ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Tuesday, April 13, 2010

ജമാ‍അത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 6

ഫാതിഹ പൂര്‍ണ്ണമായി ഓതാന്‍ സമയം ലഭിക്കാത്തവന്‍ കിട്ടിയ സമയം വജ്ജഹ്‌ത്തു ഓതാനോ മറ്റു സുന്നത്തിലേക്കോ തിരിക്കരുത്. ഫാതിഹയില്‍ നിന്ന് സാധിക്കുന്നത്ര ഓതുകയും ഇമാമിന്റെ കൂടെ റുകൂഅ് ചെയ്യുകയുമാണ് വേണ്ടത്.

അങ്ങനെ ഇമാമിന്റെ കൂടെ റുകൂഇലെത്തുകയും അടക്കം കിട്ടുകയും ചെയ്താല്‍ അവന് ആ റക‌അത്ത് ലഭിക്കും. ഇനി ഇമാമിന്റെ കൂടെ അടക്കം കിട്ടിയില്ലെങ്കില്‍ ആ റക‌അത്ത് നഷ്ടപ്പെടും. ഇമാം സലാം വീട്ടിയ ശേഷം ഒരു റക‌അത്ത് നിസ്കരിക്കണം.

ഫാതിഹക്ക് സമയം ലഭിക്കാത്തവന്‍ അറിയാതെയോ മറ്റോ സുന്നത്തില്‍ വ്യാപൃതനാവുകയോ ഒന്നും ഓതാതെ നില്‍‌ക്കുകയോ ചെയ്താല്‍ അത്രയും സമയം ഫാതിഹ നിര്‍ബന്ധമായും ഓതണം. ഓതിയ ശേഷം റുകൂഅ് ചെയ്യുകയും ഇമാമോടു കൂടി അടക്കം കിട്ടുകയും ചെയ്താല്‍ ആ റക‌അത്ത് അവന് ലഭിക്കും.

ഇനി ഫാതിഹയില്‍ നിന്ന് അത്രയും സമയം ഓതിയപ്പോഴേക്കും ഇമാം റുകൂ‌ഇല്‍ നിന്ന് ഉയര്‍ന്നാല്‍ ഇമാമോട് കൂടി യോജിക്കുകയും അവസാനം ഒരു റക‌അത്ത് കൂടി നിസ്കരിക്കുകയും വേണം. ഇനി ഇമാം സുജൂദിലേക്ക് കുനിയുന്നത് വരെ ഫാതിഹയില്‍ നിന്ന് നിര്‍ബന്ധമുള്ളത്ര ഓതിക്കഴിഞ്ഞില്ലെങ്കില്‍ ഇമാമിനെ നിര്‍ബന്ധമായും വിട്ട് പിരിയണം. കാരണം തുടര്‍ന്ന്കൊണ്ടിരിക്കുമ്പോള്‍ രണ്ടു ഫര്‍ള് കൊണ്ട് ഇമാമിനേക്കാള്‍ പിന്തുവാനോ നിര്‍ബന്ധമുള്ളത്ര ഫാതിഹ ഓതാതെ ഇമാമിനോട് യോജിക്കാനോ പാടില്ലാത്തതാണ്.

ഇമാമുമായി തുടര്‍ച്ചക്ക് തടസ്സമുണ്ടാകാത്ത വിധം സുന്നത്തുകളില്‍ യോജിക്കേണ്ടതാണ്. അപ്പോള്‍ സുജൂദ് സുന്നത്തുള്ള ആയത്ത് ഇമാം ഓതുമ്പോള്‍ ഇമാം സുജൂദ് ചെയ്യാതെ മ‌അ്മൂം മാത്രം ചെയ്യുകയോ ഇമാം ചെയ്യുമ്പോള്‍ മ‌അമൂം ഉപേക്ഷിക്കുകയോ ചെയ്താല്‍ മ‌അമൂമിന്റെ നിസ്കാരം അസാധുവാകുന്നതാണ്.

മ‌അമൂമിന്റെ വിശ്വാസപ്രകാരം ഇമാമിന്റെ നിസ്കാരം സാധുവാകേണ്ടതാണ്. ഫാതിഹയില്‍ ബിസ്മി ചൊല്ലല്‍ നിര്‍ബന്ധമാണെന്ന് വിശ്വസിക്കുന്നവര്‍ ബിസ്മി ചൊല്ലാത്ത ഇമാമിനെ തുടര്‍ന്നാല്‍ നിസ്കാരം സാധുവാകുന്നതല്ല. സ്ത്രീകളെ തൊട്ടാല്‍ വുളു മുറിയുമെന്ന് വിശ്വസിക്കുന്നവര്‍ അതു കൊണ്ട് വുളു മുറിഞ്ഞ ഇമാമിനെ തുടര്‍ന്നാല്‍ സാധുവാകുന്നതല്ല.

No comments:

Post a Comment