ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Tuesday, February 23, 2010

അള്ളാഹുവിന്റെ പ്രവാചകര്‍

സൃഷ്ടിയുടെ ഏറ്റവും ഉദാത്തമായ മാതൃകയും ദൈവിക ദര്‍ശനങ്ങളുടെ അത്യുജ്ജ്വലമായ ആള്‍‌രൂപവുമാണ് സയ്യിദുനാ മുഹമ്മദ് നബി (സ). അവിടുത്തെ പ്രകീര്‍ത്തിക്കുമ്പോള്‍ സകല ദൈവിക ദര്‍ശനങ്ങളുടേയും മാനുഷികമായ പൂര്‍ണ്ണിമയെയാണ് ഒരാള്‍ പ്രകീര്‍ത്തിക്കുന്നത്. ‘അല്ലാഹുവിനെയും അവസാന ദിവസത്തെയും കാത്തിരിക്കുന്ന നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതരില്‍ ഉത്തമ മാതൃകയുണ്ട് ‘ എന്ന് മുഹമ്മദ് നബി (സ) യെ ഉദ്ദേശിച്ച് കൊണ്ട് വിശുദ്ധ ഖുര്‍‌ആനില്‍ പ്രസ്താവിച്ചിരിക്കുന്നത് കാണാം. അദൃശ്യനും അരൂപിയുമായ അല്ലാഹുവെ പ്രതിക്ഷിച്ച് ഭൂമിയില്‍ കഴിയുന്ന മനുഷ്യര്‍ക്ക് ആ‍ അല്ല്ലാഹുവിന്റെ ഗുണങ്ങളുടെ മനുഷ്യാകൃതിയായ മുഹമ്മദ് നബി (സ) യെ കണ്ടെത്തുകയാണ് മാര്‍ഗമെന്നത്രെ ഈ വാക്യം പഠിപ്പിക്കുന്നത്.

മനുഷ്യത്വത്തിന്റെ തികഞ്ഞ മാതൃകയും പരിപൂര്‍ണ്ണ രൂപവുമെന്ന നിലയിലുള്ള മുഹമ്മദ് നബി (സ) യുടെ ചരിത്രപരവും ധാര്‍മ്മികവുമായ വ്യക്തിത്വം ലോക പ്രസിദ്ധമാണ്. ഇസ്‌ലാം മതസ്ഥരും അല്ലാത്തവരുമായ ബുദ്ധിജീവികളും ചിന്തകരും ഏറെ വാഴ്ത്തിപ്പറഞ്ഞിട്ടുള്ളതാണത്.

മുഹമ്മദ് നബി (സ) യുടെ അനുപമ വ്യക്തിത്വവും അനവദ്യ ജീവിതവും അനര്‍ഘ പാഠങ്ങളും മുസ്‌ലിംകളിലും ഇസ്‌ലാമേതര മതസ്ഥരിലും ഗദ്യ കാവ്യ തല്ലജങ്ങളായി വിരിഞ്ഞത് അവരുടെ നോട്ടത്തില്‍ അവ അത്രമേല്‍ മഹത്തരവും മനുഷ്യത്വപരവും ആയതു കൊണ്ടും അവരുടെ വികരങ്ങളെ അവ അഗാധമായി സ്വാധീനിച്ചതുകൊണ്ടുമാണ്. ഒരു മതാചാര്യന്‍ എന്നതിലുപരി, മനുഷ്യത്വത്തിന്റെ സാര്‍വ്വലൌകികമായ സമ്പൂര്‍ണ്ണ ഉദാഹരണം എന്ന നിലയിലും അവിടത്തെ ആര്‍ക്കും നോക്കിക്കാണാമെന്നര്‍‌ത്ഥം.

മുസ്‌ലിംകള്‍ തങ്ങളുടെ ജീവനേക്കാള്‍ വലിയ പ്രേമഭാജനമായി മുഹമ്മദ് നബി (സ) യെ കാണുവാനും സ്വന്തം ഹൃദയത്തിലും ജീവിതത്തിലും അവിടുത്തെ കുടിപാര്‍പ്പിക്കുവാനും കല്‍പ്പിക്കപ്പെട്ടവരാണ്. അവര്‍ തങ്ങളുടെ ആത്മാവിനെ അവിടുത്തേക്ക് ഏല്‍‌പിച്ച് കൊടുക്കണം.

ഏതു നിലക്കു നോക്കിയാലും നബി (സ) ക്കു മീതെ അല്ലാഹു അല്ലാതെ ആരുമില്ല. അല്ലാഹു സൃഷ്ടാവും മറ്റാരും ഏതും സൃഷ്ടികളുമാണെങ്കില്‍ അവിടുന്ന് സര്‍വ്വ സൃഷ്ടികളിലും ഉത്തമനാകുന്നു. മനുഷ്യഗുണങ്ങള്‍ മുഴുവന്‍ അവിടെച്ചെന്നാണ് അന്ത്യം കാണുന്നത്. അവിടുന്ന് എല്ലാ നന്‍‌മകളുടേയും ആസ്ഥാനമെത്രേ. അവിടുത്തെപ്പോലെ ആരും ഉണ്ടായിട്ടില്ല. ആ നബി (സ) യുടെ മേല്‍ നമുക്ക് ഒരുമിച്ച് ചെല്ലാം.

مَـوْلاٰيَ صَلِّ وَسَلِّمْ دٰائِماً أَبَداً == عَلَى حَبِيبِكَ خَيْـرِ الْخَلْقِ كُلِّهِمِ

No comments:

Post a Comment