ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Sunday, April 4, 2010

ജമാ‍അത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 1

ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ നബി (സ) പറയുന്നതായി കാണാം. ‘സം‌ഘടിത നിസ്കാരം ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാള്‍ ഇരുപത്തേഴിരട്ടി പുണ്യമുള്ളതാണ്'. മറ്റൊരു ഹദീസിലൂടെ നബി (സ) പറയുന്നു : എന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ അവനെത്തന്നെ സത്യം , ഞാന്‍ ഇങ്ങനെ വിചാരിച്ചുപോയി. വിറക് ശേഖരിക്കാന്‍ കല്‍പ്പിക്കുക, പിന്നീട് നിസ്കരിക്കാന്‍ കല്‍‌പ്പിക്കുക, എന്നിട്ട് ജനങ്ങള്‍ക്ക് ഇമാമായി നില്‍ക്കാന്‍ ഒരാളോട് നിര്‍ദ്ദേശിക്കുക, എന്നിട്ട് ചില ആളുകളുടെ വീടുകളിലേക്ക് പോയി ജമാ‌അത്തുകളില്‍ പങ്കെടുക്കാത്ത അവരോടൊപ്പം അവരുടെ വീടുകള്‍ അഗ്നിക്കിരയാക്കുക. ഇങ്ങനെ ചെയ്താലെന്തെന്ന് ഞാന്‍ ചിന്തിച്ച് പോയി. (ബുഖാരി, മുസ്‌ലിം) .

ഉസ്മാന്‍ (റ) നബി (സ) യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ആരെങ്കിലും ഇശാ നിസ്കാരം സം‌ഘടിതമായി നിര്‍വ്വഹിച്ചാല്‍ അവന്‍ രാത്രി പകുതി വരെ നിസ്കരിച്ചതുപോലെയാണ്. ആരെങ്കിലും സുബ്‌ഹി നിസ്കാരം സം‌ഘടിതമായി നിര്‍വ്വഹിച്ചാല്‍ അവന്‍ ഒരു രാത്രി മുഴുവ്നും നിസ്കരിച്ചത് പോലെയാണ്.

ജുമുഅ‌ നിസ്കാരം സം‌ഘടിതമായി നിസ്കരിക്കല്‍ നിര്‍ബന്ധമാണ്.

ഒറ്റക്കു നിസ്കരിക്കുന്നതും സം‌ഘം ചേര്‍ന്നു നിസ്കരിക്കുന്നതും വ്യത്യാസമുണ്ട്. സം‌ഘടിതമായി നിസ്കരിക്കുമ്പോള്‍ ചില പ്രത്യേക മുറകള്‍ പാലിക്കേണ്ടതുണ്ട്. മ‌അ‌മൂമീങ്ങളുടെ വരികള്‍ വളയരുത്. കാലിന്റെ മടമ്പുകളും ചുമലുകളും ഒരേനിലയില്‍ ആയിരിക്കണം. വരിയില്‍ അവിടവിടെ വിടവുകള്‍ ഉണ്ടാവരുത്. ആദ്യത്തെ വരി പൂര്‍ത്തിയായ ശേഷമേ മറ്റൊരു വരി തുടങ്ങാവൂ. ഒരു വരിക്കുള്ള ആളുകള്‍ പൂര്‍ത്തിയായില്ലെങ്കില്‍ ആദ്യം വരുന്നവന്‍ ഇമാമിന്റെ വലതു ഭാഗത്തും രണ്ടാമന്‍ ഇടതുഭാഗത്തും മൂന്നാമന്‍ അവരുടെ വലതുഭാഗത്തും നാലാമന്‍ അവരുടെ ഇടതുഭാഗത്തും, ഇങ്ങനെയാണ് വരി പൂര്‍ത്തിയാക്കേണ്ടത്. രണ്ടുവരികള്‍ക്കിടയിലും ഇമാമിന്റെയും ആദ്യവരിയുടേയും ഇടയിലും മൂന്നു മുഴത്തിലധികം അകലമുണ്ടാവരുത്.

ഭൌതിക രൂപത്തിലുള്ള ഐക്യം മാനസിക രൂപത്തിലുള്ള ഐക്യത്തിനു പ്രേരണ നല്‍കുന്നു. വരികള്‍ നേരെ നിറുത്താതെ തെറ്റിനില്‍ക്കുന്ന പക്ഷം നിങ്ങളുടെ മനസ്സുകളും ഭിന്നിച്ച്കൊണ്ടേയിരിക്കുമെന്ന് നബി (സ) താക്കിതു ചെയ്തു . ഇമാമോട് കൂടി നിസ്കരിക്കാനൊരുങ്ങിയാല്‍ മുന്നിലേക്ക് വരാതെ പിന്നിലേക്ക് പിന്തിനില്‍ക്കുന്നതും നബി (സ) വിരോധിച്ചിട്ടുണ്ട്. അത്തരക്കാരെക്കുറിച്ച് നബി (സ) പറഞ്ഞു. ‘ഒരു ജനത പിന്തിനില്‍ക്കുന്ന കാലത്തോളം അല്ലാഹുവും അവരെ പിന്തിച്ചു തന്നെ നിര്‍ത്തും.’

No comments:

Post a Comment