ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Tuesday, April 13, 2010

ജമാ‍അത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 9

റുകൂ‌ഇല്‍ ഇമാമിനെ തുടരുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിയ്യത്തും തക്‍ബീറും നില്‍‌പും നിര്‍വ്വഹിച്ച് ഇമാമിനോടൊപ്പം റുകൂ‌ഇല്‍ അടങ്ങിത്താമസിച്ചാല്‍ മാത്രമേ റ‌ക‌അത്ത് കിട്ടുകയുള്ളൂ.

ഈ മ‌അമൂം (റുകൂഇല്‍ ഇമാമിനെ തുടരുന്നവന്‍) തക്‍ബീറത്തുല്‍ ഇഹ്‌റാം ചൊല്ലുമ്പോള്‍ നിസ്കാരത്തിന്റെ സാധാരണ നിയ്യത്തുകള്‍ക്ക് പുറമേ ഇത് ഇഹ്‌റാമിന്റെ തക്‍ബീറാണെന്ന് കൂടി കരുതണം. അങ്ങനെ കരുതിയില്ലെങ്കില്‍ റുകൂഇലേക്ക് കുനിയുമ്പോള്‍ നിര്‍ബന്ധമായും തക്‍ബീര്‍ ചൊല്ലണം. മറിച്ച് ഒരു തക്‍ബീര്‍ മാത്രം ചൊല്ലുകയും അതു ഇഹ്‌റാമിനും റുകൂഇനും കൂടിയാണെന്ന് കരുതുകയോ അല്ലെങ്കില്‍ ഒന്നും കരുതാതിരിക്കുകയോ ചെയ്താല്‍ പറ്റുകയില്ല.

ഇതേ പ്രകാരം നി‌റുത്തത്തിലല്ലാതെ തുടരുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഫര്‍ള് നിസ്കരിക്കുമ്പോള്‍ തക്‍ബീറത്തുല്‍ ഇഹ്‌റാം നിറുത്തത്തില്‍ വച്ചായിരിക്കല്‍ നിര്‍ബന്ധമാണ്. അതിനു മുമ്പ് നിറുത്തത്തിന്റെ അതിര്‍ത്തി വിടുന്ന വിധം കുനിഞ്ഞാല്‍ ഫര്‍ള് നിസ്കാരം സാധുവാകുന്നതല്ല.

റുകൂഇനു ശേഷമുള്ള ഏതെങ്കിലും ഫര്‍ളില്‍ തുടര്‍ന്നാല്‍ ആ റക‌അത്ത് കിട്ടുകയില്ലെങ്കിലും തുടര്‍ച്ച് സാധുവാകുന്നതാണ്. അങ്ങനെ തുടരുമ്പോള്‍ നിന്നുകൊണ്ട് തക്‍ബീറത്തുല്‍ ഇഹ്‌റാം ചൊല്ലുകയും ശേഷം തക്‍ബീര്‍ ചൊല്ലാതെ ഇമാമിന്റെ ഒപ്പം ചേരുകയും ഇമാം ചെയ്യുന്നതുപോലെയെല്ലാം ചെയ്ത് ഇമാം രണ്ട് സലാമും വീട്ടിയ ശേഷം ആ റക‌അത്ത് മടക്കി നിസ്കരിക്കുകയും വേണം.

ചുരുക്കത്തില്‍ ഇമാം റുകൂഇല്‍ നിന്നുയര്‍ന്ന ശേഷം എത്തുന്നവര്‍ ഇമാം അടുത്ത റക‌അത്തിലേക്ക് വരുന്നതുവരെ നോക്കി നില്‍ക്കേണ്ടതില്ല. ഏതവസരത്തിലും തുടരാവുന്നതാണ്.വൈകിത്തുടര്‍ന്നവന്‍ ഇമാമിന്റെ സലാമിനു ശേഷം ബാക്കി റ‌ക‌അത്ത് നിസ്കരിക്കാനായി നില്‍ക്കുമ്പോള്‍ മ‌അമൂമിന്റെ ആദ്യത്തെ അത്തഹിയ്യാത്തിനുള്ള ഇരുത്തത്തിന്റെ സ്ഥാനമായ രണ്ടാം റക‌അത്തിലാണ് ഇമാമിന്റെ കൂടെ ഇരുന്നതെങ്കില്‍ തക്‍ബീര്‍ ചൊല്ലി എഴുന്നേല്‍ക്കണം. മറിച്ച് ഇരുത്തത്തിന്റെ സ്ഥാനമല്ലാതെ ഒന്നാമത്തെയോ മൂന്നാമത്തെയോ റക‌അത്തിലാണ് ഇരുന്നതെങ്കില്‍ ഇമാം സലാം വീട്ടിയ ശേഷം എഴുന്നേല്‍ക്കുമ്പോള്‍ തക്‍ബീര്‍ ചൊല്ലേണ്ടതില്ല.

No comments:

Post a Comment