ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Tuesday, April 13, 2010

ജമാ‍അത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 5

അം‌ഗീകൃത കാരണങ്ങളുണ്ടെങ്കില്‍ മൂന്ന് ഫര്‍ള് വരെ ഇമാമിനെ വിട്ട് പിന്താവുന്നതാണ്. ഇമാമിന്റെ കൂടെ മ‌അമൂമിന് ഫാതിഹ ഓതാനുള്ള സമയമുണ്ടായിട്ടും ഓതിത്തീര്‍ക്കാന്‍ സാധിക്കാതിരുന്നാല്‍ മൂന്ന് ഫര്‍ള് കൊണ്ട് പിന്താവുന്നതാണ്. ഇതേപ്രകാരം വജ്ജഹ്‌ത്തു ഓതിയതുകൊണ്ടോ അ‌ഊദു ഓതിയതുകൊണ്ടോ അശ്രദ്ധ കാരണമായിട്ടോ മ‌അമൂമിനു ഫാതിഹ പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നാലും മൂന്ന് ഫര്‍ള് കൊണ്ട് പിന്താവുന്നതാണ്. ഇമാമോടൊപ്പം റുകൂ‌ഇലേക്ക് കുനിഞ്ഞ ശേഷമാണ് ഇങ്ങനെ ഓര്‍മ്മ വരുന്നതും സം‌ശയം വരുന്നതുമെങ്കില്‍ ഫാതിഹ ഓതാന്‍ വേണ്ടി മടങ്ങാന്‍ പാടില്ല. ഇമാമോടൊപ്പം തുടരുകയും ഇമാം സലാം വീട്ടിയ ശേഷം ഒരു റക‌അത്ത് നിസ്കരിക്കുകയുമാണ് വേണ്ടത്.

മേല്‍ പ്രസ്താവിച്ച അം‌ഗീകൃത കാരണങ്ങളുണ്ടായല്‍ മ‌അമൂം വേഗം ഫാതിഹ ഓതി പൂര്‍ത്തിയാക്കല്‍ നിര്‍ബന്ധമാണ്. ഇഅ‌തിദാലും രണ്ട് സുജൂദുകള്‍ക്കിടയിലുള്ള ഇരുത്തവും ദീര്‍ഘമായ ഫര്‍ളുകളായി പരിഗണിക്കപ്പെടുകയില്ല. അപ്പോള്‍ ഇമാം റുകൂ‌ഉം രണ്ട് സുജൂദും ചെയ്ത് കഴിയുമ്പോഴേക്കും മ‌അമൂം ഫാതിഹ ഓതിത്തീര്‍ന്നാല്‍ ഉടനെ റുകൂഅ് ചെയ്യുകയും അവന്റെ ക്രമമനുസരിച്ച് നിസ്കരിക്കേണ്ടതുമാണ്. അങ്ങനെ നിസ്കരിക്കുമ്പോള്‍ അടുത്ത റക‌അത്തിലേക്ക് ഉയരുമ്പോഴേക്കും ഇമാം റുകൂഇല്‍ എത്തിയിട്ടുണ്ടെങ്കില്‍ ഈ മ‌അമൂം, ഇമാമിന്റെ നിറു‍ത്തത്തില്‍ ഫാതിഹ ഓതാന്‍ സമയം കിട്ടാത്ത മസ്‌ബൂഖിനെപ്പോലെയാണ്. അവന്റെ ഫാതിഹയെ ഇമാം വഹിക്കും. ഫാതിഹ ഓതാതെ ഇമാമിന്റെ കൂടെ റുകൂ‌ഇലേക്ക് പോയാല്‍ മതി.

അം‌ഗീകൃത കാരണമുള്ളവന്‍ ദീര്‍ഘമായ മൂന്ന് ഫര്‍ള് കൊണ്ട് പിന്തിയിട്ടും ഫാതിഹ ഓതിത്തീര്‍ന്നിട്ടില്ലെങ്കില്‍ ഉടനെ ഇമാമുമായി വിട്ടുപിരിയുകയോ അല്ലെങ്കില്‍ ഇമാമുമായി യോജിച്ച് ഇമാം ചെയ്ത്കൊണ്ടിരിക്കുന്നതിലേക്കു പോകുകയോ വേണം. ഇമാം സലാം വീട്ടിയ ശേഷം ഒരു റക‌അത്ത് നിസ്കരിക്കുകയും വേണം. ഉദാഹരണമായി ഇമാമിന്റെ രണ്ടാം സുജൂദിന്റെ ശേഷം അടുത്ത റക‌അത്തിലേക്കുയരുമ്പോഴും മ‌അമൂം ഫാതിഹ ഓതിത്തിര്‍ത്തിട്ടില്ലെങ്കില്‍ ഉടനെ ഇമാമുമായി വിട്ട്പിരിയാത്ത പക്ഷം , നില്‍‌പ് തുടരുകയും ഇമാമിന്റെ കൂടെ അടുത്ത റക‌അത്തിലെ റുകൂ‌ഉം മറ്റും ചെയ്യുകയും ഇമാം സലാം വീട്ടിയ ശേഷം ഒരു റക‌അത്തുകൂടി നിസ്കരിക്കുകയും ചെയ്യേണ്ടതാണ്. ഇനി രണ്ടാമത്തെ സുജൂദിന് ശേഷം ഇമാം അത്തഹിയ്യാത്തില്‍ ഇനിക്കുകയാണെങ്കില്‍ മ‌അമൂമിന്റെ ഫാതിഹ പൂര്‍ത്തിയായില്ലെങ്കില്‍ പോലും ഇമാമോട് യോജിച്ച് കൊണ്ട് ഇരിക്കുകയും മറ്റുകാര്യങ്ങളെല്ലാം തുടര്‍ന്നു ചെയ്യുകയും ഇമാമിന്റെ സലാമിന്റെ ശേഷം ഒരു റക‌അത്ത് നിസ്കരിക്കുകയും ചെയ്യേണ്ടതാണ്.

No comments:

Post a Comment