ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Sunday, April 4, 2010

ജമാ‍അത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 2

അണികളോട് ഇതൊക്കെ പാലിക്കാന്‍ പറയലും അത് പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തലും ഇമാമിന് സുന്നത്താണ്.

ശേഷം ഇമാം നിയ്യത്ത് ചെയ്ത് തക്ബീര്‍ ചൊല്ലുകയും ശേഷം തുടരുന്നവരും തക്ബീര്‍ ചൊല്ലുക. (മ‌അ്മൂം ഇമാമിനോടു കൂടെ നിസ്കരിക്കുന്നു എന്നും, ഇമാം ഇമാമായി നിസ്കരിക്കുന്നു എന്നും കരുതണം. ജുമുഅ നിസ്കാരത്തില്‍ ഈ കരുത്ത് രണ്ട് കൂട്ടര്‍ക്കും നിര്‍ബന്ധമാണ് ) ശേഷം ഇമാമും മ‌അ്മൂമുകളും വജ്ജഹത്തു ഓതണം. പിന്നീട് ഇമാം ഫാത്വിഹ ഉറക്കെ ഓതുമ്പോള്‍ മ‌അമൂം അത് ശ്രദ്ധിച്ച് കേള്‍ക്കണം. ഇമാമിന്റെ ഫാ‍ത്വിഹ അവസാനിച്ച് രണ്ട് കൂട്ടരും ഒരുമിച്ച് ആമീന്‍ പറഞ്ഞതിനു ശേഷം മ‌അമൂം ഫാതിഹ പതുക്കെ ( സ്വന്തം ശരീരം കേള്‍ക്കത്തക്കവിധം )ഓതണം. ഇവര്‍ ഫാതിഹ ഓതുന്ന സമയം കഴിഞ്ഞതിനു ശേഷം ഇമാം സൂറത്ത് ഉറക്കെ ഓതണം. തുടരുന്നവര്‍ അത് ശ്രദ്ധിച്ച് കേള്‍ക്കണം. ഇമാമിനെ പിന്തുടര്‍ന്ന്കൊണ്ട് മാത്രമേ പിന്നിലുള്ളവര്‍ക്ക് എന്തും ചെയ്യാന്‍ പാടുള്ളൂ. ഇമാമിനു മുമ്പ് റുകൂഇലേക്കോ മറ്റോ പ്രവേശിച്ചുപോയാല്‍ ഉടനെ തിരിച്ചുപോരണം. എന്നിട്ട് ഇമാമിനെ പിന്തുടരണം. ഇമാമിനു വല്ല തെറ്റും പറ്റിയാല്‍ سبحان الله എന്ന് ഇമാം കേള്‍ക്കത്തക്ക വിധം മ‌അ്മൂം പറയണം.

മടമ്പുകള്‍ കൊണ്ട് ഇമാമിനേക്കാള്‍ മ‌അമൂം മുന്തി നില്‍ക്കരുത്. ഒപ്പം നില്‍ക്കല്‍ കറാഹത്തും ജമാ‌അത്തിന്റെ പ്രതിഫലം നഷ്ടപ്പെടുത്തുന്നതുമാണ്.

ഇമാമിനെയോ അണിയിലുള്ളവരെയോ കണ്ടിട്ടോ, ഇമാമിന്റെ ശബ്ദം എത്തിച്ച് കൊടുക്കുന്ന ‘മുബല്ലിഗി’ ന്റെയോ ശബ്ദം കേട്ടിട്ടോ, ഇമാമിന്റെ ചലനങ്ങള്‍ അറിയുന്നില്ലെങ്കില്‍ തുടര്‍ച്ച സാധുവാകുകയില്ല.

ഇമാമും തുടര്‍ന്ന് നിസ്കരിക്കുന്നവരും ഒരു സംഘമാണെന്ന് പറയത്തക്കവിധം ഒരു സ്ഥലത്ത് ഒരുമിച്ച് കൂടണം. ഇമാമും മ‌അ്മൂമും ഒരേ പള്ളിയിലാണെങ്കില്‍ കൂടുതല്‍ ദൂ‍രത്താകുന്നതിനോ രണ്ട് മുറികളിലാകുന്നതിനോ കെട്ടിടത്തിന്റെ രണ്ട് നിലകളിലാകുന്നതിനോ വിരോധമില്ല. പക്ഷെ ,പള്ളിയില്‍ നിന്ന് പുറത്ത് പോകാതെ സാധാരണ രൂപത്തിലുള്ള നടത്തം കൊണ്ട് മാത്രം ഇമാമിന്റെയടുത്ത് ചെന്നുചേരാനുള്ള വഴിയുണ്ടായിരിക്കണം. ഈ വഴിയില്‍ അടച്ചിട്ടതോ പൂട്ടിയതോ ആയ വാതിലുണ്ടാവുന്നതിനു വിരോധമില്ല. ഒരു സംഘമെന്നും ഒരു വീട്ടുകാരനെന്നും പറയപ്പെടാത്ത വിധം വാതിലുകള്‍ ആണിവെച്ച് ബന്ധിക്കുകയോ മുകളിലെ നിലയില്‍ കയറാനുള്ള കോണി ഇല്ലാതാവുകയോ ചെയ്യരുത്.

പള്ളിയുടെ കോണി പള്ളിയല്ലാത്ത സ്ഥലത്ത് നിന്നാണെങ്കില്‍ പള്ളിയില്‍ നിന്ന് പുറത്ത് വരാതെ ഇമാമിന്റെയടുത്ത് വരാന്‍ സാധ്യമല്ലാത്തത് കൊണ്ടും ഒരു സ്ഥലത്ത് സമ്മേളിച്ചവരായി ഗണിക്കപ്പെടാത്തത് കൊണ്ടും ആ കോണി ഫലം ചെയ്യുകയില്ല.

1 comment:

  1. ഒരു സ്ഥലത്ത് രണ്ട് ജമാഅത്ത്?

    ReplyDelete