ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Tuesday, April 13, 2010

ജമാ‍അത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 7

നിസ്കരിച്ച് കൊണ്ടിരിക്കുമ്പോള്‍ ഇമാമിന്റെ ദേഹത്തോ വസ്ത്രത്തിലോ നജസ് വീഴുകയോ ഔറത്ത് വെളിവാകുകയോ ചെയ്താല്‍ ഉടനെ വിട്ടുപിരിയേണ്ടതാണ്. ഈ തകരാറ് ആദ്യമേ ഉണ്ടെന്ന് ബോധ്യമായാല്‍ മ‌അമൂം മടക്കി നിസ്കരിക്കേണ്ടതാണ്. വിട്ടുപിരിഞ്ഞത് കൊണ്ട് ഫലമില്ല. പുരുഷന്മാരുടെ ഇമാം പുരുഷന്മാരായിരിക്കല്‍ നിര്‍ബന്ധമാണ്. പുരുഷന്മാര്‍ സ്ത്രീകളെ തുടര്‍ന്ന് നിസ്കരിച്ചാല്‍ സാധുവാകുന്നതല്ല.

ജമാ‌അത്തില്‍ ശ്രദ്ധിക്കേണ്ടത് : -

ജമാ‌അത്തായി നിസ്കരിക്കാന്‍ പള്ളിയില്‍ വരുന്നവര്‍ ഇഖാമത്തിനു മുമ്പായി സുന്നത്ത് നിസ്കരിക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ ആ സുന്നത്ത് നിസ്കാരം ഇഖാമത്തിനു മുമ്പ് പൂര്‍ത്തിയാക്കാന്‍ സമയമില്ലെങ്കില്‍ അതില്‍ പ്രവേശിക്കല്‍ കറാഹത്താണ്.

തഹിയ്യത്ത് നിസ്കാരമാണെങ്കിലും കറാഹത്ത് തന്നെയാണ്. ഇങ്ങനെ വൈകി വരുന്നവര്‍ ഫര്‍ളിന്റെ നിയ്യത്ത് ചെയ്യുമ്പോള്‍ തഹിയ്യത്തിനെയും കൂടി കരുതിയാല്‍ അതിന്റെ കൂലി കൂടി ലഭിക്കുന്നതാണ്. മസ്‌ജിദുല്‍ ഹറാമിലേക്ക് പ്രവേശിച്ചാലുള്ള തഹിയ്യത്ത് ത്വവാഫാണെന്ന് ഓര്‍ക്കുമല്ലോ. ത്വവാഫിന് സാധിക്കാതെ വരുമ്പോള്‍ മാത്രമേ അവിടെ രണ്ട് റക‌അത്ത് നിസ്കരിച്ച് തഹിയ്യത്ത് നിര്‍വ്വഹിക്കാവൂ.

ഇമാമിനോട് തുടര്‍ന്ന് തക്‍ബീര്‍ ചൊല്ലാനുള്ള ധൃതിയില്‍ എവിടെയെങ്കിലും വന്നു നിന്നു നിസ്കാരത്തില്‍ പ്രവേശിക്കുന്നതില്‍ പല തെറ്റുകളുമുണ്ടാകാറുണ്ട്. മുമ്പിലെ അണിയില്‍ സ്ഥലം ഒഴിവുള്ളതോടെ പിന്നില്‍ നില്‍ക്കല്‍ കറാഹത്താണ്.

ഇമാമിന്റെ വലതു ഭാഗം മഹത്വമുള്ളതാണെന്നും അവിടെ ചെന്ന് നില്‍‌ക്കണമെന്നുള്ള ആഗ്രഹത്തില്‍ ഇടതുഭാഗത്തുള്ളവരേക്കാള്‍ കൂടുതല്‍ പേര്‍ വലതു ഭാഗത്തു വന്നുനില്‍ക്കുന്നതും കറാഹത്താണ്. ഇമാമിനെ മധ്യത്തിലാക്കി അണിയില്‍ രണ്ടു ഭാഗവും സമമായി നില്‍ക്കുകയാണ് വേണ്ടത്. ഒരു ഭാഗത്ത് കൂടുതല്‍ ആളുകള്‍ നില്‍ക്കല്‍ കാറാഹത്താണ്. ഇമാമിനോട് അടുത്തടുത്ത് നില്‍ക്കല്‍ കൂടുതല്‍ പുണ്യമുള്ളതാണ്. അടുത്ത് നിന്ന ഒരാള്‍ മറ്റൊരാള്‍ക്ക് വേണ്ടി ആ സ്ഥലം ഒഴിഞ്ഞ്കൊടുത്ത് ദൂരെനില്‍ക്കലും ഒന്നാം അണിയില്‍ നിന്നവന്‍ മറ്റൊരാള്‍ക്ക് വേണ്ടി ഒഴിഞ്ഞ് കൊടുത്ത് രണ്ടാം അണിയില്‍ നില്‍ക്കലും കറാഹത്തു തന്നെയാണ്. ഉസ്താദിനു വേണ്ടിയോ മറ്റോ ആയിരുന്നാലും കറാ‍ഹത്താണ്.

പള്ളിയിലാകുമ്പോള്‍ ഇടതുഭാഗത്തും വലതുഭാഗത്തുമുള്ള രണ്ടു ചുമരുകളോ മറ്റോ അണികളുടെ അറ്റമായി ഗണിക്കപ്പെടുന്നതാണ്. മൈതാനത്താകുമ്പോള്‍ നിസ്കരിക്കാന്‍ തയ്യാറാക്കിയ സ്ഥലത്തിന്റെ രണ്ടറ്റങ്ങളോ മറ്റോ അണികളുടെ പരിധിയായി ഗണിക്കണം. ഈ പരിധിവരെ അണി പൂര്‍ത്തിയാകും‌മുമ്പ് മറ്റൊരു അണി ആരം‌ഭിക്കല്‍ കറാഹത്താണ്. അണികള്‍ക്കിടയില്‍ തൂണോ ചുവരോ മിമ്പറോ ഉണ്ടാകുന്നതിനു വിരോധമില്ല.

No comments:

Post a Comment