂര്‍ണ്ണമായ രൂപം കൈവരിക്കാനാവുന്നത്. മുഹമ്മദ് നബി(സ) അല്ലാഹുവിനെ എന്തായി പഠിപ്പിച്ചുവോ അതാണ് നമ്മുടെ വിശ്വാസത്തിലുള്ള അല്ലാഹു. അപ്പോള്‍‍ പിന്നെ ഭൂമിയില്‍ ജീവിച്ച മുഹമ്മദ് നബി(സ) യെ പ്രേമിക്കാതെ എങ്ങിനെ തിരുനബിയിലൂടെ പരിചയപ്പെടുത്തപ്പെട്ട അല്ലാഹുവിനെ പ്രേമിക്കാനാവും ? കാണാനാകുന്ന തന്റെ സഹോദരനെ സ്നേഹിക്കാത്തവര്‍ കാണാന്‍ കഴിയാത്ത ദൈവത്തെ എങ്ങിനെ സ്നേഹിക്കുമെന്ന് ബൈബിള്‍ ചോദിക്കുന്നത് പോലെ.

അല്ലാഹുവിനെ തേടുന്നവര്‍ക്ക് ദൈവിക ദര്‍ശനങ്ങളുടെ ഭൂമിയിലെ മാതൃകയാവാന്‍ അയക്കപ്പെട്ട മനുഷ്യ രൂപമാണല്ലോ മുഹമ്മദ് നബി(സ) . വിശുദ്ധ ഖുര്‍ആന്‍ അങ്ങിനെയാണ് നബി(സ) യെ വിശേഷിപ്പിച്ചിരിക്കുന്നത്. സര്‍വസമ്പൂര്‍ണ്ണനായ അല്ലാഹുവിന്റെ പ്രേമഭാജന(ഹബീബ്)മായിരിക്കാന്‍ അര്‍ഹത നല്‍കുന്ന സര്‍വ്വ ഗുണങ്ങളുടെയും സമ്മേളനമത്രെ അവിടന്ന്. ഈ നിലയില്‍ അവിടത്തെ സമഗ്രമായി അറിയുമ്പോഴാണ് അവിടുത്തോട് ഒരാളുടെ മനസ്സില്‍ ആത്മാര്‍ത്ഥമായ സ്നേഹം ജനിക്കുന്നത്. അത് ആത്മാവില്‍ രൂഢമൂലമായി അനശ്വരമായ പ്രേമത്തിലേക്ക് വളരുന്നതും.

നാം ഏത് ഗുണത്തിന്റെ പേരില്‍ ആരെ സ്നേഹിക്കുമ്പോഴും ആ ഗുണം അതിന്റെ പൂര്‍ണ്ണതയോടെ നബി(സ)യിലുണ്ട്. അതിനാല്‍ നബി(സ)യെ കുറിച്ചുള്ള അറിവ് കൂടുന്തോറും മറ്റുള്ള സ്നേഹിതന്മാരേക്കാളെല്ലാമുപരി നാം അവിടത്തെ സ്നേഹിക്കും. അങ്ങിനെ അല്ലാഹുവിനെ സമീപിക്കാന്‍ നമുക്ക് സാധിക്കും.

അല്ലാമാ ഇഖ്ബാലിന്റെ ഈ വരി ഇവിടെ കുറിക്കട്ടെ ‘ നീ നിന്റെ സ്നേഹഭാജനമായ മുഹമ്മദ് നബി(സ)ക്ക് സ്വയം സമര്‍പ്പിക്കുന്ന നിത്യകാമുകനാകൂ. അങ്ങിനെ എല്ലാ കുരുക്കുകളില്‍ നിന്നും മുക്തനായി നിനക്ക് ദൈവത്തിങ്കലെത്താം’

ആ ഹബീബിന്റെ പേരില്‍ നമുക്കൊന്നായി പാടാം

صَـلَّى عَلَيْكَ اللهُ يٰا عَـدْنٰانِي يٰا مُصْطَفَى يٰا صَـفْوَةَ الرَّحْمٰنِ

No comments:

Post a Comment