ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Tuesday, April 13, 2010

ജമാ‍അത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 8

ഇമാ‍മിന്റെ തക്‍ബീറത്തുല്‍ ഇഹ്‌റാമിനോടൊപ്പം മ‌അമൂം തക്‍ബീര്‍ ചൊല്ലിയാല്‍ മ‌അമൂമിന്റെ നിസ്കാരം അസാധുവാകുന്നതാണ്. ഈ അബദ്ധം തക്‍ബീറിന്റെ ഒരക്ഷരത്തില്‍ ഒപ്പമായാലും സം‌ഭവിക്കുന്നതാണ്. അതിനാല്‍ ഇമാമിന്റെ തക്‍ബീര്‍ പൂര്‍ണ്ണമായതിന്റെ ശേഷമേ മ‌അമൂം തക്‍ബീര്‍ തുടങ്ങാവൂ. തക്‍ബീറിനു ശേഷം മ‌അമൂമിന് ഫാതിഹ പൂര്‍ത്തിയാക്കി ഓതാന്‍ സമയം കിട്ടുകയില്ലെന്നു തോന്നിയാല്‍ വജ്ജഹ്‌തു, അ‌ഊദു തുടങ്ങിയ സുന്നത്തുകളില്‍ വ്യാപൃതനാവാതെ ഉടനെ നിര്‍ബന്ധമായ ഫാതിഹ ഓതുകയാണ് വേണ്ടത്.

ഇപ്രകാരം ഇമാം സൂറത്ത് ഓതുകയില്ലെന്നു തോന്നിയാല്‍ ഇമാമിനോടൊപ്പം ഫാതിഹ തുടങ്ങല്‍ കറാഹത്തില്ലെന്നു മാത്രമല്ല, പിന്നാലെ ഓതാന്‍ സമയം കിട്ടുകയില്ലെങ്കില്‍ ഒന്നിച്ച് ഓതല്‍ നിര്‍ബന്ധവുമാണ്.

ഇമാം ഖുനൂത്ത് ഓതുമ്പോള്‍ ‘ഫ‌ഇന്നക്ക തഖ്‌ളീ’ മുതല്‍ കൂടെ ഓതല്‍ കറാഹത്തില്ലെന്ന് മാത്രമല്ല , സുന്നത്ത് കൂടിയാണ്. ഖുനൂത്തിന് ശേഷമുള്ള സ്വലാത്ത് ഇമാമോടൊപ്പം ചൊല്ലാതെ അതിനു ആമീന്‍ പറയുകയാണ് സുന്നത്ത്.

ഇമാം ഫാതിഹക്ക് ശേഷം ആമീന്‍ പറയുമ്പോള്‍ ഒപ്പം തന്നെ മ‌അമൂം ആമീന്‍ പറയേണ്ടതാണ്. കാരണം ഇമാമിന്റെ ആമീനോട് കൂടെ മലക്കുകള്‍ ആമീന്‍ ചൊല്ലുന്നതും ആ കൂട്ടത്തില്‍ മ‌അമൂം ആമീന്‍ ചൊല്ലിയാല്‍ അവന്റെ ദോഷങ്ങള്‍ പൊറുക്കപ്പെടുന്നതുമാണ്. മഹത്തുക്കളോടു കൂടെയുള്ള പ്രാര്‍ത്ഥനക്ക് കൂടുതല്‍ പ്രതിഫലമുണ്ടാകുന്നതാണ്. അതിനാല്‍ ഇമാം ആ‍മീന്‍ തുടങ്ങുമ്പോള്‍ തന്നെ മ‌അമൂം ആമീന്‍ തുടങ്ങേണ്ടതും ഒന്നായി അവസാനിപ്പിക്കേണ്ടതുമാണ്. ബാക്കിയുള്ളതെല്ലാം (പ്രവര്‍ത്തിക്കുന്നതും ചൊല്ലുന്നതും) ഇമാമിനോടൊത്ത് ചെയ്യല്‍ കറാഹത്താണ്.

അണിയില്‍ നിന്ന് ഒറ്റപ്പെട്ട് നില്‍ക്കല്‍ കറാഹത്താണ്. മുമ്പിലുള്ള അണിയില്‍ സ്ഥലം കിട്ടുമെങ്കില്‍ അതിലേക്ക് കയറി നില്‍ക്കുകയാണ് വേണ്ടത്. അതില്‍ സ്ഥലമില്ലെങ്കില്‍ പിന്നില്‍ നിന്ന് തക്‍ബീറത്തുല്‍‍ ഇഹ്‌റാല്‍ ചൊല്ലുകയും ശേഷ്ം മുമ്പിലുള്ള അണിയില്‍ നിന്ന് ഒരാളെ അധികം അനക്കം കൂടാതെ ഇങ്ങോട്ട് കൂട്ടുകയുമാണ് വേണ്ടത്. ഇതിനു മുന്നിലുള്ള സഹായിക്കലും സുന്നത്താണ്.ജമാ‌അത്തില്‍ കറാഹത്തായ കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ട് സം‌ഘടിതമായി നിസ്കരിക്കുന്നതിന്റെ പുണ്യം നഷ്ടപ്പെടുന്നതാണ്. ഇതു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

No comments:

Post a Comment