ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Thursday, April 1, 2010

അള്ളാഹുവിന്റെ പ്രവാചകര്‍ - 10

ത്വല‌അല്‍ ബദ്‌റു അലൈനാ ** മിന്‍ സനിയ്യാത്തില്‍ വിദാഈ
വജബശ്ശുക്ക്‌റു അലൈനാ ** മാ ദ‌ആ ലില്ലാഹി ദാഈ


കവിതാ പൂക്കള്‍ വിതറി വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുമേനി (സ)യെ സ്വീകരിച്ച മദീനക്കാരെ നമുക്കനുസ്മരിക്കാം. അന്നവര്‍ മോടിയില്‍ വസ്ത്രം ധരിച്ചിരുന്നു. ആഹ്‌ളാദ ഭരിതരായിരുന്നു. ആഘോഷത്തിമര്‍പ്പിലായിരുന്നു. 1430 വര്‍ഷം മുമ്പവര്‍ പാടിയ പാട്ടിന്റെ ഈണം ഈത്തപ്പനയോലകളുളിലൂടെ മരുഭൂമിയില്‍ ഓളങ്ങള്‍ സൃഷ്ടിക്കുന്ന ഇളം കാറ്റില്‍ അലിഞ്ഞില്ലാതായോ? ഇല്ല, അതേറ്റ് പാടാന്‍ ഭൂലോകത്തില്‍ വിശ്വാസികള്‍ എന്നും നിലനില്‍ക്കുന്നു. തിരുസന്നിധിയെ കൊതിച്ച മദീനാ നിവാസികളുടെ ഹൃദയത്തിന്റെ കയ്യൊപ്പുള്ള പാട്ടുപാടി നമുക്കീ തിരുസന്നിധിയിലേക്ക് നടന്നടുക്കം.

ചരിത്രങ്ങളിലിന്നോളം ഒരു നേതാവും അനുയായികളാല്‍ ഇത്രയധികം സ്നേഹിക്കപ്പെട്ടിട്ടില്ല. ഒരു നേതാവിനേയും ഇത്രയധികം കാലം സ്തുതികീര്‍ത്തനങ്ങളാല്‍ അഭിഷേകം ചെയ്തിട്ടില്ല. ഒരു നേതാവിന്റെ വിശ്രമ സങ്കേതത്തിലും ഇത്രയധികം അനുയായികള്‍ ഒഴുകിയെത്തിയിട്ടില്ല. ഒരു നേതാവിന്റെ നഗരവും ഇത്രയധികം ജനനിബിഡമായി അവശേഷിച്ചിട്ടില്ല.

പതിനാല് നൂറ്റാണ്ട് പിന്നിടുമ്പോള്‍ മദീന ജനബാഹുല്യത്താ‍ല്‍ വീര്‍പ്പ് മുട്ടുന്നു.അന്ന് അഖബായില്‍ വന്ന് ക്ഷണിച്ചത് മുതല്‍ മദീനയിലെത്തിയ അനുചരവൃന്ദം തിരുനബി (സ) യുടെ സാമിപ്യം അതിരറ്റ് ആഗ്രഹിക്കുന്നു. അറേബ്യയുടെ വരണ്ട ഗ്രാമങ്ങളില്‍ നിന്ന്, പൌരസ്ത്യ രാജ്യങ്ങളില്‍ നിന്ന്, കനല്‍പഥങ്ങളായ ആഫ്രിക്കന്‍ മരുനാടുകളില്‍ നിന്ന്, മഞ്ഞുപെയ്യുന്ന ധ്രുവപ്രദേശങ്ങളില്‍ നിന്ന് പതിനാല് നൂറ്റാണ്ടായി അവിരാമം തുടരുന്ന തീര്‍ത്ഥാടനം.

എന്തായിരിക്കും ഈ ജനകോടികളുടെ ഹൃദയത്തില്‍ മിടിക്കുന്നത് ? അവരുടെ കാലുകളെ നയിക്കുന്നത് ആ നഗരത്തിന്റെ സൌന്ദര്യമാണോ ? മദീന ലോകത്തിലെ വന്‍ നഗരമല്ല. മദീനയിലെ തലയെടുപ്പുള്ള ഖുബ്ബയുടെ ഹരിതാഭയോ ? കെയ്‌റോവിലും, ഡമാസ്കസിലും ബാഗ്‌ദാദിലും അം‌ബരചും‌ബികളായ മിനാരങ്ങളെത്രെയുണ്ട് !! പാരീസും ന്യൂയോര്‍ക്കുമെല്ലാം നവീന കെട്ടിട ടെക്‍നോളജിയുടെ പറുദീസയാവുമ്പോള്‍ മദീനയുടെ മാര്‍ബിള്‍ നിലങ്ങളാവില്ല സന്ദര്‍ശകരുടെ ലക്ഷ്യം. താജ്‌മഹലിന്റെ നാട്ടില്‍ നിന്ന് ദൂരെയുള്ള മദീനയിലേക്ക് മാര്‍ബിളിന്റെ ശോഭ കാണാനെത്തുമോ ?

പിന്നെയെന്താവും ? അതിരുകളില്ലാത്ത സ്നേഹം! വക്കുകള്‍ മരിക്കുന്ന പ്രേമം! ഈ സ്നേഹത്തിന്റെ ശീതളിമയായിരുന്നു ഹിജ്‌റയുടെ നാളില്‍ ശത്രുക്കളുടെ ഊരിയ വാളിന്റെ നിഴലില്‍ പ്രവാചകരുടെ (സ) കട്ടിലില്‍ അവിടത്തെ സ്ഥാനത്ത് സുഖനിദ്ര കൊള്ളാന്‍ അലി (റ) യെ പ്രാപ്തമാക്കിയത്. ‘എന്നെ തൂക്കിലേറ്റാം, കണ്ഠം ഛേദിക്കാം, ഇഞ്ചിഞ്ചായി കഷ്‌ണിക്കാം, എനിക്കത് പ്രശ്‌നമേയല്ല. പക്ഷേ എന്റെ സ്നേഹനിധി അന്ത്യപ്രവാചകന്റെ (സ) കാലില്‍ ഒരു മുള്ളു തറക്കുന്നത് പോലും എനിക്ക് സഹിക്കാനാവില്ല‘ എന്ന് തൂക്കുമരച്ചുവട്ടില്‍ നിന്ന് പാടിയ ഖുബൈബിന്റെ (റ) ഹൃദയത്തില്‍ മരണവേളയിലും കവിത വിടര്‍ന്നത് ഈ സ്നേഹത്തിന്റെ കരുത്ത് കൊണ്ടായിരുന്നു.


يٰا رَبِّ باِلْمُصْطَفَى بَلِّغْ مَقَاصِدَنَا -- وَاغْفِرْ لَنٰا مٰا مَضٰى يٰا وٰاسِـعَ الْكَرَمِ
مَـوْلاٰيَ صَلِّ وَسَلِّمْ دٰائِماً أَبَداً -- عَلَى حَبِيبِكَ خَيْـرِ الْخَلْقِ كُلِّهِمِ

No comments:

Post a Comment