ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Tuesday, April 6, 2010

ജമാ‍അത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 3

ഇമാമും മ‌അ്മൂമും പള്ളിയല്ലാത്ത കെട്ടിടത്തിലായാല്‍ അവര്‍ക്കിടയില്‍ ഏകദേശം മുന്നൂറ് മുഴത്തേക്കാള്‍ കൂടുതല്‍ ദൂരമില്ലാതിരിക്കേണ്ടതാണ്. അവര്‍ക്കിടയില്‍ സ്വഫ്ഫുകളുണ്ടെങ്കില്‍ ഇമാമിന്റെയും ആദ്യ സ്വഫ്ഫിന്റെയുമിടക്കും എല്ലാ ഓരോ സ്വഫ്ഫുകള്‍ക്കിടയിലും ഈ ദൂരം പരിഗണിക്കപ്പെടും.മാത്രമല്ല, മ‌അമൂം നില്‍ക്കുന്ന സ്ഥലത്തുനിന്ന് പിന്നോട്ട് നീങ്ങാതെ സാധാരണ നടത്തം കൊണ്ട് ഇമാമിന്റെയടുത്തേക്ക് ചെന്നെത്താന്‍ കഴിയും വിധം മുമ്പില്‍ മാര്‍ഗതടസ്സമില്ലാതിരിക്കുകയും ഇമാമിന്റെയോ അല്ലെങ്കില്‍ അണികളിലുള്ള മറ്റുള്ളവരെയോ കാണുന്നതിനെ തടയുന്ന മറയില്ലാതിരിക്കുകയും വേണം. അപ്പോ‍ള്‍ അവര്‍ക്കിടയില്‍ വിരിയോ ചുമരോ വാതിലോ ഉണ്ടാവാന്‍ പാടില്ല.

പള്ളിയോ മറ്റ് കെട്ടിടങ്ങളോ അല്ലാത്ത മൈതാനിയിലാണ് ഇമാമും മ‌അമൂമുമെങ്കില്‍ അവര്‍ക്കിടയിലും മേല്‍ പറഞ്ഞ ദൂരം പരിഗണിക്കപ്പെടുന്നതാണ് ഒരാള്‍ പള്ളിയിലും മറ്റൊരാള്‍ പള്ളിയല്ലാത്തിടത്തുമായാല്‍, പള്ളിയല്ലാത്തിടത്താവുമ്പോഴുള്ള നിബന്ധനകളെല്ലാം അവിടെ പരിഗണിക്കപ്പെടുന്നതാണ്. പക്ഷെ അവര്‍ക്കിടയിലുള്ള ദൂരം കണക്കാക്കുന്നത് പള്ളിയുടെ അറ്റം മുതലാണ്. പള്ളിയുണ്ടാക്കിയ ശേഷം പള്ളിയുടെ സൌകര്യത്തിനായി ഉണ്ടാക്കിയതും പള്ളിയായി വഖഫ് ചെയ്യപ്പെടാത്തതുമായ ചെരുവുകള്‍ക്കും മറ്റും പള്ളിയുടെ നിയമം ബാധകമല്ല. അതിനാല്‍ ചെരുവില്‍ നിന്ന് പള്ളിയിലുള്ള ഇമാമിനെ തുടരുമ്പോള്‍ മേല്പറഞ്ഞ കാര്യങ്ങളെല്ലാം കണക്കിലേടുക്കേണ്ടതാണ്. തുടര്‍ച്ച സാധുവാകാനാണ് മേല്‍‍പറയപ്പെട്ടദൂരം.

ഇമാമിന്റെയും മ‌അമൂമിന്റെയും ഇടയിലോ ഇമാമിന്റെയും ആദ്യത്തെ സ്വഫിന്റെയും ഇടയിലോ മറ്റ് സ്വഫ്ഫുകള്‍ക്കിടയിലോ മൂന്ന് മുഴത്തിലധികം ദൂരമുണ്ടായാല്‍ ജമാ‌അത്തിന്റെ പ്രത്യേക കൂലി നഷ്ടപ്പെടുന്നതാണ്. ഇമാമിന്റെയും മ‌അമൂമിന്റെയും നിസ്കാരങ്ങള്‍ ഒരേ സ്വഭാവമുള്ളതാകണം. മയ്യിത്തു നിസ്കരിക്കുന്നവര്‍ ജുമു‌അ നിസ്കരിക്കുന്നവനോട് കൂടി തുടര്‍ന്നാല്‍ സാ‍ധുവാകുന്നതല്ല. ളുഹര്‍ നിസ്കരിക്കുന്നവര്‍ ജുമു‌അ നിസ്കരിക്കുന്നവനോട് കൂടി തുടര്‍ന്നാല്‍ സാധുവാകുന്നതാണ്. റക്‌അത്തിന്റെ എണ്ണം വിത്യാസപ്പെടുന്നത് കൊണ്ട് വിരോധമില്ല. ഇമാം സലാം വീട്ടിയ ശേഷം ബാക്കി റക്‌അത്തുകള്‍ പൂര്‍ത്തിയാക്കിയാല്‍ മതി.

ഇരുന്നും കിടന്നും നിസ്കരിക്കുമ്പോള്‍ നിന്ന് നിസ്കരിക്കുന്നവരോടും തയമ്മും ചെയ്തവര്‍ വുളൂ‌അ് ചെയ്ത് നിസ്കരിക്കുന്നവരോടും മറിച്ചും തുടരുന്നതിനു വിരോധമില്ല.

മ‌അമൂമുമായി നിസ്കരിക്കുന്നവനെയോ മ‌അമൂമോ അല്ലയോ എന്ന് സംശയിക്കപ്പെടുന്നവനെയോ മടക്കി നിസകരിക്കല്‍ നിര്‍ബന്ധമായവനെയോ തുടര്‍ന്നാല്‍ സാധുവകുന്നതല്ല. ഇമാമും മ‌അമൂമും ഓതാനറിയാത്തവരാണെങ്കില്‍ അന്യേന്യം തുടരുന്നതിനു വിരോധമില്ല. പക്ഷെ ഇമാമിനറിയാത്ത ഭാഗം തന്നെ മ‌അമൂമിനും അറിയാതിരിക്കണം. ഇമാമിനറിയാത്തത് മ‌അമൂമിനറിയുമെങ്കില്‍ തുടരാന്‍ പറ്റുകയില്ല.

No comments:

Post a Comment